രണ്ടാംവര്‍ഷവും ചിട്ടയോടെ ബാദലിന്റെ വ്രതാനുഷ്ഠാനം; പിന്തുണയുമായി ഭാര്യ ഷൈനിയും

കോട്ടയ്ക്കല്‍: ബാദല്‍ ഒരു ഹിന്ദുമത വിശ്വാസിയാണ്. പക്ഷേ, റംസാന് നോമ്പനുഷ്ഠിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മലപ്പുറത്ത് കനറാബാങ്കില്‍ കാഷ് ഗാര്‍ഡായി ജോലിചെയ്യുന്ന നിലമ്പൂര്‍ മുതുകാട് സ്വദേശി കെ. ബാദല്‍ ആണ് രണ്ടാംവര്‍ഷവും ചിട്ടയോടെ റംസാന്‍ വ്രതമെടുക്കുന്നത്.പതിനേഴുവര്‍ഷം പട്ടാളത്തിലായിരുന്ന ബാദല്‍ പട്ടാളത്തിലെ അതേ കണിശത വ്രതാനുഷ്ഠാനത്തിലും പുലര്‍ത്തുന്നു. കാര്‍ഗില്‍ യുദ്ധത്തിലും ഒ.പി. പരാക്രമിലുമെല്ലാം പങ്കെടുത്തിട്ടുള്ള അദ്ദേഹം 2010-ലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്.
പട്ടാളത്തിലായിരുക്കുമ്പോഴേ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷം മുതലാണ് ആ ആഗ്രഹം സാധിക്കുന്നതെന്ന് ബാദല്‍ പറഞ്ഞു. പുലര്‍ച്ചെ ബാങ്കുവിളിക്കുമുന്‍പേ ഭക്ഷണമൊരുക്കിത്തന്ന് അധ്യാപികയായ ഭാര്യ ഷൈനിയും വ്രതാനുഷ്ഠാനത്തിന് പിന്തുണയ്ക്കുന്നു. പണവുമായി വാഹനത്തില്‍ പോകുമ്പോള്‍ കൂടെയുണ്ടാകാറുള്ള ഡ്രൈവര്‍ ജാഫര്‍, മറ്റൊരു ജീനക്കാരന്‍ അബ്ദുള്‍മജീദ് തുടങ്ങിയവരുടെ മാനസികപിന്തുണയുമുണ്ട്. വൈകുന്നേരം ജോലികഴിഞ്ഞ് മലപ്പുറത്തുനിന്ന് വീട്ടിലെത്താന്‍ ഒന്നരമണിക്കൂര്‍ യാത്രയുണ്ട്. നോമ്പുതുറസമയമായാല്‍ വഴിയില്‍വെച്ച് കൈയില്‍ കരുതുന്ന കാരയ്ക്കയും അണ്ടിപ്പരിപ്പും വെള്ളവുമെടുത്ത് നോമ്പുതുറക്കും.
ശരീരത്തിന്റെ ആരോഗ്യത്തിനു ഗുണകരമാകുമെന്നതിനാലാണ് നോമ്പെടുക്കുന്നത്. കഴിഞ്ഞവര്‍ഷം നോമ്പെടുത്തപ്പോള്‍ അതു ബോധ്യമായതാണ്. മറ്റുസമയങ്ങളില്‍ യോഗ ചെയ്യാറുണ്ട് -അദ്ദേഹം പറഞ്ഞു.
Content Highlights: nilambur native badal ramzan fasting