ആത്മീയവെളിച്ചത്തില്‍ അവര്‍ ജുമുഅ നയിച്ചു

മലപ്പുറം: ആദ്യ വെള്ളിയാഴ്ചയുടെ അനുഗൃഹീത ജുമുഅ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കാന്‍ അവര്‍ക്ക് കണ്ണിലെ ഇരുട്ട് തടസ്സമായില്ല. ആത്മീയ വെളിച്ചത്തെ മുന്‍നിര്‍ത്തി അവര്‍ മൂവരും ജുമുഅയ്ക്കും ഖുത്തുബയ്ക്കും നമസ്‌കാരത്തിനുമെല്ലാം മുന്നില്‍നിന്നു. മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ചടങ്ങുകള്‍ക്കാണ് കാഴ്ചപരിമിതിയുള്ള ഷബീര്‍ അലി, ഉമറുല്‍ അഖ്സം, സിനാന്‍ എന്നിവര്‍ നേതൃത്വം നല്‍കിയത്. കേരളത്തില്‍ത്തന്നെ ആദ്യമായിട്ടാണ് പൂര്‍ണമായി ജുമുഅ കര്‍മങ്ങള്‍ക്ക് ഭിന്നശേഷി പണ്ഡിതര്‍ നേതൃത്വം നല്‍കുന്നത്.
മൂന്നുപേരും മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ഥികളാണ്. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ഷബീറിന്റെ വശ്യമനോഹരമായ ഖുതുബയും പാരായണ ശൈലിയും വിശ്വാസികളുടെ മനം കുളിര്‍പ്പിച്ചു. എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതിമാരുടെ മൂത്ത മകനാണ്. ബാങ്ക് വിളി, മആശിറക്ക് നേതൃത്വം നല്‍കിയ ഉമറുല്‍ അഖ്‌സം കാപ്പാട് സ്വദേശി ഹമീദ്-സൈനബ ദമ്പതിമാരുടെ മകനാണ്. ഹയര്‍സെക്കന്‍ഡറി ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ അഖ്‌സം ഖുര്‍ആന്‍ പാരായണം, മദ്ഹ് ഗീതങ്ങള്‍ എന്നിവയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ജുമുഅയ്ക്ക് ശേഷം പ്രഭാഷണത്തിന് നേതൃത്വംനല്‍കിയ ഹാഫിള് സിനാന്‍ പെരുവള്ളൂര്‍ തേനത്ത് ശംസുദ്ദീന്‍ സ്വഫിയ്യ ദമ്പതിമാരുടെ മകനാണ്. ഇവരുടെ കഴിവുകള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
Content Highlights: blind priests leads jumua prayer in malappuram