പുണ്യമാസത്തിനായൊരുങ്ങി അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്

അബുദാബി: പുണ്യമാസത്തില്‍ വിശ്വാസികളെയും സന്ദര്‍ശകരെയും വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്.
കഴിഞ്ഞ റംസാനില്‍ 6,84,945 ആളുകളാണ് മോസ്‌കിലെത്തിയത്. റംസാനിലെ ഏറെ സവിശേഷതയുള്ള 27-ാം രാവിലെ പ്രാര്‍ഥനയ്ക്ക് മാത്രമായി 60,000-ത്തിലേറെ വിശ്വാസികള്‍ എത്തിയിരുന്നു.
റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് 24 മണിക്കൂറും മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്‍കാനായി പ്രത്യേക സമിതികളും സംഘങ്ങളും രൂപവത്കരിച്ചു. റംസാനിലെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായി കൂടിയാലോചനകള്‍ നടത്തി.
മോസ്‌കിലെ സേവനനിലവാരം ഉയര്‍ത്താനായി 580-ലേറെ സന്നദ്ധപ്രവര്‍ത്തകരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പാര്‍ക്കിങ് പ്രദേശത്തുനിന്ന് പ്രാര്‍ഥനാഹാളുകളിലേക്ക് ആളുകളെ കൊണ്ടുപോകാനായി 70-ലേറെ വൈദ്യുതകാറുകളുണ്ടാകും. പ്രായമായവര്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ എന്നിവര്‍ക്ക് സേവനങ്ങളില്‍ മുന്‍ഗണനനല്‍കും.
ഈ വര്‍ഷം 1800 അധിക പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ മൊത്തം പാര്‍ക്കിങ് സ്ഥലങ്ങളുടെ എണ്ണം 8379 ആയി ഉയര്‍ന്നു. ഇതില്‍ സ്ത്രീകള്‍ക്ക് 1500-ഉം നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് 60-ലേറെയും പാര്‍ക്കിങ് സൗകര്യങ്ങളുണ്ട്.
സന്ദര്‍ശകര്‍ക്കായി 3515 കസേരകളും 50 വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇഫ്താര്‍ സമയം അറിയിക്കുന്നതിന് പരമ്പരാഗത പീരങ്കി പ്രയോഗങ്ങളുമുണ്ടാകും. അബുദാബി മീഡിയ ടി.വി. ചാനലുകളിലൂടെ പീരങ്കിപ്രയോഗം തത്സമയം കാണാം. ഓരോവര്‍ഷത്തിലും റംസാന്‍ മാസത്തില്‍ ലക്ഷക്കണക്കിനാളുകളാണ് മോസ്‌ക് സന്ദര്‍ശിക്കുന്നത്. റംസാന്റെ അവസാന പത്തില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കാറുണ്ട്.
Content Highlights: abu dhabi sheikh zayed mosque welcomes ramadan