റംസാന്‍ 27-ാം രാവ് പ്രാര്‍ഥനാസമ്മേളനം: പതാക ഉയര്‍ന്നു

റംസാൻ 27-ാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാ സമ്മേളനപരിപാടികൾക്ക് തുടക്കംകുറിച്ച് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർചേർന്ന് പതാക ഉയർത്തുന്നു
റംസാൻ 27-ാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാ സമ്മേളനപരിപാടികൾക്ക് തുടക്കംകുറിച്ച് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർചേർന്ന് പതാക ഉയർത്തുന്നു

മലപ്പുറം: റംസാന്‍ 27-ാം രാവായ ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷതവഹിച്ചു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറിമാരായ ദുല്‍ഫുഖാര്‍ അലി സഖാഫി, പി.പി. മുജീബ്‌റഹ്‌മാന്‍, അബ്ദുസമദ് ഹാജി മൈലപ്പുറം, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ ചരിത്രപഠനം സെഷന്‍ നടക്കും. ചരിത്രകാരന്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വംനല്‍കും. വൈകീട്ട് നാലിനു സകാത്ത് പഠനസംഗമം നടക്കും.

സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്‌റാഹിം ബാഖവി ക്ലാസെടുക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് സ്വലാത്ത് നഗര്‍ മഹല്ല് ഖാസിയായിരുന്ന സി.കെ. മുഹമ്മദ് ബാഖവി അനുസ്മരണസംഗമം നടക്കും. വൈകുന്നേരം നാലിനു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേരുന്ന വിഭവ സമാഹരണ യാത്രയ്ക്ക് സ്വീകരണം നല്‍കും.

വെള്ളിയാഴ്ച വൈകുന്നേരം നാലിനു പ്രാര്‍ഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള 24 മണിക്കൂര്‍ ഇഅതികാഫ് ജല്‍സ സമസ്തസെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. പ്രാര്‍ഥനാ സമ്മേളന ദിനമായ ശനിയാഴ്ച രാവിലെ മുതല്‍ വിവിധ ആത്മീയ വൈജ്ഞാനിക ചടങ്ങുകള്‍ നടക്കും. ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ് രിയ്യീന്‍, മൂന്നിനു അസ്മാഉല്‍ ഹുസ്‌നാ മജ്ലിസ്, അഞ്ചിനു വിര്‍ദുല്ലത്വീഫ് എന്നിവ നടക്കും. ശേഷം ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന ഗ്രാന്റ് ഇഫ്ത്താര്‍ സംഗമം നടക്കും.

പള്ളിയിലും ഗ്രൗണ്ടുകളിലുമായി അവ്വാബീന്‍, തറാവീഹ്, വിത്വ്‌റ് നിസ്‌കാരങ്ങള്‍ ഉണ്ടാകും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശപ്രഭാഷണം നടത്തും.

Content Highlights: ramadan malappuram swalath nagar