പുണ്യങ്ങളുടെ പ്രാര്‍ഥനാരാവില്‍ വിശ്വാസിലക്ഷങ്ങള്‍

മലപ്പുറം: റംസാന്‍ 27-ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ സ്വലാത്ത് നഗറിലെത്തി. ശനിയാഴ്ച രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സമാപന പരിപാടികള്‍ തുടങ്ങി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷനായി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞയ്ക്കും സമാപനപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി. വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ഉദ്ബോധനവും നടന്നു.
മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം കൂടിയാണ് നടന്നത്. ശനിയാഴ്ച പുലര്‍ച്ചെമുതല്‍തന്നെ വിശ്വാസികള്‍ ചെറുസംഘങ്ങളായി നഗറിലെത്തി. പ്രഭാതം മുതല്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ വിവിധ ആത്മീയസദസ്സുകളും നടന്നു.
ഉച്ചയ്ക്ക് ഒന്നിന് അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്ലിസോടെ പരിപാടികള്‍ തുടങ്ങി. വൈകീട്ട് മെഗാ ഇഫ്താറുണ്ടായി. മഗ്രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്‍ഡ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലുമായി നടന്നു.
ഡോ. അഹ്‌മദ് അവ്വാദ് ജുമുഅ അല്‍ കുബൈസി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കെ.കെ. അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഅദിന്‍ അക്കാദമിയുടെ സംരംഭങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഫാമിലി ആപ്പിന്റെ ലോഞ്ചിങ് കാന്തപുരം നിര്‍വഹിച്ചു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചന നിര്‍വഹിച്ച ഉള്ളാള്‍ തങ്ങളുടെ ഇംഗ്ലീഷിലുള്ള സമഗ്ര ജീവചരിത്രം ഇ. സുലൈമാന്‍ മുസ്ലിയാര്‍ക്ക് കോപ്പി നല്‍കി കാന്തപുരം പ്രകാശനം ചെയ്തു.
വിശ്വാസികള്‍ ആത്മീയചൈതന്യം തുടരണം
വ്രതവിശുദ്ധിയുടെ നാളുകളില്‍ ആര്‍ജിച്ചെടുത്ത ആത്മീയചൈതന്യം തുടര്‍ന്നും സംരക്ഷിക്കണം. ഖുര്‍ആന്‍ പാരായണവും ദാനധര്‍മവുമടക്കമുള്ള ആരാധനകളെല്ലാം ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാക്കി മാറ്റണം.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണ്. കൃത്യമായ രാഷ്ട്രീയബോധമുണ്ടാകണം. ജനാധിപത്യപരമായ സമ്മതിദാനാവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം.
-കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍
ലോകസമാധാനത്തിനുള്ള പ്രാര്‍ഥന വിശ്വാസിയുടെ കടമ
വിശുദ്ധ റംസാനില്‍ ലോകസമാധാനത്തിനും ശാന്തിക്കുമുള്ള പ്രാര്‍ഥന വിശ്വാസികളുടെ കടമയാണ്. ഒറ്റപ്പെട്ട് കഴിയേണ്ടവരല്ല വിശ്വാസി. തന്റെ ഒപ്പമുള്ളവരുടെ വേദനകള്‍ക്ക് ശമനം നല്‍കാനും തളരുന്നവര്‍ക്ക് താങ്ങാവാനുമുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്. മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രാര്‍ത്ഥനകള്‍കൊണ്ടും ലോകമെമ്പാടും പതിതര്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ മതത്തിന്റെയും വര്‍ഗീയചിന്തകളുടെയും പേരില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം.
-സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
Content Highlights: ramadan malappuram swalath nagar