ആരെയും മാറ്റിനിര്‍ത്തിയില്ല, സ്‌നേഹമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ഹൃദയം- മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: പ്രകൃതി ദൈവത്തിന്റെ വരദാനമാണെന്നായിരുന്നു കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍പാപ്പയുടെ ചാക്രിക ലേഖനങ്ങളിലെല്ലാം ഒരു ജനകീയ മുഖമുണ്ട്. അദ്ദേഹം ആദ്യമെഴുതിയ ചാക്രിക ലേഖനമാണ് ലൗദാതോ സി. അതില്‍ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്, പ്രകൃതിയെ ചൂഷണം ചെയ്യാന്‍ പാടില്ല, മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങണം, ഒത്തുചേര്‍ന്നുപോകണം അതിനെ നശിപ്പിക്കാന്‍ പാടില്ല, ദൈവത്തിന്റെ മഹത്വം പ്രകൃതിയിലൂടെ പ്രകടിപ്പിക്കണമെന്ന ആഹ്വാനമാണ് ലൗദാതോ സിയില്‍ ആഹ്വാനം ചെയ്തു മാര്‍പാപ്പ.
2015ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചാക്രിക ലേഖനമായ ഫ്രാതെല്ലി തുതിയില്‍ എല്ലാവരും സഹോദരങ്ങളെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവെയ്ക്കുന്നത്. സഭ എന്നത് സര്‍വര്‍ക്കും സ്വീകാര്യമായ ദൈവത്തിന്റെ ശുശ്രൂഷയാണ്. ആരെയും മാറ്റി നിര്‍ത്താത്ത ആരെയും വേര്‍തിരിച്ചു കാണാത്ത സമീപനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അതുകൊണ്ട് തന്നെ കലഹിക്കുന്ന, യുദ്ധമുള്ള സ്ഥലങ്ങളിലൊക്കെ മാര്‍പാപ്പ ഇടപെട്ടു. എല്ലാവരെയും ഒന്നിച്ചുചേര്‍ക്കുന്ന പാലമാകണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിരീശ്വരന്മാരാണെന്നോ, യുക്തിവാദികളാണെന്നോ പറഞ്ഞ് ആളുകളെ മാറ്റിനിര്‍ത്തുന്നതിനോട് അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല.
ലൈംഗിക ന്യൂനപക്ഷങ്ങളോട് സഭയുടെ ചട്ടക്കൂടില്‍ നിന്ന് സംസാരിക്കുന്നതിന് പകരം ധൂര്‍ത്തപുത്രനോട് സംസാരിക്കുന്ന നല്ല പിതാവിന്റെ സമീപനത്തോടെ അവരും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല എന്നാണ് മാര്‍പാപ്പ സ്വീകരിച്ച സമീപനം. അദ്ദേഹത്തിന്റെ കര്‍മപദ്ധതിയുടെ മുഴുവന്‍ ഹൃദയവും സ്‌നേഹമാണ്. നല്ലവരായ ആളുകളെ മാത്രം സ്‌നേഹിക്കാതെ നല്ലവരല്ലെന്ന് നമ്മള്‍ കരുതുന്നവരേപ്പോലും മാറ്റിനിര്‍ത്താതെ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന് വിശ്വസിച്ച ആളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും അദ്ദേഹം അനുസ്മരിച്ചു.
Content Highlights: mar raphael thattil speaks about Pope Francis