പാകിസ്താന് പണം നല്‍കിയാല്‍ ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നപോലെ; ഐ.എം.എഫില്‍ ഇന്ത്യ

Pic Reuters
Pic Reuters

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യനിധിയില്‍ (ഐഎംഎഫ്) പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന് പണം നല്‍കിയാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിന് പണം നൽകുന്നത് പോലെയാകുമെന്നും ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നുവെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നുകൊണ്ട്  ഇന്ത്യ പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന്  ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിവ്യൂ ഐഎംഎഫ് പരിഗണിക്കുകയാണ്. 

പാകിസ്താന്റെ മോശം ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. 

ഭീകരവാദത്തിന് പണം ദുരുപയോഗംചെയ്യുന്നത് തടയാനായി രാജ്യാന്തരതലത്തിലുള്ള നിരീക്ഷകസംവിധാനമായ സാമ്പത്തികകര്‍മസമിതിയുടെ 'ഗ്രേ' പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്താനുള്ള നീക്കവും ഇന്ത്യ ശക്തിപ്പെടുത്തുമെന്നാണ് വിവരം. ജമ്മു-കശ്മീരിലേക്ക് അനധികൃതപണത്തിന്റെ ഒഴുക്കിന് തടയിടുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

Content Highlights: India abstains from voting on IMF bailout for Pakistan, cites its 'poor track record'