ഭാരം കുറയ്ക്കുക ചില്ലറ പണിയല്ല, മെഡല്‍ മത്സരത്തലേന്ന് ഒരുപോള കണ്ണടയ്ക്കാതെ മൂന്നരക്കിലോ കുറച്ചു- അമൻ

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ 100 ഗ്രാം അധിക ഭാരത്തിന്റെ പേരിലാണ് ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഫൈനല്‍ മത്സരവും അതുവഴി ഉറപ്പായ വെള്ളി മെഡലും നഷ്ടമായത്. തലേരാത്രി മുഴുവന്‍ കിണഞ്ഞു ശ്രമിച്ചിട്ടും 50 കിലോഗ്രാം ശരീരഭാരത്തിലേയ്ക്ക് എത്താൻ വിനേഷിന് കഴിഞ്ഞില്ല. ഭാരപരിശോധനയില്‍ 100 ഗ്രാം മാത്രം അധികമുണ്ടായതിന്റെ പേരില്‍ ഫൈനല്‍ യോഗ്യത നഷ്ടമാവുകയായിരുന്നു.
ഭാരം കുറയ്ക്കുക എന്നത് ചില്ലറ പണിയല്ലെന്നാണ് പാരീസിലെ വെങ്കല മെഡല്‍ ജേതാവ് അമന്‍ ഷെറാവത്തിന്റെ അനുഭവങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ലഭിക്കാതെ, ഉറങ്ങാന്‍വരെ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്ന് അമന്‍ പറഞ്ഞു. മെഡല്‍ മത്സരത്തിന്റെ തലേന്ന് മൂന്നരക്കിലോ കുറയ്‌ക്കേണ്ടതുണ്ടായിരുന്നെന്നും ഒരു മിനിറ്റ് പോലും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സിന്റെ 15-20 ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ഭാരം കുറയ്ക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. പക്ഷേ, മത്സരത്തിനിടെ ഭാരം ഒരു പ്രശ്‌നമായി. എന്റെ ഭാരം മൂന്നരക്കിലോ വര്‍ധിച്ചു. രാത്രി മുഴുവന്‍ അത് കറയ്ക്കാനായി ഉണര്‍ന്നിരിക്കേണ്ടതുണ്ടായിരുന്നു. അവസാനം ഒരു തുള്ളി വെള്ളത്തിനായി വരെ ആഗ്രഹിച്ച് നിരാശരാകും. മത്സരത്തിന്റെ തലേന്ന് രാത്രി മാത്രമല്ല, രണ്ടുദിവസം മുന്‍പുതന്നെ ഉറങ്ങാന്‍ പ്രയാസമാകും. അന്നുമുതല്‍ തൊണ്ട നനയ്ക്കാതെ നിലനിര്‍ത്തണം. ഒന്നും കഴിക്കാതിരുന്നാല്‍, നിങ്ങള്‍ക്ക് എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുക? അമന്‍ ചോദിക്കുന്നു.
Content Highlights: wrestler aman sehrawat narrates weight cut brutality