ഇനിയെല്ലാം കായിക തര്‍ക്കപരിഹാര കോടതിയുടെ കൈയില്‍; പാരീസ് വിട്ട് വിനേഷ് ഫോഗട്ട്

Photo: Getty Images
Photo: Getty Images

പാരീസ്: ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കിയതുസംബന്ധിച്ച ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലിരിക്കെ പാരീസില്‍ നിന്ന് മടങ്ങി ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ അവസാനിച്ചതിനു പിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് അമന്‍ ഷെരാവത്തിനൊപ്പമാണ് വിനേഷ് നാട്ടിലേക്ക് തിരിച്ചത്. ഇരുവരും ചൊവ്വാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിനിടെ ഗുസ്തി, ഭാരോദ്വഹനം, ബോക്‌സിങ്, ജൂഡോ പോലുള്ള കായിക ഇനങ്ങളില്‍ താരങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‌ലറ്റിന്റെയും അവരുടെ പരിശീലകരുടെയും ചുമതലയാണെന്ന പ്രസ്താവനയുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ രംഗത്തെത്തി. ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകമാണ് ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെ തുടര്‍ന്ന് ഒളിമ്പിക് കമ്മിറ്റി വിനേഷിന് അയോഗ്യത കല്‍പ്പിച്ചത്. ഏഴാം തീയതിനായിരുന്നു ഫൈനല്‍. തുടര്‍ന്ന് തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അയോഗ്യതയ്‌ക്കെതിരെ വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമാണ് എതിര്‍കക്ഷികള്‍.

വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ ഹാജരായത്. വിനേഷിന്റെ അയോഗ്യത ഉത്തേജകമരുന്ന് ഉപയോഗം പോലുള്ള മോശം പ്രവൃത്തിയുടെ പേരിലല്ലെന്നും ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലായി കണ്ടതിനെ തുടര്‍ന്നായിരുന്നുവെന്നും വിനേഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. വിനേഷിന് അനുകൂലമായ വിധിയുണ്ടാകുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. കോടതി ഫോഗട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ പങ്കുവെയ്‌ക്കേണ്ടതായി വരും.

അതേസമയം വിനേഷ് ഫോഗട്ടിന് ഒളിമ്പിക് വെള്ളിമെഡല്‍ അനുവദിക്കുന്നതില്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി ചൊവ്വാഴ്ച ഉണ്ടായേക്കും. ഇന്ത്യന്‍സമയം രാത്രി 9.30-നുമുന്‍പ് വിധിപറയാന്‍ സാധിച്ചേക്കുമെന്നാണ് കോടതി ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്. നേരത്തേ ഒളിമ്പിക്സ് തീരുംമുന്‍പേ വിധിപറയുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍, പ്രത്യേകകാരണമൊന്നും പറയാതെ വിധിപറയുന്ന ദിവസം ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇരുകക്ഷികളോടും കൂടുതല്‍ രേഖകളെന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ ഞായറാഴ്ച വൈകുന്നേരത്തിനുമുമ്പേ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുകൂട്ടരും രേഖകള്‍ സമര്‍പ്പിച്ചിരുന്നു.

Content Highlights: Indian wrestler Vinesh Phogat returns from Paris as her disqualification appeal awaits verdict