വെള്ളിയോ അതോ? വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്ന് 9.30-ന് മുമ്പ്

Photo: PTI
Photo: PTI

ലുസാന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ലോക കായിക തര്‍ക്ക പരിഹാര കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി ശനിയാഴ്ച. ഫൈനലിന് മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് താരം ഒളിമ്പിക്‌സില്‍ നിന്നുതന്നെ അയോഗ്യയാക്കപ്പെട്ടത്. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ചാണ് താരം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30-ന് മുമ്പായി ഈ വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അപ്പീലില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. പാരീസ് ഒളിമ്പിക്സ് അവസാനിക്കുന്നതിന്  മുമ്പ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  ഒളിമ്പിക്സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്. ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്. 

വിനേഷിന്റെ അപ്പീലില്‍ വെള്ളിയാഴ്ച കോടതി മൂന്നു മണിക്കൂര്‍ വാദംകേട്ടു. കായികരംഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വ്യവഹാരത്തിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണ് കായിക തര്‍ക്ക പരിഹാര കോടതി.

വിനേഷിന്റെ അയോഗ്യത ഉത്തേജകമരുന്ന് ഉപയോഗം പോലുള്ള മോശം പ്രവൃത്തിയുടെ പേരിലല്ലെന്നും ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലായി കണ്ടതിനെ തുടര്‍ന്നായിരുന്നുവെന്നും വിനേഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. വിനേഷിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ വാദമുന്നയിച്ചത്.

Content Highlights: Vinesh Phogat appeal verdict on her disqualifcation