സെമിഫൈനലിനു പിന്നാലെ ഭാരം 61.5 കി.ഗ്രാം; 10 മണിക്കൂറുകൊണ്ട് അമന്‍ കുറച്ചത് 4.6 കിലോ

പുരുഷന്‍മാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ അമന്‍ ഷെരാവത്ത് വെങ്കല പോരാട്ടത്തിനുമുമ്പുള്ള 10 മണിക്കൂറിനിടെ കുറച്ചത് 4.6 കിലോ ഗ്രാം ഭാരം. സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ അമന്റെ ഭാരം 61.5 കിലോഗ്രാമായി കൂടിയിരുന്നു. ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിന്റെ ഞെട്ടലിലായിരുന്ന ഇന്ത്യന്‍ ക്യാമ്പിനു മുന്നില്‍ മറ്റൊരു സമ്മര്‍ദഘട്ടം. എന്നാല്‍ കൃത്യമായ നീക്കങ്ങളിലൂടെ പരിശീലക സംഘം മത്സരത്തിനു മുമ്പ് അമന്റെ ഭാരം 56.9 കിലോയിലെത്തിച്ചു.
വ്യാഴാഴ്ച 09:45 PM, സെമിഫൈനല്‍
57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഇനത്തിലാണ് അമന്‍ ഷെരാവത്ത് മത്സരിച്ചത്. സെമിയില്‍ എതിരാളി ജപ്പാന്റെ റെയ് ഹിഗുച്ചി. 10-0ത്തിന് തോറ്റെങ്കിലും അമന്‍ വെങ്കലമെഡല്‍ മത്സരത്തിനായി യോഗ്യതനേടി. രണ്ടുമിനിറ്റ് 14 സെക്കന്‍ഡായിരുന്നു മത്സരം.
സെമി മത്സരശേഷം ശരീരഭാരം പരിശോധിക്കുന്നു. 61.5 കിലോ
മത്സരദിവസം രാവിലെ ഭാരപരിശോധനയുണ്ട്. അതായത് വെള്ളിയാഴ്ച ഇന്ത്യന്‍സമയം രാവിലെ പരിശോധന. ഇനി അമനും ടീമിനും ബാക്കിയുള്ളത് തൂക്കംകുറയ്ക്കാന്‍ ഏകദേശം പത്തുമണിക്കൂര്‍ സമയം.
10:00 PM
മാറ്റ് സെഷന്‍: ഒന്നരമണിക്കൂര്‍ മാറ്റ് സെഷന്‍. അവിടെ അമന്‍ തന്റെ രണ്ട് മുതിര്‍ന്ന പരിശീലകരുടെ നേതൃത്വത്തില്‍ ഗുസ്തിയില്‍ ഏര്‍പ്പെട്ടു.
ഹോട്ട്-ബാത്ത് സെഷന്‍: വിയര്‍ക്കാനും ശരീരഭാരം കുറയ്ക്കാനും ചൂടുവെള്ളത്തില്‍ ഒരു മണിക്കൂര്‍ കുളി
വെള്ളിയാഴ്ച 12:30 AM
ജിം സെഷന്‍: 12.30-ന് അമനും പരിശീലകരും ജിമ്മിലേക്കുപോയി. ട്രെഡ്മില്ലില്‍ ഒരു മണിക്കൂര്‍ നിര്‍ത്താതെ ഓട്ടം. ട്രെഡ്മില്‍ സെഷനുശേഷം 30 മിനിറ്റ് ഇടവേള.
2:00 AM
നീരാവിക്കുളി: ഇടവേളയ്ക്കുശേഷം ശരീരഭാരം കുറയ്ക്കാന്‍ അമന്‍ അഞ്ചുമിനിറ്റ് നീണ്ടുനില്‍ക്കുന്ന നീരാവിക്കുളിയിലേക്ക്. ഇടയ്ക്കിടയ്ക്ക് തൂക്കം പരിശോധിച്ചുകൊണ്ടിരുന്നു. പരിശോധിച്ചപ്പോള്‍ 900 ഗ്രാം കൂടുതല്‍.
2:30 AM
മസാജും ജോഗിങ്ങും: മസാജ് ചെയ്തു, തുടര്‍ന്ന് കോച്ചുമാരുടെ ഉപദേശപ്രകാരം ചെറിയ ജോഗിങ്ങിലേക്ക്.
04:30 AM - 56.9 KG
റണ്ണിങ് സെഷനുകള്‍: അമന്‍ പിന്നീട് അഞ്ചുതവണ 15 മിനിറ്റ് ഓടി. പുലര്‍ച്ചെ 4:30-ഓടെ പരിശോധിച്ചപ്പോള്‍ പരിധിയെക്കാള്‍ 100 ഗ്രാം ഭാരം കുറഞ്ഞു.
വെള്ളം മാത്രം കുടിച്ചു, ഉറങ്ങിയില്ല
തീവ്രമായ പരിശീലനസെഷനുകളില്‍ അമന് ചെറുചൂടുവെള്ളവും നാരങ്ങയും തേനും ചേര്‍ത്ത് അല്പം കാപ്പിയും നല്‍കി. തൂക്കം കൃത്യമാക്കിയശേഷം അമന്‍ ഉറങ്ങിയില്ല. ഈ സമയം ഗുസ്തി വീഡിയോകള്‍ കാണുകയായിരുന്നുവെന്നും അമന്‍ വെളിപ്പെടുത്തി. രാവിലെ അധികൃതര്‍ ശരീരഭാരം പരിശോധിച്ചപ്പോള്‍ അനുവദനീയമായ തൂക്കം.
Content Highlights: shedding 4.6 kg in 10 hours aman sehrawat clears weigh-in