പാരീസിന്റെ 'ദത്തുപുത്രന്‍'; ഇവിടത്തെ ചെമ്മണ്‍പ്രതലത്തില്‍ വളര്‍ന്ന രാജാവ്...

പ്യാരി പാരീസ്
#കെ. സുരേഷ്
Photo: AFP
Photo: AFP

പാരീസിന്റെ 'ദത്തുപുത്ര'നാണ് റാഫേല്‍ നഡാല്‍. നഡാലിന്റെ കളിത്തൊട്ടിലാണ് പാരീസ്. രണ്ടും പരസ്പരപൂരകങ്ങള്‍! സ്‌പെയിന്‍കാരനായ നഡാല്‍ ടെന്നീസിന്റെ ചെമ്മണ്‍പ്രതലത്തിലേക്ക് പിച്ചവെച്ചുതുടങ്ങിയതും രാജകുമാരനായി വളര്‍ന്നതും രാജാവായിവാണതും ഇവിടെയാണ്. ഇപ്പോഴിതാ, ആ കിരീടം അഴിച്ചുവെക്കുന്നതും ഇവിടെത്തന്നെ. അദ്ദേഹത്തിന്റെ വിജയങ്ങളെല്ലാം ഏറെ അകലെയിരുന്നാണ് കണ്ടത്. പക്ഷേ, വിടപറച്ചില്‍ അടുത്തുനിന്നു കാണാനായി, വളരെ വളരെ അടുത്തുനിന്ന്...

ഒളിമ്പിക്‌സിലെ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബുധനാഴ്ച രാത്രി നഡാലും കാര്‍ലോസ് അല്‍ക്കരാസും ചേര്‍ന്ന സ്പാനിഷ് ടീം അമേരിക്കയുടെ രാജീവ് റാം - ഓസ്റ്റന്‍ ക്രെജിസെക് സഖ്യത്തോടു തോറ്റു പുറത്താകുമ്പോള്‍ (6-2, 6-4) അതു കണ്ടുനില്‍ക്കാന്‍ പ്രയാസപ്പെട്ട ആയിരങ്ങളിലൊരാളായി ഞാനുമുണ്ടായിരുന്നു.

22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കുടമ. ഒളിമ്പിക്‌സില്‍ ഒരു കിരീടം. കരിയറിന്റെ സായന്തനത്തില്‍ ഒളിമ്പിക്‌സിലെ ഒരു കിരീടംകൂടി അയാള്‍ മോഹിച്ചിരുന്നു. ആരാധകരും അതിനുവേണ്ടി കാത്തിരുന്നു. സ്റ്റേഡിയത്തിനകത്ത് നിരന്തരം 'റാഫ, റാഫ' എന്ന വിളികള്‍ മുഴങ്ങി. പക്ഷേ, ആഗ്രഹങ്ങള്‍ക്ക് കളിയില്‍ പോയിന്റ് ഇല്ലല്ലോ... സിംഗിള്‍സില്‍ രണ്ടുദിവസംമുമ്പ് നൊവാക് ജോക്കോവിച്ചിനോടു തോറ്റിരുന്നു. ഇന്നലെ ഡബിള്‍സിലും തോറ്റ് കൈവീശിമടങ്ങുമ്പോള്‍ ഉള്ളുവിതുമ്പി..

2005 ജൂണ്‍ മൂന്നിന്, തന്റെ പത്തൊന്‍പതാം ജന്മദിനത്തില്‍ ഇതേ ഗ്രൗണ്ടില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചുകൊണ്ടാണ് നഡാല്‍ കളിക്കളത്തിലെ ജൈത്രയാത്ര തുടങ്ങിയത്. നിഷ്‌കളങ്കമായ ചിരിയും കളിക്കൊപ്പമല്ലാതെ ഒരിക്കലും തന്റെ പേരുകേള്‍പ്പിക്കാത്ത സൗമ്യതയും നഡാലിനെ കായികലോകത്തെ അതുല്യനാക്കിമാറ്റി.

പാരീസില്‍ ഇത്രയേറെ വിജയങ്ങള്‍ കുറിച്ച നഡാലിനെ ഫ്രഞ്ചുകാര്‍ അവരിലൊരാളായി ഏറ്റെടുത്തു. ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഫ്രഞ്ചുകാരനായ സിനദിന്‍ സിദാനില്‍നിന്ന് ദീപം ഏറ്റുവാങ്ങിയതും നഡാലായിരുന്നല്ലോ... പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയുടെ വ്യക്തിപരമായ താത്പര്യപ്രകാരമാണത്രേ നഡാലിനെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചത്. ''നിങ്ങള്‍ പാരീസിന്റെ മുഖമാണ്, ഈ ചരിത്രത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര കായികരംഗത്തുള്ള പാരീസുകാരെപ്പോലെ നിങ്ങളെയും ഞങ്ങള്‍ക്കുവേണം'' - ഹിഡാല്‍ഗോ പറഞ്ഞു. ''ചിലപ്പോള്‍ ഇനി കളിച്ചില്ലെന്നുവരാം... പക്ഷേ, എനിക്കു കുറച്ചുകൂടി സമയംവേണം... ഇപ്പോള്‍ ഒന്നും ഉറപ്പിച്ചുപറയാനാകില്ല...'' - മത്സരശേഷം നഡാല്‍ പറഞ്ഞു.

Content Highlights: rafael nadal uncertain about tennis future after paris olympics exit