നിറങ്ങള്‍ പെയ്തിറങ്ങിയ അദ്ഭുതരാവ്...

മൂന്നരമണിക്കൂര്‍... ഒരു സ്റ്റേഡിയം തിയേറ്ററായിമാറി... ഒരു ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമ കണ്ടിറങ്ങിയതുപോലെ... അത്രനാള്‍ കായികതാരങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും പെയ്തിറങ്ങിയ സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ഞായറാഴ്ചയുടെ അദ്ഭുതരാവില്‍ നിറങ്ങള്‍ പെയ്തിറങ്ങി... മാസ്മരികസംഗീതത്തിന്റെ താളത്തില്‍ ഒന്‍പതിനായിരത്തിലധികം കായികതാരങ്ങള്‍, എണ്‍പതിനായിരത്തോളം കാണികള്‍... സ്റ്റേഡിയത്തിന്റെ ആകാശത്തും ഭൂമിയിലും പ്രകാശത്തിന്റെ വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുന്നതിനിടെ പറന്നിറങ്ങുന്ന ഗോള്‍ഡന്‍ വോയേജര്‍... അയാള്‍ വിജയത്തിന്റെ ദേവതയെ കാണുന്നു... ഒടുവില്‍ ഹോളിവുഡ് നടന്‍ ടോം ക്രൂസ് സ്റ്റേഡിയത്തിന് മുകളില്‍നിന്നു സാഹസികമായി പറന്നിറങ്ങി. ഒളിമ്പിക് പതാക ഏറ്റുവാങ്ങി, ബൈക്കില്‍ സ്റ്റേഡിയത്തില്‍നിന്നു പുറപ്പെടുന്നു... ഈഫല്‍ ടവറിനു മുന്നിലൂടെ... പിന്നീട് ലോസ് ആഞ്ജലിസ് പ്രമോ വീഡിയോയിലേക്ക്... ടോം വിമാനത്തില്‍നിന്ന് ലോസ് ആഞ്ജലിസിലേക്ക് ചാടുന്നു... ഒളിമ്പിക് പതാക സൈക്ലിങ് താരത്തിന് കൈമാറുന്നു. ഹോളിവുഡ് ബിംബത്തില്‍ ഒളിമ്പിക്‌സിന്റെ വളയങ്ങള്‍ ചേര്‍ത്തുവെച്ച് ടോം ക്രൂസ് ചിരിച്ചു... 'മിഷന്‍ പോസിബിള്‍'.
അടുത്ത ഒളിമ്പിക്സ് ലോസ് ആഞ്ജലിസിലാണ്. 2028 ജൂലായ് 14 മുതല്‍ 30 വരെ. ഹോളിവുഡ് സിനിമകളുടെ മടിത്തട്ടിന് ഇത് മൂന്നാം ഒളിമ്പിക്സാണ്. ഇതിനുമുമ്പ് ലോസ് ആഞ്ജലിസില്‍ ഒളിമ്പിക്‌സ് നടന്നത് 1984-ലാണ്. ആ ഒളിമ്പിക്സിലാണ് പി.ടി. ഉഷയ്ക്ക് സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഡല്‍ നഷ്ടമായത്. നാലു സ്വര്‍ണംനേടിയ അമേരിക്കയുടെ സ്പ്രിന്റ് ഇതിഹാസം കാള്‍ ലൂയിസായിരുന്നു ആ ഒളിമ്പിക്സിലെ സൂപ്പര്‍സ്റ്റാര്‍. ഏതാണ്ട് 57,000 കോടി രൂപയാണ് ലോസ് ആഞ്ജലിസ് ഒളിമ്പിക്സിന് പ്രാഥമികച്ചെലവ് കണക്കാക്കിയിരിക്കുന്നത്.
വര്‍ണാഭം, സമാപനം
ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കില്‍ സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റേഡ് ദെ ഫ്രാന്‍സിലായിരുന്നു. എണ്‍പതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കിയാണ് സമാപനച്ചടങ്ങുകള്‍ നടന്നത്. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളിതന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്‌കാരമൊരുക്കിയത്. പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് ലോസ് ആഞ്ജലീസ് മേയര്‍ കരന്‍ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി.
ലോകത്തിന് പുതിയ കുതിപ്പും സംഘാടനത്തിന് പുതിയ മാതൃകകളും പകര്‍ന്നുനല്‍കി പാരീസ് നഗരം ഒളിമ്പിക്‌സിന്റെ പതാക താഴ്ത്തി. നാലുവര്‍ഷത്തിനപ്പുറം യു.എസിലെ ലോസ് ആഞ്ജലിസില്‍ വീണ്ടും ഉയരുന്നതുവരെ താരങ്ങള്‍ക്ക് ഇനി തയ്യാറെടുപ്പിന്റെയും കാത്തിരിപ്പിന്റെയും ദിവസങ്ങള്‍.
ചരിത്രത്തില്‍ ആദ്യമായി തുറന്നവേദിയില്‍ ഒളിമ്പിക്‌സ് ഉദ്ഘാടനം നടത്തി പുതുമ സൃഷ്ടിച്ച പാരീസിലെ സംഘാടകര്‍ സംഘാടനമികവിന് പുതിയ മാതൃകസൃഷ്ടിച്ചു. സുരക്ഷാ ഭീഷണിയുണ്ടായിരുന്നെങ്കിലും ഒരുതരത്തിലുള്ള പരാതിക്കും ഇടനല്‍കാതെയാണ് 33-ാം ഒളിമ്പിക്‌സ് പൂര്‍ണതയിലെത്തിയത്. 45,000 വൊളന്റിയര്‍മാര്‍ രാപകലില്ലാത യന്ത്രംപോലെ പ്രവര്‍ത്തിച്ചപ്പോള്‍ ഒരു ഘട്ടത്തിലും പരാതിക്കും അപസ്വരങ്ങള്‍ക്കും ഇടയുണ്ടായില്ല.
Content Highlights: paris says goodbye to the olympics with golden closing ceremony