ഒളിമ്പിക്സ് ബാഡ്മിന്റണ്‍; ലക്ഷ്യ സെന്‍ സെമിയില്‍, സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ചരിത്രം തീര്‍ത്ത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ചൗ ചെന്നിനെ തകര്‍ത്താണ് ലക്ഷ്യയുടെ സെമി പ്രവേശം. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും പിടിച്ചടക്കുകയായിരുന്നു. 19-21, 21-15, 21-12 സ്‌കോറിനാണ് ജയം. ഇതോടെ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമായി മാറി ലക്ഷ്യ സെന്‍.
സൈന നേവാള്‍, പി.വി. സിന്ധു എന്നിവര്‍ക്ക് ശേഷം സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് ലക്ഷ്യ. സിന്ധു ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. പുരുഷന്മാരില്‍ കശ്യപ് - കിഡംബി ശ്രീകാന്ത് സഖ്യം 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ടോപ് സീഡായ ഡെന്മാര്‍ക്ക് താരം വിക്ടര്‍ അക്‌സല്‍സെന്നും സിങ്കപ്പൂരിന്റെ കീന്‍ യുവും തമ്മിലുള്ള പോരാട്ടത്തിലെ വിജയിയുമായിട്ടായിരിക്കും സെമിയില്‍ ലക്ഷ്യക്ക് നേരിടേണ്ടിവരിക. ലോക 11-ാം നമ്പര്‍ താരമാണ് ലക്ഷ്യ തോല്‍പ്പിച്ച ചൗ ചെന്‍. 2021 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്‌രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യവും പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും നേരത്തേ പുറത്തായിരുന്നു. പ്രീക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.
Content Highlights: paris olympics badminton singles lakshya sen