ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടമായി;വിഷാദത്തേയും തോല്‍പ്പിച്ചു, ഗോദയിൽ തലയുയർത്തി അമൻ

അമന്‍ ഷെരാവത്ത് മെഡല്‍നേട്ടത്തിന് ശേഷം | Photo: PTI
അമന്‍ ഷെരാവത്ത് മെഡല്‍നേട്ടത്തിന് ശേഷം | Photo: PTI

ലണ്ടൻ ഒളിമ്പിക്സിൽ സുശീൽകുമാർ വെള്ളിമെഡൽ നേടുമ്പോൾ അമന്‌ 10 വയസ്സ്. അന്നവൻ സുശീലിന്റെ കളി ടെലിവിഷനിൽ നേരിട്ടു കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സുശീലിന്റെ വെള്ളിനേട്ടത്തോടെ അമൻ ഷെരാവത്തും തീരുമാനമെടുത്തു; ഗുസ്തി പഠിക്കുക, രാജ്യത്തിനായി ഒരു മെഡൽ സ്വന്തമാക്കുക. 12 വർഷത്തിനുശേഷം അമൻ ലക്ഷ്യം പൂർത്തിയാക്കി. ഒളിമ്പിക് ഗുസ്തിയിൽ വെങ്കലമെത്തിച്ചു.

ഹരിയാണയിലെ ജാർ ജില്ലയിലെ ബിരോഹറിലെ കർഷകനായ സോംബിർ ഷെരാവത്തിന്റെയും കംലേഷിന്റെയും മകന് ഗുസ്തി പഠിക്കാൻ ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്നു. സാമ്പത്തികപരാധീനതകൾ അലട്ടിയിരുന്ന കുട്ടിക്കാലം. സോംബിർ മകന്റെ ആഗ്രഹത്തിന് തടസ്സം നിന്നില്ല. ഛത്രാസല്ലിൽ ഗുസ്തി പഠിക്കാൻ അമൻ വീടുവിട്ടിറങ്ങി. എന്നാൽ, അവനെ കാത്തിരുന്നത് മറ്റൊരു ദുരന്തവാർത്തയായിരുന്നു. ആദ്യം അമന് അമ്മയെ നഷ്ടപ്പെട്ടു, ഒരു വർഷത്തിനുശേഷം അച്ഛനെയും. ചെറുപ്രായത്തിൽ മാതാപിതാക്കളെ നഷ്ടമായത് അവനു താങ്ങാൻ കഴിഞ്ഞില്ല. വിഷാദരോഗത്തിലേക്ക് വഴുതിവീണ അവനെ വീണ്ടും ഗോദയിലേക്ക് തിരിച്ചുകൊണ്ടുവന്നത് മുത്തച്ഛൻ മൻഗെറാം ഷെരാവത്തിന്റെ ഇടപെടലുകളാണ്.

‘‘എളുപ്പമാണെങ്കിൽ എല്ലാവരും ഇത് തിരഞ്ഞെടുക്കുമായിരുന്നു’’ -ഇന്ത്യൻ ഗുസ്തിയുടെ നഴ്‌സറിയായ ഛത്രസാലിലുള്ള ഹോസ്റ്റലിൽ അമന്റെ കിടക്കയിൽ ഈ വാചകങ്ങൾ കാണാം. പറഞ്ഞത് സത്യമാണെന്ന് അമന്റെ കരിയറിൽനിന്ന് വായിച്ചെടുക്കാം. അത്രയ്ക്കും ത്യാഗങ്ങൾ സഹിച്ചാണ് അവന്റെ ഓരോ നേട്ടവും. ഇതിനിടയിൽ അവന് താൻ ഏറെ ആരാധിക്കുന്ന രവി കുമാർ ദാഹിയയെയും അടിച്ചുതാഴെയിടേണ്ടി വന്നു.

ഛത്രസാലിൽ പരിശീലനം ആരംഭിച്ചതിനുശേഷം പലതവണ ആരാധിക്കുന്ന സുശീലിനെ അമൻ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഒട്ടേറെത്തവണ ഒന്നിച്ചു പരിശീലിച്ചു. ലളിത് കുമാറിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം. ഛത്രസാലിൽ നിന്ന് ഇതുവരെ പിറന്നത് അഞ്ച് ഒളിമ്പിക് മെഡലുകളാണ്. സുശീൽ കുമാർ, യോഗേശ്വർ ദത്ത്, ബജ്‌രംഗ്‌ പുണിയ, രവി ദഹിയ... ഇപ്പോൾ അമൻ ഷെരാവത്ത്.

ഛത്രസാലിൽ വെച്ച് അമൻ ഏറ്റവും കൂടുതൽ അടുത്തത് രവി ദഹിയയുമായിട്ടാണ്. ദഹിയ പരിശീലിക്കുന്നത് അവൻ ശ്രദ്ധയോടെ വീക്ഷിക്കും. ദഹിയയുടെ പല തന്ത്രങ്ങളും തന്റെയും ശൈലിയിലേക്കു കൊണ്ടുവരാൻ അമൻ ശ്രദ്ധിച്ചു. രവിയെപ്പോലെ പരിശീലിക്കാനും ഭക്ഷണം കഴിക്കാനും ശ്രമിച്ചു. ഇരുവരുടെയും ഗുസ്തി ശൈലിയും സമാന സ്വഭാവമുള്ളതാണ്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് രണ്ടുപേരും മത്സരിക്കുന്നത്.

ദഹിയയെ തോൽപ്പിച്ച് അമൻ

2022 കോമൺവെൽത്ത് ഗെയിംസ് ട്രയൽസിൽ രവിയോട് അമൻ പരാജയപ്പെട്ടു. അത് അവനെ തകർത്തുകളഞ്ഞു, ആ തോൽവി എങ്ങനെയാണെന്ന് അമൻ ദിവസവും വീഡിയോ നോക്കിക്കണ്ടു. എങ്ങനെ തോറ്റെന്നു മനസ്സിലാക്കാൻ ശ്രമിച്ചു. വീണ്ടും അവർ ഏറ്റുമുട്ടിയത് 2024 ഏഷ്യൻ ഒളിമ്പിക് യോഗ്യത മത്സരത്തിലാണ്. തന്റെ പോരായ്മകൾ പരിഹരിച്ചാണ് അമൻ എത്തിയത്. പരിക്കിനുശേഷമെത്തിയ ദഹിയയെ തോൽപ്പിച്ച് അമൻ പാരീസിലേക്കു ടിക്കറ്റെടുത്തു. ഗുസ്തിയിൽ യോഗ്യത ലഭിച്ച ഏക ഇന്ത്യൻ പുരുഷതാരവും അമനായിരുന്നു.

ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പിൽ അമൻ മത്സരിക്കുന്നത് 2021-ലാണ്. ലളിത് കുമാറായിരുന്നു കോച്ച്. രണ്ടുവർഷംമുൻപാണ് അമന്റെ കരിയറിനെ മാറ്റിമറിച്ച വിജയമുണ്ടായത്. അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയതോടെ അമൻ ഇന്ത്യൻ ഗുസ്തിയുടെ അമരത്തേക്കെത്തി.

Content Highlights: Paris Olympics 2024- Wrestler Aman Scripts New Olympic Record