പാരീസിലെ ഇടിക്കൂട്ടില്‍ ലിംഗനീതി വിവാദം; ആരാണ് ഒറ്റയിടിക്ക് എതിരാളിയുടെ മൂക്ക് തകര്‍ത്ത ഇമാന്‍ ഖലീഫ്

പാരീസ് ഒളിമ്പിക്സിലെ വനിതകളുടെ 66 കി.ഗ്രാം ബോക്സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരം, ഇറ്റാലിയന്‍ താരം ആഞ്ജല കരിനിയും അള്‍ജീരിയയുടെ ഇമാന്‍ ഖലീഫുമാണ് നേര്‍ക്കുനേര്‍. കളിയാരംഭിച്ച് 46-ാം സെക്കന്‍ഡില്‍ ഇമാന്റെ ഒരു കനത്ത പഞ്ച് അഞ്ജലയുടെ മുക്കില്‍ പതിക്കുന്നു. ഉടന്‍ തന്നെ കളി തുടരാന്‍ താതപര്യമില്ലെന്ന് അറിയിച്ച് ആഞ്ജല പിന്മാറിയതോടെ ആ മത്സരം വിവാദമായി. മൂക്കിന് ഇടിയേറ്റതിനു പിന്നാലെ പരിശീലകനുമായി ഏതാനും നിമിഷം സംസാരിച്ച ശേഷമായിരുന്നു താരത്തിന്റെ പിന്മാറ്റം. മൂക്ക് തകര്‍ന്ന് റിങ്ങില്‍ മുട്ടുകുത്തി കരഞ്ഞ ആഞ്ജല, ഇമാന് ഹസ്തദാനം നല്‍കാനും വിസമ്മതിച്ചു. മത്സരത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ജലയുടെ ആരോപണങ്ങളും വിവാദത്തെ ചൂടുപിടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇമാന്‍ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. പുരുഷന്‍മാര്‍ക്കുള്ള എക്സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ളതിനാലാണിത്. എന്നാല്‍ ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഇമാന് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതോടെ പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും ഇമാന് പാരീസ് ഒളിമ്പിക്സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തു.
ആരാണ് ഇമാന്‍ ഖലീഫ്
അള്‍ജീരിയയിലെ ടിയാരെറ്റില്‍ നിന്നുള്ള 25-കാരിയായ ഇമാന്‍ ഖലീഫ് നിലവില്‍ യുനിസെഫ് അംബാസഡര്‍കൂടിയാണ്. പെണ്‍കുട്ടികള്‍ ബോക്സിങ്ങില്‍ പങ്കെടുക്കുന്നത് താത്പര്യമില്ലാതിരുന്നയാളായിരുന്നു ഇമാന്റെ പിതാവ്. എന്നാല്‍ അവര്‍ ആഗ്രഹിച്ചത് ലോകവേദിയില്‍ ഒരു സ്വര്‍ണ മെഡല്‍ നേടി വരും തലമുറയെ പ്രചോദിപ്പിക്കാനായിരുന്നു.
2018-ലെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഒരു പ്രൊഫഷണല്‍ ബോക്സര്‍ എന്ന നിലയിലെ ഇമാന്റെ അരങ്ങേറ്റം. അന്ന് 17-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. തൊട്ടടുത്ത വര്‍ഷം 19-ാമതായി. പിന്നാലെ ടോക്യോ ഒളിമ്പിക്സില്‍ മത്സരിച്ച അവര്‍ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിന്റെ കെല്ലി ഹാരിങ്ടണോട് പരാജയപ്പെടുകയായിരുന്നു. പിന്നാലെ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആമി ബ്രോഡ്ഹര്‍സ്റ്റിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനവും സ്വന്തമാക്കി. 2022-ല്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡിറ്ററേനിയന്‍ ഗെയിംസിലും 2023 അറബ് ഗെയിംസിലും ഇമാന്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
2023-ലെ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് വിവാദം
2023-ലെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലാണ് താരത്തിന്റെ പേരില്‍ ആദ്യമായി വിവാദമുണ്ടാകുന്നത്. 2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇമാനെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഐബിഎ പ്രസിഡന്റ് ഉമര്‍ ക്രെംലെവ് വിലക്കുകയായിരുന്നു. ചില അത്ലറ്റുകള്‍ തങ്ങള്‍ സ്ത്രീകളാണെന്നു പറഞ്ഞ് കബളിപ്പിക്കാറുണ്ടെന്നും ഡിഎന്‍എ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമിച്ച നിരവധി അത്ലറ്റുകളെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമുള്ള ക്രെംലെവിന്റെ വാക്കുകള്‍ അന്ന് ഏറെ ചര്‍ച്ചയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇത്തരക്കാരെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടതായിരുന്നു ഇമാന്‍.
എന്നാല്‍ മെഡിക്കല്‍ കാരണങ്ങളാലാണ് ഇമാനെ അയോഗ്യയാക്കിയതെന്ന നിലപാടാണ് അള്‍ജീരിയന്‍ ഒളിമ്പിക് കമ്മിറ്റി സ്വീകരിച്ചത്. ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ ഉയര്‍ന്ന അളവാണ് അയോഗ്യതയ്ക്ക് കാരണമെന്ന് അന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ എഴുതി.
ഇമാന്‍ ഖലീഫിന്റെ പാസ്പോര്‍ട്ടില്‍ സ്ത്രീ എന്നെഴുതിയിരിക്കുന്നതിനാലാണ് വനിതകളുടെ 66 കി.ഗ്രാം വിഭാഗത്തില്‍ അവര്‍ മത്സരിക്കുന്നതെന്നായിരുന്നു പാരീസ് ഒളിമ്പിക്സിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസ്താവന. താരത്തിന്റെ ഒളിമ്പിക് യോഗ്യതയില്‍ ഐഒസി വക്താവ് മാര്‍ക്ക് ആഡംസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ മുന്‍ വനിതാ ബോക്സിങ് ചാമ്പ്യന്‍മാരായ ക്ലാരസ്സ ഷീല്‍ഡ്‌സും എബാനി ബ്രിഡ്ജസും ഐഒസിയുടെ വിധിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇത്തവണ പാരീസില്‍ ഇമാന്റെ ഓരോ മുന്നേറ്റങ്ങള്‍ക്കൊപ്പവും വിവാദം കൂടെയുണ്ടാകുമെന്ന് ചുരുക്കം.
Content Highlights: Iman Khalif's participation in women's category raises questions about gender verification