ഒറ്റ അന്താരാഷ്ട്ര മത്സരം പോലും തോല്‍ക്കാത്ത ജപ്പാന്‍ താരത്തെ അട്ടിമറിച്ച് വിനേഷ്; മെഡല്‍ പ്രതീക്ഷ

Photo: PTI
Photo: PTI

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിയില്‍ കടന്നിരിക്കുകയാണ്. 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോകചാമ്പ്യനായ യുയി സുസാക്കിയെ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്ന വിനേഷ്, അവിടെ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെ വീഴ്ത്തി സെമി ടിക്കറ്റും ഉറപ്പിച്ചു. ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസാണ് സെമിയില്‍ വിനേഷിന്റെ എതിരാളി. ചൊവ്വാഴ്ച രാത്രി 10.25-നാണ് മത്സരം.

പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിക്കെതിരേ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്. 3-2 എന്ന സ്‌കോറിനായിരുന്നു ജയം. 2-0ന് പിന്നില്‍പ്പോയ ശേഷമാണ് വിനേഷ് ഏവരേയും ഞെട്ടിച്ച തിരിച്ചുവരവ് നടത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ സുസാക്കിയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഇതിനു മുമ്പ് നടന്ന 82 അന്താരാഷ്ട്ര മത്സരങ്ങളിലും ജപ്പാന്‍ താരം തോല്‍വിയറിഞ്ഞിരുന്നില്ല. ടോക്യോയില്‍ സ്വര്‍ണത്തിലേക്കുള്ള വഴിയില്‍ ഒരു പോയന്റ് പോലും നഷ്ടപ്പെടുത്താതിരുന്ന താരമായിരുന്നു സുസാക്കി. കരിയറില്‍ തോറ്റത് ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രവും. എന്നാല്‍ പിന്നീട് പാരീസ് വേദിയായത് ഒളിമ്പിക് ഗുസ്തി ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനായിരുന്നു.

പിന്നാലെ ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്‌സാന ലിവാച്ചിനെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം 7-5ന്റെ ജയത്തോടെയാണ് സെമിയിലേക്ക് മുന്നേറിയത്. മത്സരത്തില്‍ 4-0ന് മുന്നിലെത്തിയ ശേഷം പിന്നാക്കംപോയ വിനേഷ് ഒടുവില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ജയംകൂടി നേടിയാല്‍ പാരീസില്‍ വിനേഷിന് മെഡലുറപ്പിക്കാം.

Content Highlights: paris olympics 2024 vinesh phogat stuns defending champion Yui Susaki ends her 82-0 run