ധോനിയെ പോലെ ടിക്കറ്റ് കളക്ടറായി തുടങ്ങി; ഇന്ന് പാരീസിലെ ഫൈനലിലും സ്വപ്‌നിലിന്റെ മനസില്‍ ധോനി തന്നെ

Photo: ANI, PTI
Photo: ANI, PTI

ഒളിമ്പിക്‌സില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഫൈനലില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്വപ്‌നില്‍ കുശാലെ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോനിയെ പോലെ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി തുടങ്ങിയ സ്വപ്‌നിലിന് പ്രചോദനമായതും ധോനിയുടെ ജീവിതകഥ തന്നെ. മഹാരാഷ്ട്രയിലെ കോലാപുരിനടുത്തുള്ള കംബല്‍വാഡി ഗ്രാമത്തില്‍ നിന്നുള്ള ഈ 29-കാരന്‍ 2012 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഒളിമ്പിക്‌സില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കേണ്ടിവന്നത് ഒരു വ്യാഴാവട്ടക്കാലമാണ്. 

ശാന്തതയും ക്ഷമയും ഒരു ഷൂട്ടറിന് അത്യന്താപേക്ഷിതമാണ്. ഈ രണ്ട് സ്വഭാവങ്ങളും ധോനിയുടെ വ്യക്തിത്വത്തിന്റെ ഭാഗവും. അതുകൊണ്ടുതന്നെയാണ് താന്‍ ധോനിയുടെ ആരാധകനാകുന്നതെന്നും സ്വപ്‌നില്‍ പറയുന്നു.

ധോനിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ് ധോനി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ചിത്രം എത്ര തവണ കണ്ടുവെന്ന് സ്വപ്‌നിലിന് തന്നെ അറിയില്ല. വ്യാഴാഴ്ച നടക്കുന്ന 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് ഫൈനലില്‍ ഇറങ്ങുമ്പോഴും സ്വപ്‌നിലിന്റെ മനസില്‍ ധോനിതന്നെയായിരിക്കും.

''ഷൂട്ടിങ്ങില്‍ ലോകത്ത് ഞാന്‍ പ്രത്യേകിച്ച് ആരെയും പിന്തുടരാറില്ല. അതിന് പുറത്ത്, ധോനിയെ ഞാന്‍ ആരാധിക്കുന്നു. കളിക്കളത്തിലെ അദ്ദേഹത്തെ പോലെ ശാന്തനും ക്ഷമയും ഉള്ളവനായിരിക്കണമെന്നതാണ് എന്റെ കായികവിനോദം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ കഥയുമായി എനിക്ക് ബന്ധമുണ്ട്. ഞാന്‍ അദ്ദേഹത്തെപ്പോലെ ഒരു ടിക്കറ്റ് കളക്ടറാണ്.'' - പിടിഐയോട് പ്രതികരിക്കവെ സ്വപ്‌നില്‍ പറഞ്ഞു. 2015 മുതല്‍ സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി ചെയ്യുകയാണ് താരം.

Content Highlights: Swapnil Kushale, inspired by Dhoni's calmness, is the first Indian to reach the Olympics 50m rifle