മെഡല്‍ നേട്ടത്തിനു പിന്നാലെ കോളടിച്ച് സ്വപ്‌നില്‍; റെയില്‍വേ നല്‍കിയത് 'ഡബിള്‍ പ്രൊമോഷന്‍'

പാരീസ്: രാജ്യത്തിനായി പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെ കോളടിച്ച് ഷൂട്ടര്‍ സ്വപ്‌നില്‍ കുശാലെ. കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ മഹാരാഷ്ട്ര സ്വദേശി സ്വപ്‌നിലിന് ഡബിള്‍ പ്രൊമോഷനാണ് റെയില്‍വേ നല്‍കിയത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായിരുന്ന (ടിടിഇ) സ്വപ്‌നിലിന് മുംബൈയിലെ സ്പോര്‍ട്സ് സെല്ലിലെ ഇന്ത്യന്‍ റെയില്‍വേയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്.
വ്യാഴാഴ്ചയായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. ഇത്തവണ ഷൂട്ടിങ് റേഞ്ചില്‍നിന്ന് ഇന്ത്യ നേടുന്നു മൂന്നാമത്തെ മെഡലാണിത്. ഇത്തവണ ഇതുവരെയുള്ള ഇന്ത്യയുടെ മൂന്ന് വെങ്കലവും ഷൂട്ടിങ്ങിലായിരുന്നു.
മുട്ടുകുത്തിയും കമിഴ്ന്നുകിടന്നും നിന്നനില്‍പ്പിലും എന്നിങ്ങനെ മൂന്നു പൊസിഷനില്‍നിന്ന് വെടിയുതിര്‍ക്കുന്ന 50 മീറ്റര്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡലാണിത്. മൂന്നു വിഭാഗത്തിലുമായി ആകെ 451.4 പോയിന്റോടെ സ്വപ്നില്‍ സ്വപ്നനേട്ടത്തിലെത്തിയപ്പോള്‍ ചൈനയുടെ യുകുന്‍ ലിയു (463.6 പോയിന്റ്) സ്വര്‍ണവും യുക്രൈനിന്റെ സെര്‍ഹി കുലിഷ് (461.3) വെള്ളിയും നേടി.
പാരീസില്‍നിന്ന് 250 കിലോമീറ്ററിലേറെ അകലെയുള്ള ഷറ്റാരു ഷൂട്ടിങ് റേഞ്ചില്‍ ബുധനാഴ്ച നടന്ന യോഗ്യതാ മത്സരത്തില്‍ ഏഴാമനായാണ് ഫൈനലിലെത്തിയത്. എട്ടുപേരടങ്ങിയ ഫൈനലില്‍ വ്യാഴാഴ്ച നീലിങ്ങിലെ ആദ്യ 15 ഷോട്ടുകള്‍ കഴിയുമ്പോള്‍ 153.3 പോയിന്റുമായി ഇന്ത്യന്‍താരം ആറാമതായിരുന്നു.
പിന്നീട് പ്രോണിലെ 15 ഷോട്ടില്‍ 156.8 പോയിന്റുമായി ശക്തമായി തിരിച്ചുവന്നു. സ്റ്റാന്‍ഡിങ്ങിലെ 10 ഷോട്ടില്‍ 101.5 പോയിന്റുനേടി. എലിമിനേഷന്‍ റൗണ്ടിലെ നാലു ഷോട്ടില്‍ 10.5, 9.4, 9.9, 10.00 എന്നിങ്ങനെ പോയിന്റുനേടി മെഡല്‍ ഉറപ്പിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ കംബല്‍വാഡിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സ്വപ്നില്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി ജോലിചെയ്യുകയായിരുന്നു. 2012 മുതല്‍ അന്താരാഷ്ട്ര മത്സരരംഗത്തുണ്ടെങ്കിലും ആദ്യ ഒളിമ്പിക്‌സാണിത്.
Content Highlights: paris olympics 2024 medal shooter swapnil kusale gets double promotion in railways