സെമിക്കു പിന്നാലെ വെങ്കല മെഡല്‍ മത്സരത്തിലും നിരാശപ്പെടുത്തി ലക്ഷ്യ സെന്‍; മടക്കം മെഡലില്ലാതെ

Photo: PTI
Photo: PTI

പാരീസ്: പ്രതീക്ഷ നല്‍കിയശേഷം ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സി ജിയക്കെതിരേ ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ ശേഷം പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി ഇന്ത്യന്‍ താരം മത്സരം കൈവിട്ടു (1-2). സ്‌കോര്‍: 21-13, 16-21, 11-21.

ജയിച്ചിരുന്നെങ്കില്‍ ഒളിമ്പിക് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം ലക്ഷ്യയ്ക്ക് സ്വന്തമായേനേ. എങ്കിലും അരങ്ങേറ്റ ഒളിമ്പിക്‌സില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരം മടങ്ങുന്നത്.

നേരത്തേ ഞായറാഴ്ച നടന്ന സെമിയില്‍ ലോക രണ്ടാംനമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സനോട് തുടക്കത്തില്‍ ലീഡെടുത്ത ശേഷം മത്സരം കൈവിട്ട ലക്ഷ്യ, അതേ പിഴവുകള്‍ വെങ്കല മെഡല്‍ മത്സരത്തില്‍ മലേഷ്യയുടെ ലീ സി ജിയക്കെതിരെയും ആവര്‍ത്തിച്ചു.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത ലക്ഷ്യ പിന്നീട് ആധിപത്യം സ്ഥാപിച്ചിരുന്നു. മികച്ച ഡ്രോപ്പ് ഷോട്ടുകളും താരം പുറത്തെടുത്തു. ലീ സി ജിയക്ക് തിരിച്ചുവരവിന് യാതൊരു അവസരവും കൊടുക്കാതെ ആദ്യം ഗെയിം 21-13ന് ലക്ഷ്യ സ്വന്തമാക്കി.

എന്നാല്‍ രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ 8-3ന് മുന്നിലെത്തിയ ലക്ഷ്യയ്‌ക്കെതിരേ തകര്‍പ്പന്‍ തിരിച്ചുവപവ് നടത്തിയ ലീ സി ജിയ തുടര്‍ച്ചയായി ഒമ്പത് പോയന്റുകള്‍ നേടി 11-8 എന്ന നിലയില്‍ മുന്നില്‍ക്കയറി. ലക്ഷ്യയ്ക്ക് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ല. 21-16-ന് രണ്ടാം ഗെയിം മലേഷ്യന്‍ താരം സ്വന്തമാക്കി. ഇതിനിടെ കൈമുട്ടിലേറ്റ മുറിവില്‍ നിന്ന് രക്തം വന്നിനെ തുടര്‍ന്ന് ലക്ഷ്യയ്ക്ക് തുടര്‍ച്ചയായി മെഡിക്കല്‍ ടൈംഔട്ട് എടുക്കേണ്ടതായും വന്നു. 

മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത മലേഷ്യന്‍ താരം പിന്നീട് ലക്ഷ്യയ്ക്ക് ഒരു തിരിച്ചുവരവിന് അവസരം കൊടുത്തില്ല. ആധികാരികമായി 21-11 എന്ന സ്‌കോറിന് മൂന്നാം ഗെയിം ജയിച്ച ലീ സി ജിയ വെങ്കലവുമായി മടങ്ങി.

Content Highlights: paris olympics 2024 lakshya sen lost badminton mens singles bronze medal match