ലീഡെടുത്ത രണ്ട് ഗെയിമും നഷ്ടപ്പെടുത്തി; ലക്ഷ്യ സെന്‍ ഫൈനല്‍ കാണാതെ പുറത്ത്

പാരീസ്: ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (22-20, 21-14) ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണവും റിയോയില്‍ വെങ്കലവും നേടിയ താരമാണ് അക്സെല്‍സന്‍.
ആദ്യ ഗെയിമില്‍ 5-0ന്റെ ലീഡെടുത്ത അക്സെല്‍സനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ലീഡെടുത്ത ലക്ഷ്യ പക്ഷേ പിന്നീട് ആ ഗെയിം 22-20ന് തോറ്റു. രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ലക്ഷ്യയായിരുന്നു മുന്നില്‍. എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഡെന്‍മാര്‍ക്ക് താരം ഒടുവില്‍ 22-14-ന് ഗെയിം സ്വന്തമാക്കി കലാശപ്പോരിന് ടിക്കറ്റെടുത്തു. ലക്ഷ്യയ്ക്ക് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.
ഇത്തവണ മികച്ച ഫോമില്‍ കളിച്ച ശേഷമാണ് ലക്ഷ്യ മടങ്ങുന്നത്. ജോനാഥന്‍ ക്രിസ്റ്റി, എച്ച്.എസ്. പ്രണോയ്, ചൗ ടിയാന്‍ ചെന്‍ എന്നീ വമ്പന്മാരെ കീഴടക്കിയായിരുന്നു താരത്തിന്റെ മുന്നേറ്റം.
Content Highlights: paris olympics 2024 lakshya sen loses to world no 2 viktor axelsen