ലിംഗനീതി വിവാദങ്ങള്‍ക്കിടെ, മൂക്ക് തകര്‍ത്ത താരത്തോട് ക്ഷമ ചോദിച്ച് ഇറ്റാലിയന്‍ ബോക്‌സര്‍

പാരീസ്: ഇറ്റാലിയന്‍ താരം ആഞ്ജല കരിനിയും അള്‍ജീരിയയുടെ ഇമാന്‍ ഖെലീഫും തമ്മില്‍ നടന്ന വനിതകളുടെ 66 കി.ഗ്രാം വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ് മത്സരം ഏറെ വിവാദമായിരുന്നു. മൂക്കില്‍ ഇമാന്റെ പഞ്ചേറ്റ് 46-ാം മിനിറ്റില്‍ തന്നെ ആഞ്ജല പിന്മാറുന്നതോടെയാണ് ഒളിമ്പിക്‌സിനെ ചുറ്റിപ്പറ്റി ലിംഗനീതി വിവാദങ്ങള്‍ക്ക് തുടക്കമായത്.
ആഞ്ജലയുടെ പിന്മാറ്റത്തിനു ശേഷം റഫറി റിങ്ങില്‍ ഇമാനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഇമാന് ഹസ്തദാനം നല്‍കാനും തയ്യാറാകാതെയായിരുന്നു ആഞ്ജല റിങ് വിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഞ്ജല. വെള്ളിയാഴ് ഇറ്റാലിയന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആഞ്ജല, ഇമാനോട് യാതൊരു പ്രശ്‌നവുമില്ലെന്നും വിവാദങ്ങളിലും മത്സര ശേഷം ഹസ്തദാനം നല്‍കാത്തതിലും ക്ഷമ ചോദിക്കുന്നതായും വ്യക്തമാക്കിയത്.
''ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെല്ലാം എനിക്ക് പ്രയാസമുണ്ടാക്കുന്നതാണ്. എന്റെ എതിരാളിയുടെ കാര്യത്തിലും എനിക്ക് ഖേദമുണ്ട്. ഇക്കാര്യങ്ങളിലൊന്നും അവര്‍ക്ക് ഒരു പങ്കുമില്ല, അവരും എന്നെപ്പോലെ പോരാടാനാണ് ഇവിടെ വന്നത്. ഹസ്തദാനം നല്‍കാനുള്ള ഇമാന്റെ ശ്രമം അവഗണിച്ചത് മനപ്പൂര്‍വമല്ല. അതിന് അവളോടും എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ഒളിമ്പിക്‌സ് അവസാനിച്ചതിലായിരുന്നു എനിക്ക് ദേഷ്യം. അത് ഒരിക്കലും ഇമാന്‍ ഖെലീഫിന് എതിരെയായിരുന്നില്ല. നേരേമറിച്ച് അവളെ വീണ്ടും കണ്ടാല്‍ ഉറപ്പായും ഞാന്‍ ആലിംഗനം ചെയ്യും.'' - ഇറ്റാലിയന്‍ മാധ്യമം ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്ടിനോട് പ്രതികരിക്കവെ ആഞ്ജല പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനിടെ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് ലഭിച്ച താരമാണ് ഇമാന്‍ ഖെലീഫ്. പുരുഷന്‍മാര്‍ക്കുള്ള എക്‌സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ളതിനാലാണിത്. എന്നാല്‍ ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഇമാന് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതോടെയാണ് ആഞ്ജലയുമായി വെറും 46 സെക്കന്‍ഡില്‍ അവസാനിച്ച മത്സര ശേഷം പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും ഇമാന് പാരീസ് ഒളിമ്പിക്‌സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തത്.
പിന്നാലെ ലോകനേതാക്കളും പ്രശസ്ത കായികതാരങ്ങളുമടക്കം വിവാദത്തിലേക്ക് എണ്ണയൊഴിക്കുന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തി. ന്യായീകരണവുമായി അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ പത്രക്കുറിപ്പുമിറക്കി.
''വനിതകളുടെ മത്സരത്തില്‍നിന്നും ഞാന്‍ പുരുഷന്മാരെ മാറ്റിനിര്‍ത്തും'' എന്നാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സില്‍ കുറിച്ചത്. വിവേചനം ഒഴിവാക്കാനുള്ള ശ്രമംതന്നെ വിവേചനമായിമാറരുതെന്ന അഭിപ്രായവുമായി ഇറ്റലിയുടെ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോണിയും ഹാരിപോര്‍ട്ടര്‍ പരമ്പരയുടെ എഴുത്തുകാരി ജെ.കെ. റൗളിങ്ങും മുന്‍ ടെന്നീസ് താരങ്ങളായ മാര്‍ട്ടീന നവരത്തിലോവയും ബോറിസ് ബെക്കറും ആഞ്ചലീനയ്ക്കായി രംഗത്തെത്തി. വിവാദമുണ്ടായത് സങ്കടകരമാണെന്നും യോഗ്യതാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് എത്തിയിരിക്കുന്നതെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.
Content Highlights: paris olympics 2024 italian boxer angela carini apologises imane khelif gender row