സെന്‍ നദിയില്‍ തുരുത്തുകളായൊഴുകി രാജ്യങ്ങള്‍, യന്ത്രക്കുതിരപ്പുറത്തെ പെണ്‍കുട്ടി; നിറമണിഞ്ഞ് പാരീസ്‌

#കെ. സുരേഷ് | പാരീസ്‌
സെന്‍ നദിയിലൂടെ യന്ത്രക്കുതിരയില്‍ ഒളിമ്പിക് പതാകയുമായി വരുന്ന വനിത
സെന്‍ നദിയിലൂടെ യന്ത്രക്കുതിരയില്‍ ഒളിമ്പിക് പതാകയുമായി വരുന്ന വനിത

പാരീസിനോട് പറ്റിച്ചേർന്ന് നിറഭേദങ്ങളുടെ നദിയായി ലോകം ഒഴുകി...ആ ആഹ്ലാദനദിയിൽ മുങ്ങി നിവർന്ന് പാട്ടുപാടിയും തളരുവോളം നൃത്തമാടിയും രാവിൽ നിന്നു പകലിലേക്കുള്ള യാമങ്ങൾ മാറി. പാതിരാവിൽ ഒളിമ്പിക് പതാകയുമായി യന്ത്രക്കുതിരപ്പുറത്തൊരു പെൺകൊടി സെൻനദിയിലൂടെ പായുന്ന കാഴ്ച വിസ്മയത്തുമ്പത്തിരുത്തി. അവൾ ഒളിമ്പിക് വേദിയിലെത്തിയപ്പോൾ അതൊരു ജീവനുള്ള കുതിരയായി മാറി. യോദ്ധാവിന്റെ വേഷത്തിൽ വന്ന അവൾ ആ പതാക കൈമാറി. ഒളിമ്പിക് ഗാനം മുഴങ്ങി..കൊടിമരത്തിലേക്ക് പതാക മെല്ലെ ഉയർന്നുകയറി. അതുവരെ മുഖം മറച്ചു കൊണ്ട് ഒളിമ്പിക് ദീപശിഖയുമായി ഓടിയിരുന്ന ആ മനുഷ്യൻ മുഖംമൂടിയഴിച്ചുമാറ്റി...ഒളിമ്പിക് ദീപം തെളിഞ്ഞു...ലോകത്തിന്റെ പ്രകാശം മുഴുവൻ പാരീസിലെ ആ ഒറ്റനാളത്തിൽ വന്നു നിന്നു...

സെൻ നദിയിലൂടെ ഓരോ രാജ്യങ്ങളും കായികതാരങ്ങളും തുരുത്തുകളായി ഒഴുകിയത് വിസ്മയകരമായ കാഴ്ചയായിരുന്നു. നദിയുടെ ഇരുകരകളിലും കൺനിറയെ കാണികൾ....ഒളിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി ജലോത്സവത്തിലൂടെ കായികതാരങ്ങളെ വരവേറ്റു.... ഇന്ത്യൻ ഒളിമ്പിക് സ്വപ്‌നങ്ങളുടെ മുന്നിൽ ദേശീയപതാകയുമായി ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും കൈവീശി പുഞ്ചിരിച്ചു. അമേരിക്കൻ പോപ് താരം ലേഡി ഗാഗ, ഫ്രഞ്ച് ഗായികമാരായ അയാ നാക്കമുറ, ജൂലിയറ്ര് ആർമാനെറ്റ്, പിയാനിസ്റ്റ് സോഫിയൻ പാമാററ്റ്...തുടങ്ങിയ കലാകാരൻമാർ ലോകത്തിന്റെ മനസ്സുനിറച്ചു.

Default case: null

സെൻ നദിയുടെ കിഴക്കൻഭാഗമായ ഓസ്ട്രറ്റിക്സ് പാലത്തിനു സമീപത്തുനിന്ന് പാരീസ് സമയം രാത്രി ഏഴരയ്ക്കാണ് (ഇന്ത്യൻസമയം രാത്രി 11) മാർച്ചുപാസ്റ്റ് തുടങ്ങിയത്. മനോഹരമായി അണിയിച്ചൊരുക്കിയ ബോട്ടുകളിൽ ലോകത്തെ ഏറ്റവും മികച്ച കായികതാരങ്ങൾ അണിനിരന്നു. ആറുകിലോമീറ്ററോളം നദിയിലൂടെ സഞ്ചരിച്ച് തുറന്നവേദിയായ ട്രൊക്കദെറോ സ്റ്റേഡിയത്തിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് തുറന്നവേദിയിൽ ഒളിമ്പിക്സിന്റെ ഉദ്ഘാടനം നടക്കുന്നത്.

അവസാനമായി 1924-ൽ ഒളിമ്പിക്സ് നടത്തിയ ഫ്രാൻസിനും പാരീസിനും ഒരു നൂറ്റാണ്ടിനുശേഷമുള്ള ആഘോഷപൂർണത. ഇതോടെ, മൂന്നുതവണ ഒളിമ്പിക്സിന് ആതിഥ്യംവഹിച്ച രണ്ടാമത്തെമാത്രം നഗരമായി പാരീസ്.

1924-ലെ ഗെയിംസിനിടെ ‘ഒളിമ്പിക് വില്ലേജി’നു തുടക്കമിട്ട പാരീസ് ഇക്കുറി താരങ്ങളെ നദിയിലൂടെ ആനയിച്ചും തുറന്നവേദിയിൽ ഉദ്ഘാടനം നടത്തിയും ചരിത്രം കുറിച്ചു. കാലങ്ങളോളം പാടാനുള്ള ഒളിമ്പിക് വീരഗാഥകൾ...

വെല്ലുവിളികൾ കടന്ന്...

പല പ്രതിസന്ധികൾ മറികടന്നാണ് പാരീസ് നഗരത്തിൽ ഒളിമ്പിക്സിന്റെ ദീപശിഖ കത്തിത്തുടങ്ങിയത്. ഒളിമ്പിക്സിനെതിരേ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. ഗെയിംസ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രണ്ടുമാസംമുൻപ്‌ വെളിപ്പെടുത്തിയത് വലിയ ചർച്ചയായി.

സുരക്ഷാഭീഷണിയുള്ളതിനാൽ തുറന്ന വേദിയിലെ ഉദ്ഘാടനത്തിൽനിന്ന് മാറണമെന്ന് നേരത്തേ പലരും അഭിപ്രായപ്പെട്ടെങ്കിലും സംഘാടകർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയില്ല.

Content Highlights: paris olympics 2024 inauguration function