ലേഡി ഗാഗ ഉള്‍പ്പെടെ വന്‍ താരങ്ങള്‍, സെന്‍ നദിയിലൂടെ ആറ് കിലോമീറ്റര്‍; മഹാമേള കളറാക്കാന്‍ പാരീസ്

ഫ്രാൻസും അന്താരാഷ്ട്ര ഒിമ്പിക് കമ്മിറ്റിയും എട്ടുവർഷമായി നടത്തുന്ന തയ്യാറെടുപ്പുകൾ പരിപൂർണതയിലെത്താൻ ഇനി ഒരു പകൽമാത്രം. വെള്ളിയാഴ്ച ഇന്ത്യൻസമയം രാത്രി 11 മണിക്ക് പാരീസിലെ ട്രൊക്കാദെറോ ഉദ്യാനത്തിൽ ഒളിമ്പിക് ദീപം തെളിയുമ്പോൾ ദൃഢനിശ്ചയം എന്ന വാക്കിന് ഫ്രാൻസ് ഒരിക്കൽക്കൂടി അടിവരയിടും. ഉദ്ഘാടനം ചരിത്രസംഭവമാക്കാൻ ഒളിമ്പിക് കമ്മിറ്റിയുടെ ഒരുക്കങ്ങളെല്ലാം അതിസൂക്ഷ്മം, അതീവരഹസ്യം.
നദിയിലൂടെ ആറുകിലോമീറ്റർ
സെൻ നദിയുടെ കിഴക്കൻഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിനുസമീപത്തുനിന്ന് താരങ്ങളെ നദിയിലൂടെ ബോട്ടിൽ ഉദ്ഘാടനവേദിയിലെത്തിക്കാനാണ് പദ്ധതി. പാരീസ് സമയം രാത്രി 7.30-ന് യാത്രതുടങ്ങും. എൺപതു ബോട്ടിലായി ആറുകിലോമീറ്ററോളം സഞ്ചരിച്ച് താരങ്ങൾ ട്രൊക്കാദെറോയിലെത്തും. 206 രാജ്യങ്ങളും ഒപ്പം അഭയാർഥികളുടെ ടീമും മത്സരരംഗത്ത് അണിനിരക്കുന്ന മഹാമേളയ്ക്കായി കാത്തിരിക്കുന്ന ജനകോടികളെ സാക്ഷിയാക്കി 8.24-ന് (20.24) ദീപം തെളിയിക്കും.
യാത്രാവഴികളെല്ലാം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. ഉദ്ഘാടനച്ചടങ്ങിന് ആയിരങ്ങൾ നേരിട്ടു സാക്ഷിയാകും. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ എൺപതോളം പടുകൂറ്റൻ സ്‌ക്രീനുകളിൽ തത്സമയസംപ്രേഷണവുമുണ്ടാകും. സുരക്ഷാഭീഷണി ഉൾപ്പെടെ പല പ്രതിസന്ധികൾ മറികടന്നാണ് തുറന്നവേദിയിൽ ഉദ്ഘാടനം നടത്താനുള്ള തീരുമാനവുമായി സംഘാടകർ മുന്നോട്ടുപോകുന്നത്.
117 അംഗ ഇന്ത്യൻ സംഘത്തിന്റെ പതാകയുമായി ടേബിൾ ടെന്നീസ് താരം അചന്ത ശരത്കമലും പി.വി. സിന്ധുവും മുന്നിലുണ്ടാകും.
ചടങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ പോപ് ഗായിക ലേഡി ഗാഗ, ഫ്രഞ്ചു സംഗീതജ്ഞ അയ നക്കാമുറ തുടങ്ങിയവർ വേദിയിലെത്തുമെന്ന് സൂചനയുണ്ട്.
Content Highlights: paris olympics 2024 inauguration