പാരീസ് നഗരത്തിലൂടെ നടക്കുമ്പോള്‍ 'കടവുളേ കാപ്പാത്തുങ്കോ' എന്നുകേട്ടാല്‍ ഞെട്ടുമോ...?

പ്യാരി പാരീസ്
#കെ. സുരേഷ്
പാരീസിലെ തമിഴ് ഗ്രാമം 'ലിറ്റില്‍ ജാഫ്‌ന'യിലെ കാഴ്ചകള്‍ | ഫോട്ടോ: കെ. സുരേഷ്
പാരീസിലെ തമിഴ് ഗ്രാമം 'ലിറ്റില്‍ ജാഫ്‌ന'യിലെ കാഴ്ചകള്‍ | ഫോട്ടോ: കെ. സുരേഷ്

പാരീസ് നഗരത്തിലൂടെ നടക്കുമ്പോള്‍ 'കടവുളേ കാപ്പാത്തുങ്കോ' എന്നുകേട്ടാല്‍ ഞെട്ടുമോ...? ഞെട്ടണ്ട. കടവുളേ വിളി മാത്രമല്ല, ഗണേശക്ഷേത്രവും രാവണന്‍ ടെക്സ്‌റ്റൈല്‍സും ചേരന്‍ ട്രാവല്‍സും ദിണ്ടിഗല്‍ ബോട്ടീക്കും ശരവണഭവന്‍ ഹോട്ടലുമെല്ലാമായി ഒരു തമിഴ്ഗ്രാമംതന്നെ ഇവിടെയുണ്ട്. പല കടകളിലും വേലുപ്പിള്ള പ്രഭാകരന്റെ ചിത്രം പതിച്ചിരിക്കുന്നു. ആരുമില്ലാത്തവര്‍ക്ക് പുലി പ്രഭാകരന്‍ തുണ! കടയ്ക്കകത്തു കയറിയപ്പോള്‍ തേങ്ങയും അവലും കല്‍ക്കണ്ടവും മാത്രമല്ല നല്ല തളിര്‍വെറ്റിലയും വില്‍പ്പനയ്ക്കുണ്ട്. പുറത്തെ ഹോട്ടലില്‍ വടയും മസാലദോശയും ഇഡ്ഡലിയും.

പാരീസിലെ ലാ ഷപ്പേല്‍, ഗാര്‍ദ് നോര്‍ എന്നീ മെട്രോകള്‍ക്ക് സമീപപ്രദേശങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഈ തമിഴ് ഗ്രാമം 'ലിറ്റില്‍ ജാഫ്‌ന' എന്നാണറിയപ്പെടുന്നത്. ഫ്രഞ്ചുകാരുടെ ഇന്ത്യന്‍ ഭരണത്തിന്റെ ബാക്കിപത്രമാണ് ഈ പ്രദേശം.

1674-ല്‍ പുതുച്ചേരിയിലാണ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാകമ്പനി സ്ഥാപിതമായത്. പിന്നീട് കാരയ്ല്‍, യാനം, മാഹി തുടങ്ങിയ സ്ഥലങ്ങളിലും കോളനിയുണ്ടാക്കി. ആ പ്രദേശങ്ങളില്‍നിന്നാണ് തമിഴ്‌നാട്ടുകാരുടെ ഫ്രഞ്ച് കുടിയേറ്റം തുടങ്ങിയതെങ്കിലും ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോള്‍ അവിടെനിന്ന് വലിയതോതില്‍ പലായനമുണ്ടായി.

ആദ്യകാലത്ത് നല്ല ജോലിയുമായാണ് തമിഴ്‌നാട്ടുകാര്‍ പാരീസിലെത്തിയതെങ്കില്‍ ശ്രീലങ്കയില്‍നിന്നുള്ള പ്രവാഹം കാര്യങ്ങള്‍ മാറ്റിമറിച്ചു. ജീവന്‍രക്ഷിക്കാനുള്ള ഓട്ടത്തിലാണ് പലരുമെത്തിയത്. അഭയംതേടിയെത്തിയതുകൊണ്ടുതന്നെ അവര്‍ക്ക് നല്ലജോലികള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. അവരുടെ ജീവിതത്തില്‍ ഇപ്പോഴും ആ വേവലാതിയുണ്ട്.

ലിറ്റില്‍ ജാഫ്‌നയിലൂടെ നടന്ന് ഗണേശ ക്ഷേത്രത്തിലെത്തിയപ്പോള്‍ ശ്രീലങ്കക്കാരി ശുഭ അകത്തുണ്ട്. തമിഴിലും ഇംഗ്ലീഷിലുമായി അവര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു. 1992-ല്‍, ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞുപോന്നതാണ്. അതിനുശേഷം നാട്ടിലേക്കുപോയിട്ടില്ല. പോകാനൊട്ട് താത്പര്യവുമില്ല. ഭര്‍ത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഈമാസം അവസാനം ഉത്സവമുണ്ട്. അതിന് തീര്‍ച്ചയായും വരണമെന്ന് നിര്‍ബന്ധിച്ചാണ് ശുഭ യാത്രയാക്കിയത്. വിവരങ്ങളെല്ലാം പറഞ്ഞെങ്കിലും ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ല. ഏഷ്യയിലെ പലരാജ്യങ്ങളില്‍നിന്നുമുള്ള ജനങ്ങള്‍ പാരീസില്‍ ജീവിക്കുന്നുണ്ടെങ്കിലും ഇതിലെ ഏറ്റവുംവലിയ സമൂഹം തമിഴരാണ്. തിരിച്ചുവരുമ്പോള്‍ ശരവണ ഹോട്ടലില്‍ കയറാതിരിക്കാനായില്ല...

Content Highlights: paris became thriving tamil community tamil street known as little jaffna