പാരീസില്‍ വെള്ളി എറിഞ്ഞിടുമ്പോള്‍ നീരജ് ധരിച്ചിരുന്നത് 52 ലക്ഷത്തിന്റെ വാച്ച്

Photo: PTI
Photo: PTI

പാരീസ്: ടോക്യോ ഒളിമ്പിക്സിനു പിന്നാലെ പാരീസിലും അത്ലറ്റിക്സില്‍ ഇന്ത്യയുടെ അഭിമാനതാരമായത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു. ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയ താരത്തിന് പക്ഷേ പാരീസില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനം (89.45 മീറ്റര്‍) പുറത്തെടുത്തിട്ടും ജാവലിന്‍ ഫൈനലില്‍ ഒന്നാമതെത്താന്‍ നീരജിനായില്ല. പാകിസ്താന്‍ താരം അര്‍ഷാദ് നദീമിന്റെ ഒളിമ്പിക് റെക്കോഡ് തകര്‍ത്ത പ്രകടനമാണ് നീരജിന് വിലങ്ങുതടിയായത്. 92.97 മീറ്റര്‍ എറിഞ്ഞ നദീം സ്വര്‍ണം നേടി.

എന്നാല്‍ ഇപ്പോഴിതാ പാരീസിലെ ഫൈനലിനിടെ നീരജ് ധരിച്ച വാച്ചിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഫൈനലില്‍ മത്സരിക്കുമ്പോള്‍ നീരജ് ധരിച്ചിരുന്നത് 52 ലക്ഷം രൂപ വിലവരുന്ന വാച്ചാണെന്നാണ് സൂക്ഷ്മ നിരീക്ഷണത്തിലൂടെ ഒരു റെഡ്ഡിറ്റ് ഫോറം കണ്ടെത്തിയിരിക്കുന്നത്.

പ്രമുഖ സ്വിസ്സ് ആഡംബര വാച്ച് നിര്‍മാതാക്കളായ ഒമേഗയുടെ സീമാസ്റ്റര്‍ അക്വ ടെറ 150 എം എന്ന വാച്ചാണ് ജാവലിന്‍ ഫൈനലിനിടെ താരം ധരിച്ചതെന്നാണ് ഈ റെഡ്ഡിറ്റ് ഫോറം കണ്ടെത്തിയിരിക്കുന്നത്. എട്ടു ലക്ഷം മുതല്‍ വിലയാരംഭിക്കുന്ന ഈ വാച്ചിന്റെ 52 ലക്ഷം വിലവരുന്ന വകഭേദമാണ് നീരജ് ധരിച്ചതെന്ന് ആഡംബര വാച്ച് റീട്ടെയിലറായ കപൂര്‍ വാച്ച് കമ്പനി വ്യക്തമാക്കി.

എന്നാല്‍ ഒമേഗയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സീമാസ്റ്റര്‍ അക്വ ടെറ 150 എം സരീസ് വാച്ചുകള്‍ക്ക് അഞ്ചു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപവരെ മാത്രമേ വിലവരുന്നുള്ളൂ എന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ വാച്ചിന്റെ മൂന്ന് ടൈറ്റാനിയം പതിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഒന്നിന് 12 ലക്ഷം രൂപയാണ് വില. മറ്റ് രണ്ട് വാച്ചുകള്‍ക്കും വിലവരുന്നത് 50 മുതല്‍ 52 ലക്ഷം വരെയാണ്. ഇതാണ് നീരജ് ധരിച്ചിരിക്കുന്നതെന്നാണ് ഒരു റെഡ്ഡിറ്റ് ഫോറം അവകാശപ്പെടുന്നത്.

സ്വിസ്സ് വാച്ച് നിര്‍മാതാക്കളായ ഒമേഗ ഈ വര്‍ഷം അവരുടെ ബ്രാന്‍ഡ് അംബാസഡറായി നീരജിനെ തിരഞ്ഞെടുത്തിരുന്നു.

Content Highlights: neeraj chopra wore 52 lakh watch at paris olympics final