ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍; ചരിത്രത്തില്‍ ഇടംനേടി വീണ്ടും മനു ഭാകര്‍ എന്ന പേര്

പാരീസ്: ഇരട്ട ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ ഒരിക്കല്‍ കൂടി ഇന്ത്യയുടെ കായികചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഷൂട്ടര്‍ മനു ഭാകര്‍. ഇക്കഴിഞ്ഞ ഞായറാഴ്ച വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു, ചൊവ്വാഴ്ച 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സരബ്ജോത് സിങ്ങിനൊപ്പവും വെങ്കലം വെടിവെച്ചിട്ടു.
ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മനു സ്വന്തമാക്കി. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നപ്പോള്‍ 1900-ലെ ഒളിമ്പിക്സില്‍ മത്സരിച്ച നോര്‍മന്‍ പ്രിച്ചാര്‍ഡ് ഇരട്ട വെള്ളി നേടിയിരുന്നു. ബ്രിട്ടീഷ് പൗരനായിരുന്ന പ്രിച്ചാര്‍ഡ് പക്ഷേ അന്ന് മത്സരിച്ചത് ബ്രിട്ടീഷ് ഇന്ത്യയ്ക്കു വേണ്ടിയായിരുന്നു.
ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷം നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് അറുതി വരുത്തിയായിരുന്നു ഞായറാഴ്ച മനു വെങ്കലം കഴുത്തിലണിഞ്ഞത്. ഇതോടൊപ്പം ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും തേടിയെത്തി. 2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തി.
ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി രണ്ടു മെഡലുകള്‍ നേടിയ രണ്ട് താരങ്ങളുണ്ട്. ഗുസ്തി താരം സുശീല്‍ കുമാറും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും. എന്നാല്‍ ഇവ രണ്ട് വ്യത്യസ്ത ഒളിമ്പിക്സുകളിലായിരുന്നു.
Content Highlights: manu bhaker again created history in the paris olympics 2024