ദേശീയ മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യം; എന്നിട്ടും ഒളിമ്പിക് റിലേ ടീമില്‍ ജിസ്‌ന തഴയപ്പെട്ടതെന്ത്

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ റിലേ ടീമില്‍ പി.ടി. ഉഷയുടെ ശിഷ്യ ജിസ്‌ന മാത്യു തഴയപ്പെട്ടപ്പോള്‍ ജിസ്‌നയെക്കാള്‍ മോശം സമയം കുറിച്ച ചിലര്‍ കയറിപ്പറ്റിയത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു. പക്ഷേ, അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനാവില്ല. കാരണം ഒളിമ്പിക് ടീം സെലക്ഷന്‍ സംബന്ധിച്ചു രണ്ടു കാര്യങ്ങള്‍ ഫെഡറേഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഒന്ന്: ഏതു രാജ്യാന്തര മീറ്റില്‍ പങ്കെടുത്തും അത്‌ലറ്റുകള്‍ക്ക് യോഗ്യത നേടാം. പക്ഷേ, പ്രസ്തുത മീറ്റിന് അവരെ അയച്ചത് ഫെഡറേഷന്‍ ആയിരിക്കണം.
രണ്ട്: ദേശീയ ക്യാമ്പില്‍ ഉള്ളവരെ മാത്രമേ ഒളിമ്പിക് ടീമില്‍ എടുക്കുകയുള്ളൂ. ഇതില്‍ രണ്ടാമത്തെ നിബന്ധനയാണ് ജിസ്‌നയ്ക്കു വിനയായത്. ഉഷ സ്‌കൂള്‍ മുന്‍പ് സായ് മേല്‍നോട്ടത്തിലുള്ള ദേശീയ ക്യാമ്പ് ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇല്ല എന്നാണ് അറിയുന്നത്. അതുകൊണ്ടായിരിക്കണം തിരുവനന്തപുരം കാര്യവട്ടത്തെ ക്യാമ്പില്‍ ജിസ്‌നയെ ഉള്‍പ്പെടുത്തിയിരുന്നതായും എന്നാല്‍ ജിസ്‌ന എത്തിയില്ലെന്നും ഫെഡറേഷന്‍ പറയുന്നത്.
പക്ഷേ, ദേശീയ മത്സരങ്ങളില്‍ സ്ഥിരം സാന്നിധ്യമായ ജിസ്‌നയുടെ പ്രകടനം കണക്കിലെടുത്ത് ദേശീയ ക്യാമ്പില്‍ ചേരണമെന്ന് നിര്‍ബന്ധിക്കാതെ പോയത് എന്തുകൊണ്ടാണ്? എവിടെയോ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ടാകണം.
കിരണ്‍ പാഹല്‍ 400 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക് യോഗ്യത കൈവരിച്ചതിനാല്‍ അഞ്ചു പേരെയാണ് 4x400 മീറ്റര്‍ റിലേ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ജ്യോതിക ശ്രീദന്ദി, ശുഭ വെങ്കടേശന്‍, വിത്യാ രാംരാജ്, എം.ആര്‍. പൂവമ്മ, പ്രാച്ചി എന്നിവരെയാണ് റിലേ ടീമില്‍ എടുത്തത്.
എന്നാല്‍ ബഹമാസിലെ നാസോയില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക്‌സ് റിലേയില്‍ രണ്ടാം റൗണ്ടിലെ ഒന്നാം ഹീറ്റില്‍ ജമൈക്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ഒളിമ്പിക് യോഗ്യത നേടിയ ഇന്ത്യന്‍ ടീമില്‍ ഓടിയത് രൂപല്‍ ചൗധരി, എം.ആര്‍. പൂവമ്മ, ജ്യോതിക ശ്രീദന്ദി, ശുഭ വെങ്കടേശന്‍ എന്നിവരാണ്.
ഒളിമ്പിക് യോഗ്യത നേടാനുള്ള അവസാന അവസരമായി ഫെഡറേഷന്‍ നിശ്ചയിച്ച പഞ്ച്ഗുള സീനിയര്‍ അന്തര്‍ സംസ്ഥാന മീറ്റില്‍ കിരണ്‍ പാഹല്‍ സ്വര്‍ണവും ദീപന്‍ഷി വെള്ളിയും ജ്യോതിക വെങ്കലവും നേടി. എന്നാല്‍ ഉത്തേജകത്തില്‍ പിടിക്കപ്പെട്ടതോടെ ദീപന്‍ഷി അയോഗ്യയാക്കപ്പെട്ടു. മികച്ച ഫോമിലായിരുന്ന ഹിമന്‍ഷി മാലിക്ക് ആകട്ടെ കാല്‍മുട്ടിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് മത്സര രംഗത്തില്ല. അഞ്ജലി ദേവി ഉത്തേജകത്തിനു പിടിയിലായി.
ഉത്തേജക ഉപയോഗം ഭയന്നാണ് താരങ്ങള്‍ ദേശീയ ക്യാമ്പില്‍ നിര്‍ബന്ധമായി കാണണമെന്ന് ഫെഡറേഷന്‍ നിഷ്‌കര്‍ഷിച്ചത്. ദീപന്‍ഷി ക്യാമ്പില്‍ അംഗമല്ലായിരുന്നു എന്നത് ഫെഡറേഷന്റെ തീരുമാനത്തെ ന്യായീകരിക്കുന്നു. ഹിമ ദാസിന്റെയും ഹിമന്‍ഷി മാലിക്കിന്റെയും അസാന്നിധ്യത്തില്‍ നല്ലൊരു റിലേ ടീമിനെ ഇറക്കാന്‍ വിഷമിച്ച ഫെഡറേഷന്‍ ജിസ്‌നയുടെ പ്രകടനം കണക്കിലെടുത്തേയില്ല.
ഈ വര്‍ഷം നടന്ന പ്രധാന ദേശീയ മീറ്റുകളില്‍ പലതിലും ജിസ്‌ന കുറിച്ച സമയം പൂവമ്മയുടെയും പ്രാഞ്ചിയുടെയും സമയത്തെക്കാള്‍ മെച്ചമാണ്. ഓപ്പണ്‍ നാഷനല്‍സില്‍ മാത്രമാണ് ജിസ്‌ന അല്‍പം പിന്നിലായത്. ഫെഡറേഷന്‍ കപ്പില്‍ പ്രാച്ചി ജിസ്‌നയ്ക്കു പിന്നിലായിരുന്നു. ഗ്രാന്‍ പ്രീ ഒന്നില്‍ ജ്യോതികയ്ക്കു മാത്രമാണ് ജിസ്‌നയെക്കാള്‍ മികച്ച സമയം. ഏറ്റവും ഒടുവില്‍ അന്തര്‍ സംസ്ഥാന മീറ്റില്‍ വിത്യയും പൂവമ്മയും പ്രാച്ചിയും ഫൈനലില്‍ കടന്നില്ല. ഫൈനല്‍ ഓടിയ വരില്‍ ജോതിക മെഡല്‍ നേടിയപ്പോള്‍ ശുഭയും (53 സെ), ജിസ്‌നയും (53.1 സെ) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പൂവമ്മയുടെ അനുഭവ സമ്പത്ത് കണക്കിലെടുക്കേണ്ടതാണ്. പക്ഷേ, പ്രാച്ചിക്ക് ജിസ്‌നയെക്കാള്‍ പരിഗണന കിട്ടിയത് എങ്ങനെ? ഉത്തേജകം ഉപയോഗിക്കുന്നത് തടയാനാണ് ക്യാമ്പില്‍ ഇല്ലാത്തവരെ ടീമില്‍ എടുക്കാത്തതെന്ന് പറയുമ്പോള്‍ ടീമില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ മുന്‍പ് ഉത്തേജകം ഉപയോഗിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ടവരാണ് എന്നും ഓര്‍ക്കണം. മാത്രമല്ല, ഉഷയുടെ ശിഷ്യര്‍ അറിഞ്ഞു കൊണ്ട് ഉത്തേജകം ഉപയോഗിക്കില്ല എന്നു ഫെഡറേഷന് വിശ്വസിക്കാവുന്നതുമാണ്. കമ്യൂണിക്കേഷന്‍ ഗ്യാപ് എന്നു പറയാമെങ്കിലും നഷ്ടം ജിസ്‌നയ്ക്കു തന്നെ.
Content Highlights: jisna mathew selection issue in olympic relay team