ആ ഒരു ഫോണ്‍വിളിയില്‍ മഞ്ഞുരുകി, മനു-ജസ്പാല്‍ പോര് തീര്‍ന്നു; ഇന്ത്യയ്ക്ക് സ്വന്തമായത് വെങ്കലം

കോവിഡ് കാലത്ത് നടന്ന ടോക്യോ ഒളിമ്പിക്സ് സംഘാടനംകൊണ്ടും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മെഡല്‍ദാന ചടങ്ങുകൊണ്ടുമെല്ലാം വ്യത്യസ്തമായിരുന്നു. അന്നവിടെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായെത്തിയ ഒരു 19-കാരി പെണ്‍കുട്ടിയുടെ കണ്ണീര് വീണു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വിളക്കുകളുടെ നഗരമെന്നറിയപ്പെടുന്ന പാരീസില്‍ ആ പെണ്‍കുട്ടി തിളങ്ങി നില്‍ക്കുകയാണ്. 140 കോടി ജനതയുടെ അഭിമാനത്തിന്റെ പ്രതീകമായി. മനു ഭാക്കര്‍- വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലെ വെങ്കല മെഡല്‍ ജേതാവ്. ഒളിമ്പിക്സിന്റെ രണ്ടാം ദിനത്തില്‍ തന്നെയുണ്ടായ മെഡല്‍പ്പട്ടികയിലെ ഇന്ത്യന്‍ വെടിമുഴക്കം.
ടോക്യോയില്‍ ഇതേ ഇനത്തിലെ യോഗ്യതാ മത്സരത്തിനിടെയാണ് മനുവിനെ തോക്ക് ചതിച്ചത്. രണ്ടാം സീരിസിനിടെ മനുവിന്റെ പിസ്റ്റളിന്റെ ഇലക്ട്രോണിക് ബന്ധം തകരാറിലാകുകയായിരുന്നു. കോച്ചിനും ജൂറി അംഗത്തില്‍ ഒരാള്‍ക്കുമൊപ്പം തിരികെ പോയി മറ്റൊരു പിസ്റ്റളുമായി മത്സരിച്ചെങ്കിലും അഞ്ചു മിനിറ്റിലേറെ സമയം അതിനോടകം നഷ്ടമായിരുന്നു. ആ സമ്മര്‍ദം അതിജീവിക്കാന്‍ താരത്തിന് സാധിച്ചില്ല. ഏകാഗ്രത ഏറെവേണ്ട മത്സരത്തില്‍ ബാക്കിയുണ്ടിയിരുന്ന സമയത്ത് ബാക്കി സീരീസുകള്‍ തീര്‍ക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും 575 പോയന്റുമായി 12-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായെങ്കിലും ഫൈനലിലേക്ക് യോഗ്യത ലഭിച്ചില്ല.
അതോടെ ഷൂട്ടിങ് പോലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചൊരു മനു ഭാക്കറുണ്ടായിരുന്നു. എന്നാല്‍, ആ മനസ്സുമാറ്റാന്‍ എത്തിയത് മനുവിന്റെ കുട്ടിക്കാലത്തെ പരിശീലകനും മുന്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമായിരുന്ന ജസ്പാല്‍ റാണയായിരുന്നു. ഞായറാഴ്ച പാരീസില്‍നിന്ന് 250 കിലോമീറ്ററോളം അകലെയുള്ള ചാത്യുറോ ഷൂട്ടിങ് റേഞ്ചില്‍ മനുവിന്റെ ഫൈനല്‍ നടക്കുന്ന ഹാളില്‍ റാണയുണ്ടായിരുന്നു. ഹാളില്‍ എത്തിയപാടേ മനു നോക്കിയത് റാണ എവിടെ ഇരിക്കുന്നു എന്നാണ്. ആ നോട്ടം മതിയായിരുന്നു മനുവിന്, ആത്മവിശ്വാസത്തോടെ ഉന്നംപിടിക്കാന്‍. ഒടുവില്‍ പാരീസിലെ ഇന്ത്യയുടെ ആദ്യ മെഡലും കഴുത്തിലണിഞ്ഞ് മനു നോക്കിയതും ആ കണ്ണുകളിലേക്കുതന്നെ.
എന്നാല്‍ ടോക്യോ ഒളിമ്പിക്സിനു പിന്നാലെ ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ടോക്യോ ഒളിമ്പിക്സ് കഴിഞ്ഞ് ഒരു വര്‍ഷത്തോളം മനുവും റാണയും പരസ്പരം സംസാരിച്ചിരുന്നില്ല. അവിടെ താന്‍ നേരിട്ട തോല്‍വിക്ക് മനു, റാണയെ കുറ്റപ്പെടുത്തി. സത്യത്തില്‍ റാണയെ കുറ്റപ്പെടുത്തി മനുവിന്റെ അമ്മ സുമേധ അയച്ച സന്ദേശം മനു അയച്ചതാണെന്നു റാണ തെറ്റിദ്ധരിക്കുകയായിരുന്നു. ടോക്യോ ഒളിമ്പിക്സിനു ശേഷം ഇന്ത്യന്‍ കായിക രംഗത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു മനു - റാണ പരസ്യപ്പോര്. റാണ പരസ്യമായി മനുവിനെ പക്വതയില്ലാത്തവളെന്ന് വിളിച്ചു. അതുകൊണ്ടും തീര്‍ന്നില്ല. മനുവിന്റെ അമ്മ അയച്ച സന്ദേശം ടി-ഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത് പരസ്യമായി ഷൂട്ടിങ് റേഞ്ചുകളിലടക്കം സഞ്ചരിക്കുകയും ചെയ്തു. അതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമായി.
എന്നാല്‍, പിന്നീട് ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലടക്കം തിരിച്ചടി നേരിട്ട മനു, റാണയുടെ വില തിരിച്ചറിഞ്ഞു. റാണ ഒരിക്കളും പ്രതീക്ഷിക്കാത്ത ഒരു ഫോണ്‍കോള്‍ ഒടുവില്‍ അദ്ദേഹത്തെ തേടിയെത്തി. ഇരുവരും തങ്ങളുടെ ഈഗോ മാറ്റിവെച്ച് സംസാരിച്ചതോടെ മഞ്ഞുരുകി. ഇന്ത്യയിലെ പ്രമുഖ കോച്ച്-അത്ലറ്റ് ജോഡി അങ്ങനെ വീണ്ടും ഒന്നിച്ചു. ഫലമോ ഇന്ത്യയ്ക്ക് എക്കാലവും ഓര്‍ത്തിരിക്കാനൊരു മെഡലും.
Content Highlights: jaspal rana advice motivated manu bhaker proved the turning point of her career