ഇന്ത്യക്ക് പ്രതീക്ഷയുടെ 'വെള്ളി'യാഴ്ച; വിനേഷിനായി ഹരീഷ് സാല്‍വെ ഹാജരാകും, വിധി ഇന്ന്

വിനേഷ് ഫോഗട്ട് |ഫോട്ടോ:PTI
വിനേഷ് ഫോഗട്ട് |ഫോട്ടോ:PTI

പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്‌സ് അയോഗ്യത സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ അസോസിയേഷനെ പ്രതിനിധാനം ചെയ്ത് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാല്‍വെ കായിക കോടതിയില്‍ ഹാജരാകും. പാരീസ് സമയം വെള്ളിയാഴ്ച രാവിലെ 9.30-ന് (ഇന്ത്യന്‍ സമയം ഏതാണ്ട് ഉച്ചയ്ക്ക് ഒരു മണി) കോടതി ഹിയറിങ് തുടങ്ങുമെന്നാണ് കരുതുന്നത്. 

നേരത്തേ വിനേഷിന്റെ അപ്പീല്‍ കായിക കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. വെള്ളി മെഡല്‍ അനുവദിക്കണമെന്നതാണ് വിനേഷിന്റെ ആവശ്യം. പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവിക സേന അംഗം കുൽഭൂഷൺ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഹാജരായിരുന്നത് ഹരീഷ് സാൽവെ ആയിരുന്നു.

വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നത്. മികച്ച മുന്നേറ്റം നടത്തി ഫൈനല്‍ വരെയെത്തി. ബുധനാഴ്ച ഫൈനലിന് മുന്നോടിയായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം അധികമുള്ളതായി കണ്ടെത്തിയതോടെ വിനേഷിന് അധികൃതര്‍ അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളി മെഡലും ഇല്ലാതായി. 
 

Content Highlights: ioa contacts harish salve to fight vinesh phogat case