മനുവിന്റേത് അവിശ്വസനീയമായ തിരിച്ചുവരവ്; അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതായി ശ്രീശങ്കര്‍

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ മനു ഭാക്കറിന്റേത് അവിശ്വസനീയമായ തിരിച്ചുവരവെന്ന് മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കര്‍(ഒളിമ്പിക്‌സ് എക്‌സ്‌പേര്‍ട്, ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18). സ്ഥിരതയാര്‍ന്ന പ്രകടനമാണ് മനുവിന്റേത്. ഈ മികച്ച തുടക്കം എല്ലാവരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ മെഡലുകള്‍ ഇത്തവണ പ്രതീക്ഷിക്കുന്നതായും ശ്രീശങ്കര്‍ പറഞ്ഞു. പാരീസ് ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ജിയോ സിനിമ സംഘടിപ്പിച്ച സംവാദപരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.
അത്‌ലറ്റിക്‌സിലും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നീരജ് ചോപ്ര ജാവലിനിലെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തും. സ്റ്റിപ്പിള്‍ ചേസ്, റിലേ ടീമുകളിലും പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.- ശ്രീശങ്കര്‍ പറഞ്ഞു. ലോങ് ജമ്പ് പ്രവചനാതീതമാണ്. എന്ത് അദ്ഭുതവും സംഭവിക്കാം. ജസ്വിന്‍ അല്‍ഡ്രിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. അതില്‍ നിരാശയുണ്ടെന്നും ഒരു ആരാധകനെന്ന നിലയില്‍ താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടം വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ പ്രയത്‌നിക്കേണ്ടതുണ്ട്. താഴേത്തട്ട് മുതല്‍ തന്നെ പദ്ധതികള്‍ നടപ്പിലാക്കണം. ഒളിമ്പിക്‌സില്‍ തിളങ്ങുകയെന്നത് ദീര്‍ഘകാലത്തെ പ്രയത്‌നം കൊണ്ട് സാധ്യമാകുന്നതാണ്. ഇതിനായി കൃത്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ആവശ്യമാണെന്നും ശ്രീശങ്കര്‍ പറഞ്ഞു.
Content Highlights: incredible redemption manu bhaker at paris olympics says m sreeshankar