സ്വകാര്യഭാഗം തട്ടി ബാര്‍ വീണു; പോള്‍വാള്‍ട്ടില്‍ ഫ്രാന്‍സ് താരം പുറത്ത് | വീഡിയോ വൈറല്‍

Photo | x.com/s0ftnsquishy
Photo | x.com/s0ftnsquishy

പാരീസ്: ഒളിമ്പിക്‌സില്‍ തലനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ട നിരവധി പേരെ കണ്ടിട്ടുണ്ട്. അതിസൂക്ഷ്മമെന്നു പറയാവുന്ന ചില പിഴവുകള്‍ കൊണ്ട് യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തുപോയവരും നിരവധിയുണ്ട്. പാരീസ് ഒളിമ്പിക്‌സ് പോള്‍ വാള്‍ട്ട് മത്സരത്തിനിടെ അത്തരത്തില്‍ ഒരവസ്ഥ നേരിടേണ്ടി വന്നിരിക്കുകയാണ് ഫ്രാന്‍സിന്റെ ആന്തണി അമിരറ്റിക്ക്. പോള്‍വാള്‍ട്ടിനിടെയുള്ള അമിരറ്റിയുടെ പ്രകടനത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. 

ഫൈനല്‍ റൗണ്ടിലേക്കുള്ള അമിരറ്റിയുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായത് സ്വന്തം സ്വകാര്യഭാഗംതന്നെ. സ്വന്തം നാട്ടിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിലായിരുന്നു താരം. 5.70 മീറ്റര്‍ ഉയരമെന്ന യോഗ്യതാ മാനദണ്ഡത്തിലേക്ക് മൂന്ന് ശ്രമങ്ങളാണ് താരം നടത്തിയത്. മൂന്നിലും പരാജയപ്പെട്ടു. അതില്‍ രണ്ടാമത്തെ ശ്രമത്തില്‍ വില്ലനായതാവട്ടെ, സ്വന്തം സ്വകാര്യ ഭാഗം. 

ഇതിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. പോള്‍വാള്‍ട്ടിങ്ങിനിടെ ആന്തണിയുടെ കാലുകള്‍ ആദ്യം ബാറില്‍ തട്ടുന്നുണ്ട്. അപ്പോഴും അത് വീഴുന്നില്ല. പക്ഷേ, പിന്നീട് സ്വകാര്യഭാഗം തട്ടിയതോടെ ബാര്‍ ഇളകിവീണു. അതോടെ ഫൈനല്‍ ബര്‍ത്തും അപകടത്തിലായി. പിന്നീട് ഒരു ശ്രമംകൂടിയുണ്ടായിരുന്നെങ്കിലും അതിലും പരാജയപ്പെട്ടു.

തറയില്‍ വീണതിനു പിന്നാലെ ആന്തണിക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. ഒളിമ്പിക്‌സില്‍ ഇതാദ്യമായല്ല പോള്‍വാള്‍ട്ട് മുന്നേറ്റത്തിന് സ്വകാര്യഭാഗം തടസ്സമാവുന്നത്. 2016 റിയോ ഒളിമ്പിക്‌സില്‍ ജപ്പാന്റെ ഹിരോകി ഒജിറ്റയ്ക്കും സമാന അനുഭവമുണ്ടായിരുന്നു. 2022-ലെ അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ്പിലെ വിജയിയാണ് ആന്തണി അമിരറ്റി.

Content Highlights: french pole vaulter anthony ammirati bulge costs him final berth video