യുഎസ് ജിംനാസ്റ്റിനോട് വെങ്കലം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി; വിനേഷിന്റെ ഹര്‍ജിയെ ബാധിക്കുമോ?

വിനേഷ് ഫോഗട്ട്, ജോര്‍ദാന്‍ ഷൈല്‍സ് | Photo: PTI, AP
വിനേഷ് ഫോഗട്ട്, ജോര്‍ദാന്‍ ഷൈല്‍സ് | Photo: PTI, AP

പാരീസ്: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഒളിമ്പിക് ജിംനാസ്റ്റിക്‌സില്‍ അന്താരാഷ്ട്ര കായികതര്‍ക്കപരിഹാര കോടതിയുടെ നിര്‍ണായക വിധി. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് താരം ജോര്‍ദാന്‍ ഷൈല്‍സിന്  ലഭിച്ച വെങ്കലം തിരികെ നല്‍കാന്‍ കായികതര്‍ക്കപരിഹാര കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. മത്സരത്തിലെ വിധി നിര്‍ണയത്തിനെതിരേ കോടതിയെ സമീപിച്ച റൊമാനിയയുടെ അന ബാര്‍ബോസുവിന് ആ വെങ്കലം ലഭിക്കുകയും ചെയ്തു.

ജിംനാസ്റ്റിക്‌സ് ഫ്‌ളോര്‍ എക്‌സര്‍സൈസ് ഇനത്തില്‍ ബാര്‍ബോസുവിന് പിന്നിലായിരുന്നു ഷൈല്‍സ്. ഷൈല്‍സിന് പോയിന്റ് കൂടുതല്‍ ലഭിക്കേണ്ടതായിരുന്നു എന്ന് കോച്ച് അപ്പീല്‍ നല്‍കി. വിധികര്‍ത്താക്കള്‍ ഈ അപ്പീല്‍ അനുവദിച്ചു. ഇതോടെ, ഷൈല്‍സ് മൂന്നാമതായി. അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ഷൈല്‍സിന്റെ സ്‌കോര്‍ പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. വെങ്കലമെഡല്‍ നഷ്ടമായതിനെതിരേ അന ബാര്‍ബോസു കോടതിയെ സമീപിക്കുകയായിരുന്നു. നിശ്ചയിച്ചിരുന്ന സമയപരിധിയേക്കാള്‍ ഒരുമിനിറ്റും നാലുസെക്കന്‍ഡും കഴിഞ്ഞാണ് ഷൈല്‍സിന്റെ കോച്ച് അപ്പീല്‍ നല്‍കിയതെന്ന് മത്സരത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി കണ്ടെത്തി.

കോടതിയുടെ തീരുമാനം വന്നതിനു പിന്നാലെ ഇത് വിനേഷ് ഫോഗട്ടിന്റെ കേസിനെ സ്വാധീനിക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകളും ആരംഭിച്ചു. എന്നാല്‍ രണ്ട് കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് പ്രശസ്ത കായിക അഭിഭാഷകന്‍ സൗരഭ് മിശ്ര ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഷൈല്‍സിന്റെ കേസില്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ സ്വന്തം നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം റൊമാനിയന്‍ താരത്തിന് അനുകൂലമായത്. നേരേമറിച്ച് വിനേഷിന്റെ കാര്യത്തില്‍ ഗുസ്തി ഫെഡറേഷന്‍ നിയമമനുസരിച്ചാണ് തീരുമാനം കൈക്കൊണ്ടത്.

മത്സര ദിവസം നിയമം അനുശാസിക്കുന്ന ഭാരപരിധി പാലിക്കാന്‍ വിനേഷിന് സാധിച്ചില്ല എന്നതാണ് കേസിലെ നിയമപ്രശ്‌നമെന്നും സൗരഭ് മിശ്ര പറഞ്ഞു. അതിനാല്‍ തന്നെ അന ബാര്‍ബോസുവിന്റെയും വിനേഷിന്റെയും കേസുകള്‍ സാങ്കേതികമായി വ്യത്യാസപ്പെട്ടതാണ്.

Content Highlights: International Court of Arbitration for Sport (CAS) orders US gymnast Jordan Chiles to return bronze