'ജനിച്ചതും വളര്‍ന്നതും സ്ത്രീയായി, പാസ്‌പോര്‍ട്ടും അതെ'; ഇമാന്‍ ഖലിഫ് വിവാദത്തില്‍ IOC പ്രസിഡന്റ്

Photo | AP
Photo | AP

പാരീസ്: പാരീസ് ഒളിമ്പിക്‌സ് വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തില്‍ ഇറ്റാലിയന്‍ താരം ആഞ്ജല കരിനിയും അള്‍ജീരിയയുടെ ഇമാന്‍ ഖലിഫും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിവാദത്തില്‍ കലാശിച്ചിരുന്നു. മത്സരമാരംഭിച്ച് 46-ാം സെക്കന്‍ഡില്‍ ഇമാന്റെ കനത്ത ഒരു പഞ്ച് മൂക്കില്‍ പതിച്ചതിനെത്തുടര്‍ന്ന് ആഞ്ജല മത്സരത്തില്‍നിന്ന് പിന്‍വാങ്ങി. മൂക്ക് തകര്‍ന്ന് റിങ്ങില്‍ മുട്ടുകുത്തി കരഞ്ഞ ആഞ്ജല, ഇമാന് ഹസ്തദാനം നല്‍കാനും വിസമ്മതിച്ചു. 

കഴിഞ്ഞവര്‍ഷം രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ (ഐ.ബി.എ.) ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇമാന്‍ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. പുരുഷന്മാര്‍ക്കുള്ള എക്‌സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ളതിനാലാണിത്. ഇമാനെക്കൂടാതെ, തയ്‌വാന്‍ താരം ലിന്‍ യു ടിങ്ങും ഐ.ബി.എ.യുടെ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ലിന്നിനും പാരീസില്‍ മത്സരിക്കാന്‍ ഐ.ഒ.സി. അനുമതി നല്‍കിയത് വിവാദമായി. 

ഇരുവരുടെയും ലിംഗനിര്‍ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്. ലിന്നും ഇമാനും സ്ത്രീയായി ജനിച്ച്, സ്ത്രീയായിത്തന്നെ വളര്‍ന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരുടെയും പാസ്‌പോര്‍ട്ട് വ്യക്തമാക്കുന്നതും അവര്‍ സ്ത്രീയാണെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'നമുക്കിവിടെ വളരെ വ്യക്തമാക്കാം. ഞങ്ങള്‍ വനിതാ ബോക്‌സിങ്ങിനെക്കുറിച്ചാണ് സംസാരിക്കുന്നത്. സ്ത്രീയായി ജനിച്ച്, സ്ത്രീയായിത്തന്നെ വളര്‍ന്ന്, സ്ത്രീയുടെ പാസ്‌പോര്‍ട്ടുള്ള, സ്ത്രീ എന്ന നിലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്സരരംഗത്തുള്ള രണ്ട് ബോക്‌സര്‍മാരാണ് ഞങ്ങള്‍ക്കുള്ളത്. അവര്‍ സ്ത്രീകളാണെന്നുള്ളതില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല', ബാക്ക് പറഞ്ഞു. 

Content Highlights: boxer imane khelif born as woman and raised as woman ioc president