മൂന്നുപേരും പിന്തുടര്‍ന്നത് അച്ഛന്റെ പാത;ക്ലാസെടുത്തെങ്കിലും ജീവിക്കാമെന്ന ധൈര്യം പകരുന്നതും അച്ഛന്

അച്ഛന്റെ സംഗീത പാരമ്പര്യത്തിന് പിന്തുടര്‍ച്ചക്കാരായി മൂന്ന് സഹോദരങ്ങള്‍. അതും വ്യത്യസ്ത വാദ്യോപകരണങ്ങളില്‍ പ്രാവീണ്യം നേടിയവര്‍. അത്തരമൊരു അപൂര്‍വതയാണ് അങ്കമാലി സ്വദേശിയായ ജോസഫ് ജി.പിയുടെ കുടുംബത്തിന് അവകാശപ്പെടാനുള്ളത്. മക്കളില്‍ മൂത്തയാള്‍ പോള്‍ ജോസഫ് ഡ്രംസിലും കീബോര്‍ഡിലുമാണ് തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നതെങ്കില്‍ രണ്ടാമന്‍ ജോണ്‍ ജോസഫ് ഗിറ്റാറിസ്റ്റാണ്. ആ കഥ പറഞ്ഞ് തുടങ്ങുകയാണ് കൂട്ടത്തില്‍ ഇളയ ആളും വയലനിസ്റ്റുമായ ജോയ് ജോസഫ്.
പിന്തുടര്‍ന്നത് അച്ഛന്റെ പാത
അച്ഛന്‍ ജോസഫ് ജി.പിയുടെ താളം തുഴഞ്ഞാണ് സഹോദരങ്ങള്‍ മൂന്നുപേരും സംഗീതലോകത്തേക്കെത്തുന്നത്. ഗാനഭൂഷണം കൂടിയായ ജോസഫ് ജി.പി. നല്ലൊരു ഹാര്‍മോണിസ്റ്റ് കൂടിയാണ്. ക്ലാസിക്കല്‍ മ്യൂസിക്കുമായാണ് അച്ഛന് ഏറ്റവുമധികം ബന്ധമെന്നും ജോയ് ജോസഫ് പറയുന്നു. ഇതേപാത തന്നെ പിന്തുടരണമെന്നും ചെറുപ്പത്തിലെ തങ്ങള്‍ ആഗ്രഹിച്ചിരുന്നതായും ജോയ് കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ ജോസഫ് കൂടുതലായും സംഗീത ക്ലാസുകളാണെടുക്കുന്നത്. പാലക്കാട് ശാലോം എന്ന പേരുള്ള സ്ഥാപനവും ജോസഫ് ജി.പിയുടേതായി ഉണ്ടായിരുന്നു. ചെറുപ്പം തൊട്ടേ അച്ഛന്റെ ശിഷ്യന്മാരായിരുന്നും പോളും ജോണും ജോയിയും.
അച്ഛന്റെ ശിഷ്യന്മാര്‍
ചേട്ടന്‍ പോള്‍ ജോസഫ് ബി.എ. മൃദംഗം കഴിഞ്ഞ ശേഷമാണ് ഡ്രംസിലേക്ക് തിരിയുന്നത്. ഇതോടൊപ്പം കീബോര്‍ഡും വായിക്കും. രണ്ടാമത്തെയാളായ ജോണ്‍ ജോസഫ് ഗിറ്റാറിസ്റ്റും റെക്കോഡ് ഹോള്‍ഡറുമാണ്. ബെസ്റ്റ് ഫാസ്റ്റസ്റ്റ് ഗിറ്റാര്‍ പ്ലേയറെന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലിടം നേടിയിട്ടുണ്ട്. താന്‍ വയലിനിലാണ് വൈദഗ്ധ്യം നേടിയതെന്നും ജോയ് ജോസഫ് പറഞ്ഞുനിര്‍ത്തുന്നു.
'കലോത്സവം പോലുള്ള പരിപാടികള്‍ക്കായി വെസ്റ്റേണാണ് ഞാന്‍ ഫോക്കസ് ചെയ്തിരുന്നത്', കുട്ടിക്കാലത്തെ പ്രാക്ടീസ് ജോയ് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ. ക്ലാസിക് പഠിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് അച്ഛന്റെ കൂടെ പ്രാക്ടീസ് കൂടുതലായും ജോയ് തുടങ്ങുന്നത്. ചെറുപ്പത്തിലെ ഏഴുമണിക്കൂര്‍ വരെ ദിനംപ്രതി പ്രാക്ടീസ് ഉണ്ടായിരുന്നുവെന്ന് ജോയ് പറയുന്നു. വയലിനില്‍ സ്റ്റേറ്റ് കലോത്സവം ഒന്നാം സ്ഥാനം നേടിയ ജോയിയോട് ആദ്യത്തെ പരിപാടി അവതരണത്തെ കുറിച്ച് ചോദിപ്പോഴുള്ള പ്രതികരണം ഇങ്ങനെ...
' അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയിലായിരുന്നു ആദ്യ പ്രകടനം. ന്യൂ ഇയര്‍ പ്രെയറിന് മുന്‍പ് ചര്‍ച്ചിലെ പിള്ളേരുടെ പരിപാടിയുണ്ടാകും. കുറെ ആളുകളുണ്ടായിരുന്നെങ്കിലും നല്ല രീതിയില്‍ പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു', ജോയ് പറഞ്ഞുനിര്‍ത്തി.
സഹോദരന്മാര്‍ക്ക് സ്വന്തമായുള്ള ബാന്‍ഡ്
ട്രൈടോംസ് എന്ന പേരിലുള്ള ബാന്‍ഡിന്റെ തലപ്പത്തും ഈ മൂന്ന് സഹോദരങ്ങള്‍ തന്നെയാണ്. എറണാകുളം ആസ്ഥാനമാക്കിയാണ് ബാന്‍ഡ് പ്രവര്‍ത്തിക്കുന്നതും. ഒന്നരമണിക്കൂര്‍ നേരമാകും ബാന്‍ഡിന്റെ ഷോ. കോളേജുകളിലടക്കം ഷോകള്‍ നടത്തിയിട്ടുണ്ട്.
പരിശീലനം ഇങ്ങനെ
ബാന്‍ഡിന്റെ പരിപാടിക്ക് മുന്‍പേ ഒരാഴ്ച പരിശീലനമുണ്ടാകും. ഒരു പരിപാടിയില്‍ തന്നെ 17 ഗാനങ്ങളുണ്ടാകും. കല്ല്യാണങ്ങൾ പോലുള്ള പരിപാടികൾക്കായും ഇവര്‍ ഷോ നടത്താറുണ്ട്. പരിപാടികള്‍ക്കായുള്ള സൗണ്ടും മറ്റും ഏര്‍പ്പാടാക്കുന്നത് ചേട്ടന്‍ പോള്‍ ജോസഫാണ്. കേരളത്തില്‍ എല്ലായിടത്തും ജോയ് പരിപാടി നടത്തി കഴിഞ്ഞു. കേരളത്തിന് പുറത്ത് പ്രോഗ്രാമുകള്‍ക്കായും അല്ലാതെയും ഇപ്പോഴും ഈ സഹോദരങ്ങള്‍ പരിശീലനം മുടക്കാറില്ല. ദിനപ്രതി പരിശീലനം നടത്തിയാല്‍ ഗാനങ്ങളും നല്ലരീതിയില്‍ വായിക്കാമെന്നാണ് ജോയ് പറയുന്നത്. ഓരോ ദിവസവും ഒന്നരമണിക്കൂറാണ് നിലവില്‍ പ്രാക്ടീസ് ചെയ്യുന്നത്. ഏത് വാദ്യോപകരണമാണോ നമ്മള്‍ വായിക്കുന്നത്, അതില്‍ നല്ല രീതിയില്‍ തന്നെ പണിയെടുക്കേണ്ടി വരും. പ്രാക്ടീസ് കുറഞ്ഞാലോ മുടങ്ങിയാലോ അതിന്റെ മാറ്റം പ്രകടനത്തിലുണ്ടാകും. ഇപ്പോഴും വായിക്കാന്‍ ബുദ്ധിമുട്ട് ഏറെയുള്ള വാദ്യോപകരണം ഏതെന്ന് ചോദിച്ചാല്‍ ജോയിയുടെ മറുപടി വയലിന്‍ തന്നെയാകും. അതിന്റെ ശരിയായ പൊസിഷന്‍ കിട്ടാനുള്ള പാടാണ് ഇതിന് പിന്നിലെന്നും ജോയി പറയുന്നു. അതേസമയം കീബോര്‍ഡിലും ഗിറ്റാറിലും എല്ലാം നോട്ടുക്കളായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. വയലിനില്‍ നോട്ട് മനസ്സില്‍ പതിഞ്ഞാലേ അത് കൈയ്യില്‍ വരൂ. വയലിനും ബോയും നല്ല കണക്ഷനില്‍ പോകണം, ജോയ് പറയുന്നു.
ഫാമിലി പ്രാക്ടീസ് അഥവാ ജാമിങ്
മാസത്തില്‍ നാലുതവണയെങ്കിലും ഒരുമിച്ച് ഈ സഹോദരങ്ങള്‍ പ്രാക്ടീസ് ചെയ്യും. വയലിന്‍ ലീഡ് പോകും. ഗിറ്റാറും കീബോര്‍ഡും വെച്ച് ബാക്കിങ്ങും. വൈകുന്നേരമാണ് ജാമിങ് സെഷന്‍ നടത്തുകയെന്ന് പറയുകയാണ് ജോയ് പറയുന്നത്. ഇതിനായി സൗണ്ട് പ്രൂഫ് അടക്കമുള്ള സംവിധാനങ്ങളുണ്ട്. ഇത്തരം ജാമിങ് സെഷനുകള്‍ പരിപാടിക്ക് കൂടുതല്‍ മികവ് നല്‍കാന്‍ സഹായകരമാകുമെന്നാണ് ജോയ് പറയുന്നു. ജാമിങ് സെഷനുകളിൽ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതും ജോയ് തന്നെയാണ്. ഒരുപ്രായം കഴിഞ്ഞാല്‍ പ്രാക്ടീസ് നടക്കില്ല. അപ്പോഴേക്കും നല്ലരീതിയില്‍ വാദ്യോപകരണങ്ങള്‍ പഠിച്ചെടുക്കുകയാണ് വേണ്ടതെന്ന ഉപദേശമാണ് ജോണിന് തരാനുള്ളത്. കോവിഡ് സമയത്ത് പരിപാടികള്‍ കുറഞ്ഞല്ലോ, അപ്പോള്‍ പ്രധാന മാര്‍ഗം ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയായിരുന്നു. ഇപ്പോള്‍ പ്രോഗ്രാമുകളുണ്ടെങ്കില്‍ ക്ലാസ് നടക്കില്ല. ഇത് രണ്ടും ഒരുമിച്ച് നടക്കില്ല. ഇപ്പോഴും ക്ലാസെടുത്തെങ്കിലും ജീവിക്കാമെന്ന ധൈര്യം തരുന്നത് അച്ഛന്‍ തന്നെയാണെന്നും ജോയ് പറയുന്നു.
ഞെട്ടിച്ച പശ്ചാത്തലസംഗീതം
കസ്തൂരിമാന്‍ സിനിമയിലെ വയലിന്റെ ബി.ജി.എം. ശരിക്കും ഞെട്ടിച്ചു. രാക്കുയില്‍ പാടി എന്ന പാട്ടിലാണിത്. അതിലാണ് തനിക്ക് ഇഷ്ടപ്പെട്ട വയലിന്‍ വായനയുള്ളതെന്നും ജോയ് പറയുന്നു. ഇത്തരത്തിലുള്ള പശ്ചാത്തലസംഗീതങ്ങള്‍ വായിച്ചുനോക്കാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. തമിഴില്‍ അനിരുദ്ധും എ.ആര്‍. റഹ്‌മാനും അവരവരുടെ രീതിയില്‍ വ്യത്യസ്തരാണെന്നും ജോയ്. സംഗീതത്തെ കൂടുതല്‍ വാണിജ്യവത്കരിക്കുന്ന പ്രവണതയും ഇപ്പോള്‍ കണ്ടുവരാറുണ്ടെന്ന പരിഭവമാണ് ജോയ് മുന്നോട്ടുവെയ്ക്കുന്നത്. ആര്‍ട്ടിസ്റ്റുകളല്ലാത്തവര്‍ ആര്‍ട്ടിസ്റ്റുകളാണെന്ന് പറഞ്ഞ് ഇറങ്ങുന്നതാണ് പ്രശ്‌നം.
സിനിമയിലും ഉടനെ കേള്‍ക്കാം
ബാലു വര്‍ഗീസ് നായകനായ 'പ്രിന്‍സസ് സ്ട്രീറ്റ്' എന്ന പേരുള്ള ചിത്രത്തില്‍ ജോയുടെ സംഗീതമാധുരി ഉടന്‍ പ്രദര്‍ശനശാലകളിലെത്തും. പ്രിന്‍സ് ജോര്‍ജ് എന്ന മ്യൂസിക് ഡയറക്ടര്‍ വിളിച്ചിട്ടു പോയിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയിലെയും ഏതോ മഴയില്‍ എന്ന പാട്ടൊക്കെ പുള്ളിയുടെ സൃഷ്ടിയാണ്. പ്രിന്‍സസ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ രണ്ടുമൂന്ന് ഗാനങ്ങളിലെ വയലിന്റെ ബി.ജി.എം. അതില്‍ വായിച്ചു, സ്വന്തമായി സംഗീതം ഇറക്കാനും പദ്ധതിയുള്ളതായി ജോയ് പറയുന്നു. വായനയ്ക്കിടയില്‍ തെറ്റുകള്‍ വന്നാല്‍ അച്ഛന്‍ തിരുത്തും. അമ്മ ശാന്ത ജോസഫിന് സംഗീത ലോകവുമായി ബന്ധമില്ലെങ്കിലും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട്.
Content Highlights: siblings in path of music inspired from father