റെക്കോഡ് പ്ലെയറിന്റെ സൂചി ആയുധമാക്കിയ സംഗീതലോകത്തെ ആന്റി-ഹീറോ

"ഈ റാപ്പും ഹിപ്ഹോപ്പും ഒക്കെ സംഗീതം ആണോ?"എന്നത് എഴുപതുകളുടെ തുടക്കത്തിൽ, മേൽപ്പറഞ്ഞ പദങ്ങൾ പിറവി കൊണ്ടത് മുതൽ ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമാണ്. നൂറായിരം തവണ ചോദിക്കപ്പെട്ട ഈ ചോദ്യത്തിന് ആയിരമായിരം പേർ ലക്ഷക്കണക്കിന് ഉത്തരങ്ങൾ കൈമാറിയിട്ടും അണയാത്ത ഒരു പ്രഹേളികയായി അതവശേഷിക്കുന്നത്, ആ ചോദ്യം വീണ്ടും വീണ്ടും ചോദിക്കപ്പെടേണ്ടതാണെന്നത് കൊണ്ടുമാത്രമാണ്. എത്രയെത്ര വീക്ഷണകോണുകൾ ഉണ്ടോ, അത്രയും വശങ്ങളിൽ നിന്നും ഈ വിഷയത്തെ നോക്കിക്കണ്ട് അഭിപ്രായങ്ങൾ ഉരുത്തിരിയണം. അതാണല്ലോ ജനാധിപത്യമര്യാദ. ഇന്ന് സംഗീതലോകമെന്ന തറവാടിന്റെ ഉത്തരത്തിൽ കയറിയിരുന്ന് ഭരിക്കുന്നത് റാപ്പ് / ഹിപ്ഹോപ് മ്യൂസിക്കാണെന്നത് തന്നെ കാരണം.
മുഖ്യധാരാ സംഗീതം / പോപ്പുലർ മ്യൂസിക്ക് ലോകമെമ്പാടുമുള്ള വലിയ ജനതയുടെ ഉപബോധമനസ്സിൽ കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു പടുകൂറ്റൻ സ്ഫടികമാളികയെ കറുത്ത മെഴുകു പരത്തിയുണ്ടാക്കിയ വിനൈൽ റെക്കോഡുകൾ കൊണ്ട് തച്ചുടച്ച്, ആ കോട്ട കയ്യേറി, സിംഹാസനത്തിൽ കയറിയിരുന്ന ഒരു വിപ്ലവകാരിയാണ് ഹിപ്ഹോപ് എന്ന സമാന്തര അർബൻ സംസ്കാരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ റാപ്പ് മ്യൂസിക്. എഴുപതുകളിൽ അരങ്ങുവാണിരുന്ന ഡിസ്കോയെയും സ്ലോജാമുകളുകളെയും മാളികപ്പുറത്തുനിന്ന് വലിച്ചു താഴെയിട്ട് മരണത്തിന് വിട്ടുകൊടുത്തത് ഹിപ്ഹോപ് സംഗീതമായിരുന്നു.
Content Highlights: Rjv Ernesto hiphop music artist writes music day special article