ഇവിടെയും തെറ്റുകാരി ഞാനല്ല, എന്റെ പാട്ടുക്ലാസ് നിര്‍ത്തിച്ച ദൂരദര്‍ശനും ചിത്രഗീതവുമാണ്!

പാട്ട് ആസ്വദിക്കുകയും പാടുകയും ചെയ്യുന്നവരോട് മുന്‍കൂറായി ക്ഷമ പറഞ്ഞ് കൊണ്ട് ഞാനെന്റെ പാട്ടോര്‍മ്മകള്‍ ഇവിടെ കുറിക്കട്ടെ... ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി നടന്ന സംഭവങ്ങളാണ് ഞാന്‍ ഇവിടെ കുറിക്കുന്നത്.
എല്ലാത്തിനും കാരണം ചിത്രഗീതമാണ്
ജീവിതത്തില്‍ ഒരിക്കലെങ്കിലും കുറ്റബോധം തോന്നാത്തവരുണ്ടോ, ഇല്ലായിരിക്കും. എനിക്കാണെങ്കില്‍ ഇന്നേവരെയുള്ള ജീവിതത്തില്‍ രണ്ട് തവണ തോന്നിയ കുറ്റബോധത്തിന്റെ കഥയാണിത്. സംഗീതവുമായി അഭേദ്യമായ ബന്ധമുള്ളതായത് കൊണ്ട് ഇവിടെ കുറിയ്കാമെന്നുകരുതി. ആദ്യത്തേത് പ്രണയം തലയ്ക്കു പിടിച്ചിരിക്കുന്ന സമയത്തേതാണ്. എല്ലാ ദിവസും വിളിക്കുക, സംസാരിക്കുക തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍ തീരെയില്ലാത്ത ഒരു പ്രണയമായിരുന്നു അത്. രാവിലെ ഒരു മെസേജ് അയച്ചാലായി ഇല്ലെങ്കിലായി. ഒഴിവ് ദിവസങ്ങളില്‍ സൗകര്യം കിട്ടുന്നത് പോലെ ആയിരുന്നു ഞങ്ങളുടെ ഫോണ്‍ വിളിയൊക്കെ. ഒരു ശനിയാഴ്ച. അന്ന് വൈകുന്നേരം ഫ്രീ ആയതു കൊണ്ട് പുള്ളി ഫോണ്‍ വിളിച്ചു. എന്തോ പറഞ്ഞോണ്ട് ഇരുന്നപ്പോ പുള്ളീടെ വക ഒരു ഡയലോഗ്. 'എടോ താനൊരു പാട്ട് പാട്'.
ബാത്ത്‌റൂമില്‍ പോലും പാട്ടുപാടാത്ത എന്നോടാണ് പുള്ളി വളരെ റൊമാന്റിക്കായി പാട്ട് പാടാന്‍ ആവശ്യപ്പെടുന്നത്. പാടില്ലെന്നുള്ള എന്റെ വാദമൊക്കെ പുള്ളി ജാടയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. പാട്ട് പാടിയേ പറ്റൂവെന്ന് പുള്ളി. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ ഞാന്‍ പാടി. എന്റെ സകല കഴിവും പുറത്തെടുത്ത് ഞാന്‍ പാടി. നാല് വരി മതിയെന്ന് പറഞ്ഞ പുള്ളിക്ക് ഞാന്‍ ആ പാട്ട് മുഴുവന്‍ പാടിക്കൊടുത്തു. പാട്ട് കഴിഞ്ഞ് എങ്ങനെയുണ്ടെന്ന് ചോദ്യത്തിന് മറുപടി കിട്ടിയിട്ടില്ല. പക്ഷേ മറുപടി എനിക്ക് ഊഹിക്കാമായിരുന്നു, പീന്നിട് ഒരിക്കലും പാടുമോന്ന് പോയിട്ട് പാട്ടിനെക്കുറിച്ച് പോലും ഒന്നും സംസാരത്തില്‍ കടന്ന് വരാതെ ഇരിക്കാന്‍ പുള്ളി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കേള്‍ക്കുന്ന പാട്ടിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ആളാണ് ഈ അവസ്ഥയില്‍ എത്തിയത്.
എനിക്ക് നല്ല വിഷമം ആയി എല്ലാത്തിനും കാരണം ദൂര്‍ദര്‍ശന്‍ ആണ്. പണ്ട് പാട്ട് പഠിക്കാന്‍ എന്നെ കൊണ്ടുപോയിരുന്നു. മാഷ് വരുന്നത് വെള്ളിയാഴ്ച. ആദ്യത്തെ ഒന്ന് രണ്ട് ആഴ്ച ഞാന്‍ പോയി. പക്ഷേ ഒരു പ്രശ്‌നമുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രഗീതം. വീട്ടില്‍ കേബിളില്ല. ആകെയുള്ള എന്റര്‍ടൈന്‍മെന്റ് അതാണ്. ചിത്രഗീതം കാണാതെ വെറുതേ സാ പാ മാ പാടി സമയം കളയുന്നത് വല്യ നഷ്ടമാണ്. പിറ്റേ ആഴ്ച ക്ലാസിന് പോയി ചിത്രഗീതത്തിന്റെ സമയം ആയപ്പോ വയറു വേദന എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് ഓടി. ഇത് സ്ഥിരമായപ്പോള്‍ അമ്മ കണ്ടുപിടിച്ച് ക്ലാസ് നിര്‍ത്തി. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ആരായി തീരേണ്ടതായിരുന്നു ഞാന്‍! ഒന്നുമില്ലെങ്കിലും കാമുകനെ ഇംപ്രസ്സ് എങ്കിലും ചെയ്യാമായിരുന്നു. പാട്ട് പഠിക്കാത്തതിന്റെ കുറ്റബോധം അവിടെ തുടങ്ങുന്നു. റിയാലിറ്റി ഷോയിലെ കുട്ടികള്‍ തകര്‍ത്ത് പാടുമ്പോള്‍ ഞാന്‍ അമ്മയോടു ചോദിക്കും രണ്ട് അടി തന്നിട്ടാണെങ്കിലും എന്നെ പാട്ട്ക്ലാസ്സില്‍ വിട്ടൂടായിരുന്നോ എന്ന്.
കാലം കടന്നു പോയി. പ്രണയം അതിന്റെ വഴിക്ക് പോയെങ്കിലും നാലാള്‍ കൂടുന്നിടത്ത് പാട്ടിനെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നു. കാലചക്രം പിന്നെയും ഓടിക്കൊണ്ടിരുന്നു. കഥയിലെ അടുത്ത ട്വിസ്റ്റ് നടക്കുന്നത് എന്റെ വിവാഹശേഷമാണ്. വിവാഹം കഴിഞ്ഞ് അധികമായിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ അച്ഛന്‍, അമ്മ, അമ്മൂമ്മ, ചേട്ടന്‍, ചേട്ടന്റെ ഭാര്യ, കുഞ്ഞ് ഇത്രയും അംഗങ്ങള്‍ ഉണ്ട്. എല്ലാവരുമായി ഞാന്‍ കൂട്ടായി വരുന്ന സമയം. ഒരു ദിവസം ഉച്ചയ്ക്ക് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മായി പറഞ്ഞു ഇന്ന് വൈകിട്ട് വിളക്ക് വെയ്ക്കുന്ന സമയത്ത് കുളിച്ചിട്ട് പൂജാമുറിയിലേക്ക് വരണം. ഒരു ചടങ്ങുണ്ട്. കല്യാണം കഴിഞ്ഞ ഉടനെ നടത്തേണ്ടതായിരുന്നു. തിരക്കായതു കൊണ്ടാണ് മാറ്റി വച്ചത്. ഇനി അത് പറ്റില്ല. ഇന്ന് നല്ല ദിവസമാണ് ഇന്ന് തന്നെ നടത്തണം. മറക്കണ്ട. എന്താ സംഭവമെന്ന് ഞാന്‍ എത്ര ചോദിച്ചിട്ടും ആരും ഒന്നും സംസാരിക്കുന്നില്ല. എനിക്കാണേല്‍ പാണ്ടിപ്പട സിനിമയില്‍ ദിലീപിനെ അണ്ണന്റെ ടീമിലെടുക്കാന്‍ നടത്തുന്ന ചടങ്ങുകളാണ് ഓര്‍മ്മ വന്നത്. ഇനി അങ്ങനെ എന്തെങ്കിലും.
അമ്മ അന്ന് വരെ ഇത്ര സീരിയസ് ആയിട്ട് സംസാരിച്ചിട്ടില്ല. എപ്പോഴും ചിരിച്ചു കാണുന്ന അമ്മമ്മ പോലും കട്ട കലിപ്പ് ലുക്കില്‍. എനിക്കാണേല്‍ ടെന്‍ഷന്‍ ആയിട്ട് ഒന്നിനും വയ്യ. ടെന്‍ഷന്‍ സഹിക്കാന്‍ വയ്യാതെ ജോലിക്ക് പോയ ഭര്‍ത്താവിനെ വിളിച്ചു ഞാന്‍ ചൂടായി. ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടെന്ന് എന്ത് കൊണ്ട് പറഞ്ഞില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്കൊന്നും അറിയില്ല അമ്മയെ വിളിക്കട്ടെ എന്ന് പറഞ്ഞ് പുള്ളിയും ഫോണ്‍ കട്ട് ചെയ്തു. അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ചു വിളിച്ച് ഒന്നുമില്ല പേടിക്കണ്ട ചെറിയ ചടങ്ങാണ്. ഞാന്‍ മറന്ന് പോയതാണ്. ചേടത്തി ഒക്കെ ചെയ്തിട്ടുണ്ട്. ധൈര്യമായിട്ട് ഇരിക്ക് എന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. ഞാന്‍ ആകെ വിരണ്ട് പോയി. ആരെ വിളിക്കണം എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല. വൈകിട്ടായപ്പോള്‍ അമ്മ വീണ്ടും ചടങ്ങിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. കുളിച്ച് ഭയഭക്തിയോടെ ഞാന്‍ പൂജാമുറിയിലെത്തി.
അമ്മൂമ്മ വിളക്ക് കത്തിച്ച് റെഡിയായി നില്‍ക്കുകയാണ്. എന്നാല്‍ ചടങ്ങ് തുടങ്ങാം അമ്മൂമ്മ അമ്മയെ വിളിച്ചു പറഞ്ഞു. മോളേ ഇവിടെ കല്യാണം കഴിഞ്ഞ് വരുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു ചടങ്ങുണ്ട്. അത് കഴിഞ്ഞാലേ അവര്‍ ഈ കുടുബത്തിന്റെ ഭാഗമാവുള്ളു. ഏതാണ്ട് പേടിച്ച് വിറച്ച് നില്‍ക്കുന്ന എന്നോട് അമ്മ പറയുകയാണ്. വിളക്കിനെ തൊഴുതിട്ട് മക്കളൊരു പാട്ട് പാടണം. ഇത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാണ്‍ കഴിയാത്ത അവസ്ഥയിലായി ഞാന്‍. പെട്ടെന്ന് പാട് മക്കളെ അമ്മൂമ്മയ്ക്ക് ഒരുപാട് സമയം ഒന്നും നില്‍ക്കാന്‍ പറ്റില്ലെന്ന് അമ്മൂമ്മയും. ഒരു തവണ പാടിയ ക്ഷീണം തന്നെ തീര്‍ന്നിട്ടില്ലാത്ത എന്നോടാണ് ഇവര്‍ പാടാന്‍ പറയുന്നത്. എന്റെ കഴിവിനെക്കുറിച്ച് ഉത്തമ ബോധ്യമുള്ള ഞാന്‍ ഒഴിഞ്ഞു മാറാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
അവസാനം എന്നെക്കൊണ്ട് പാടിച്ചു. പാടുന്നതിനിടയക്ക് അമ്മയുടെയും അമ്മൂമ്മയുടെയും മുഖം മാറുന്നത് ഞാന്‍ ഇടംകണ്ണ് കൊണ്ട് കാണുന്നുണ്ടായിരുന്നു. ഇത് എന്റെ തെറ്റല്ല... ഒഴിഞ്ഞു മാറാന്‍ ഞാന്‍ നോക്കിയതാണ്. ഇത് വിധിയാണ്. പാടിക്കഴിഞ്ഞ് ഇടം വലം നോക്കാതെ ഞാന്‍ എന്റെ റൂമിലേക്ക് ഓടി. പിന്നെ ആ റൂം ഞാന്‍ തുറക്കുന്നത് രാത്രി ഡ്യുട്ടി കഴിഞ്ഞ് ഭര്‍ത്താവ് വന്നപ്പോള്‍ ആയിരുന്നു. എന്തായി പാട്ട് കച്ചേരി എന്ന് ചോദിച്ചപ്പോള്‍ അമ്മയോട് ചോദിക്കൂ എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു. ചോദിച്ചോ, അമ്മ എന്ത് പറഞ്ഞു എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല പക്ഷേ ദേ ഈ നിമിഷം വരെ വീട്ടിലുള്ള ആരും എന്നോട് പാട്ട് പാടാന്‍ പറഞ്ഞിട്ടില്ല. എന്തെങ്കിലും കാര്യസാധ്യത്തിന് അമ്മ തടസ്സം പറയുമ്പോള്‍ ഞാന്‍ രഹസ്യമായി ചോദിക്കും എന്നാല്‍ ഞാന്‍ ഒരു പാട്ട് പാടാം എന്ന്. പിന്നെ ഒരു കൂട്ടച്ചിരിയാണ് ... ഇവിടെയും തെറ്റുകാരി ഞാനല്ല എന്റെ പാട്ട് ക്ലാസ്സ് നിര്‍ത്തിച്ച ചിത്രഗീതമാണ്!
Content Highlights: Music day, World Music Day, Music, Musician, Memories