'മത്സരത്തിൽ ഞാനും എതിരാളിയും മാത്രമല്ല, മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു'; മാതൃത്വം നിറഞ്ഞ മൈതാനം

'മത്സരത്തില്‍ നിങ്ങള്‍ കണ്ടത് എന്നെയും എതിരാളിയെയും മാത്രമായിരിക്കും, എന്നാല്‍ ഞങ്ങള്‍ മൂന്നുപേരാണ് അവിടെയുണ്ടായിരുന്നത്. ഞാനും എതിരാളിയും ഒപ്പം ഇനിയും ഈ ലോകത്തേക്കെത്താത്ത എന്റെ കുഞ്ഞും.' കഴിഞ്ഞ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഈജിപ്തിന്റെ വനിതാ ഫെന്‍സിങ് താരം നദ ഹഫസിന്റെ വാക്കുകളാണിത്. തന്റെ ഉദരത്തില്‍ പത്ത് മാസം ഒരു ജീവനെ സംരക്ഷിച്ച്, ആ കുഞ്ഞിന്റെ ഓരോ ശ്വാസവും സ്പന്ദനവും സ്വന്തം ശരീരത്തോടും മനസ്സോടും ചേര്‍ത്ത് ഓരോ അമ്മമാരും സ്‌നേഹത്തിന് അതിരുകള്‍ ഇല്ലെന്ന് തെളിയിക്കുന്നു.
ഈ ഗര്‍ഭകാലം സ്വന്തം കരുത്താക്കി മാറ്റിയ അമ്മമാരെ നിങ്ങള്‍ക്ക് അറിയാമോ? ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിന്റെ കഴിഞ്ഞ പതിപ്പുകളില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്ത് ഞെട്ടിച്ചവരുടെ കൂട്ടത്തിലെ താരം. വാള്‍ പയറ്റില്‍ അത്ഭുതം തീര്‍ത്ത ഈജിപ്തിന്റെ നദാ ഹഫീസ്. 2024 പാരീസ് ഒളിമ്പിക്സിലെ നദയുടെ പ്രകടനം മികച്ചതായിരുന്നു. ഏഴുമാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു നദയുടെ അഭ്യാസ പ്രകടനം.
ശക്തിയുക്തമായ മാതൃത്വത്തിന്റെ മുഖം കായികതാരങ്ങളിലൂടെ ലോകം ഒരുപാട് കണ്ടതാണ്. ഗര്‍ഭിണിയായിരിക്കെയാണ് പാരിസ് ഗെയിംസില്‍ ഈജിപ്തില്‍ നിന്നുള്ള നാദ ഹഫീസും അസര്‍ബൈജാനില്‍ നിന്നുള്ള യയ്ലാഗുല്‍ റമസനോവയും ഒളിമ്പ്യന്‍മാരായി മത്സരിച്ചത്. ഫെന്‍സറായ ഹഫീസ് ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അമ്പെയ്ത്ത് താരമായ റമസനോവ ആറര മാസവും.
മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച അത് അമ്മമാര്‍ക്കായി മാറ്റിവെക്കപ്പെടുന്ന ദിനമാണ്. ഈ ദിവസം കുട്ടികള്‍ അമ്മമാര്‍ക്ക് ആശംസാ കാര്‍ഡുകള്‍, പൂക്കള്‍, ചോക്കലേറ്റുകള്‍ അതുമല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക സമ്മാനങ്ങള്‍ എന്നിവ നല്‍കുന്നു. എന്നാല്‍ ഇവിടെ കുഞ്ഞുങ്ങള്‍ കാത്തുവെച്ചത്ത് തന്റെ അമ്മമാര്‍ക്കുള്ള ലോകത്തിന്റെ പ്രശംസയായിരുന്നു.
ആങ്കി വാന്‍ ഗ്രണ്‍സ്വെന്‍ (2004)
തുടര്‍ച്ചയായ മൂന്ന് വ്യക്തിഗത ഒളിമ്പിക് കിരീടങ്ങള്‍ നേടിയ ചരിത്രത്തിലെ ഏകഹോഴ്‌സ് റൈഡറാണ് അങ്കി വാന്‍ ഗ്രണ്‍സ്വെന്‍. നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള ഈ കുതിരസവാരിക്കാരി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഏഥന്‍സില്‍ നടന്ന 2004-ലെ സമ്മര്‍ ഗെയിംസില്‍ മത്സരിക്കുകയും വ്യക്തിഗത സ്വര്‍ണം നേടുകയും ചെയ്തു.
അമേലി കോബര്‍ (2006)
2006-ല്‍ ഇറ്റലിയിലെ ടൂറിനില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ ജര്‍മ്മന്‍ സ്‌നോബോര്‍ഡറായ അമേലി വെള്ളി മെഡല്‍ നേടിയത് രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലതെറ്റി വീണിട്ടും അടിപതറാതെ വിജയത്തിലേക്ക് കുതിച്ചു അവള്‍. ആ നിശ്ചയദാര്‍ഢ്യം ഫലം കണ്ടു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്‌നോബോര്‍ഡറായി മാറി അമേലി.
കെര്‍സ്റ്റിന്‍ സിംകോവിയാക് (2010)
കാനഡയിലെ വാന്‍കൂവറില്‍ 2010-ല്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ സ്‌കെലിറ്റണ്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടുമ്പോള്‍ ജര്‍മ്മനിയില്‍ നിന്നുള്ള കെര്‍സ്റ്റിന്‍ സിംകോവിയാക് രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.
കിം റോഡ് (2012)
ഗര്‍ഭിണിയായിരിക്കെ 2012-ല്‍ ലണ്ടനില്‍ വച്ച് നടന്ന സമ്മര്‍ ഒളിംപിക്‌സില്‍ ഷൂട്ടിങ് ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയ താരമാണ് കിം റോഡ്. തുടര്‍ച്ചയായ ആറ് ഒളിമ്പിക് ഗെയിമുകളില്‍ മൂന്ന് സ്വര്‍ണ്ണമുള്‍പ്പെടെ ആറ് മെഡലുകളാണ് ഈ യുഎസ് ഷൂട്ടര്‍ നേടിയത്.
മാര്‍ട്ടിന വാല്‍സെപിന (2014)
ഇരട്ടകളെ ഗര്‍ഭം ധരിച്ചു കൊണ്ടായിരുന്നു ഇറ്റലിയെ പ്രതിനിധീകരിച്ച ഷോര്‍ട്ട്-ട്രാക്ക് സ്പീഡ് സ്‌കേറ്റര്‍ മാര്‍ട്ടിന വാല്‍സെപിന 2014-ല്‍ റഷ്യയിലെ സോചിയില്‍ നടന്ന വിന്റര്‍ ഒളിമ്പിക് ഗെയിംസില്‍ വെങ്കലം നേടിയത്.
എലിനോര്‍ ബാര്‍ക്കര്‍ (2020)
2020-ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ട്രാക്ക് സൈക്ലിംഗില്‍ വെള്ളിമെഡലിനായി സ്വന്തം കുഞ്ഞിനെയും ഉദരത്തിലേറ്റിയായിരുന്നു എലിനോര്‍ ബാര്‍ക്കര്‍ കുതിച്ചത്. പിന്നീട് ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് മത്സരസമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് വെളിപ്പെടുത്തിയത്.
മാതൃദിനത്തെ കുറിച്ച്...
നമ്മെ ജീവിതത്തിലേക്ക് കൊണ്ട് വന്ന് നിസ്വാര്‍ഥമായി സ്നേഹിച്ച അമ്മയെ സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം. എന്നാല്‍, ഒരു ദിവസത്തെ മാത്രം പരിധി വെക്കേണ്ടതല്ല അമ്മയോടുള്ള സ്നേഹവും കടപ്പാടും. അമ്മയുടെ സ്‌നേഹത്തിനും ത്യാഗത്തിനും യാതൊരു പരിധിയുമില്ല. അവരത് എല്ലാ ദിവസവും കാഴ്ചവെക്കുമ്പോള്‍, നമ്മളും ഓരോ ദിവസവും അവരെ സ്‌നേഹത്തോടെ ബഹുമാനിക്കുകയും കടപ്പാടോടെ സമീപിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണാന്‍ കഴിവുള്ള ഒരു ചെറിയ കാര്യമായാല്‍ പോലും അത് ചെയ്യാന്‍ സാധിക്കണം. അവരുടെ സാന്നിധ്യമാണ് നമ്മുടെ വീടിന്റെ ഹൃദയം, അവരുടെ അനുഗ്രഹമാണ് നമ്മുടെ വിജയങ്ങള്‍ക്ക് പിന്നിലുള്ള ശക്തി. അമ്മമാരെ ആഘോഷിക്കാന്‍ ഒരേയൊരു ദിവസം പോരാ. ജീവിതം മുഴുവന്‍ അതിന് വേണ്ടിയുള്ള അവസരമാണ്.
Content Highlights: Let's know these pregnant women who participated in olympics while carrying