‘എഴുതിക്കൊണ്ടേയിരിക്കും, അതുമാത്രമാണ് പോംവഴി’; സക്കറിയയും ആനന്ദ് നീലകണ്ഠനും പറയുന്നു

തിരുവനന്തപുരം: എന്റെ മതവികാരം വ്രണപ്പെട്ടു എന്നതാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ പ്രസ്താവന. തീവ്രവിശ്വാസികളുടെ ഇക്കാലത്ത് സ്വാതന്ത്യമുണ്ട്, പക്ഷേ ചിലകാര്യങ്ങൾ വേണ്ട പോലെ തുറന്നുപറയാൻ സ്വാതന്ത്ര്യമില്ല. എങ്കിലും ഒന്നുറപ്പാണ് ഇപ്പോൾ കാണുന്ന പ്രതാപികളും അസ്തമിക്കും. ഒന്നുമാത്രമേ പോംവഴിയുള്ളൂ, എഴുതിക്കൊണ്ടേയിരിക്കുക. ജയിൽപ്പോകാതെ നോക്കണം, അത് നമ്മുടെ മിടുക്ക്- 'അതാ ഇംഗ്ലീഷിൽ എഴുതുന്ന മലയാളി' എന്ന വിഷയത്തിൽ ആനന്ദ് നീലകണ്ഠനൊപ്പമുള്ള സംഭാഷണത്തിൽ സക്കറിയ എഴുത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മുന്നറിയിപ്പ് നൽകി.
'ഇന്ത്യയെപ്പോലെ പുരാണങ്ങളിൽ വൈവിധ്യമുള്ള നാട് വേറെയില്ല. രാമായണത്തിന്റെ തന്നെ എത്ര വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്. വാമൊഴിയായുള്ളതാണ് അവയിലേറെയും. ഇന്ത്യയിലെ കഥകളുടെ വൈവിധ്യം അഞ്ചുശതമാനം പോലും എഴുതിയിട്ടില്ല. ഭാവനാത്മകമായ സാഹിത്യരചന എനിക്കറിയില്ല. എനിക്കറിയാവുന്നത് കഥകളെഴുതാൻ മാത്രം. എഴുത്തിൽ വെട്ടിത്തിരുത്തലുകൾക്ക് നിന്നുകൊടുക്കാറേയില്ല. ഭരണാധികാരികൾ വരും പോകും, ഈ എഴുത്ത് തുടർന്നുകൊണ്ടേയിരിക്കും'- തന്റെ എഴുത്തിന്റെ വഴിയേക്കുറിച്ച് ആനന്ദ് നീലകണ്ഠൻ മനസ്സ് തുറന്നു.
ഇംഗ്ലീഷിൽ എഴുതുമ്പോൾ പാൻ ഇന്ത്യൻ വായനക്കാരെ ലഭിക്കുന്നു എന്നതു തന്നെയാണ് മെച്ചം. മാത്രമല്ല, പാരമ്പര്യത്തിന്റെ ശക്തി ആ ഭാഷയ്ക്കുണ്ട്. ഇംഗ്ലീഷിലെഴുതുന്നത് മലയാളത്തിലും എഴുതാൻ സാധിക്കുമായിരിക്കും. പക്ഷേ വായനക്കാരെ കൂടുതൽ ലഭിക്കുക എന്നതാണ് ഇംഗ്ലീഷ് പകരുന്ന സന്തോഷം. പക്ഷേ സാഹിത്യഭാഷ ഉപയോഗിക്കുമ്പോഴും ലളിതമായിരിക്കാൻ ശ്രദ്ധിക്കും. എന്താണെഴുതിയിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ എന്ന് ആളുകളെക്കൊണ്ട് പറയാൻ ഇടവരുത്തരുതല്ലോ -സക്കറിയ പറഞ്ഞു.
'ഇംഗ്ലീഷിലെഴുത്ത് ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്. 15 വയസ്സിൽ എനിക്ക് മനസ്സിലാകുന്ന ഭാഷയിലാണ് ഞാൻ എഴുതിത്തുടങ്ങിയത്. ആദ്യ കൃതിയായ അസുര പ്രസിദ്ധീകരിക്കാൻ കാര്യമായ പോരാട്ടം തന്നെ നടത്തിയിട്ടുണ്ട്. 18 തവണ പബ്ലിഷർമാർ നിരസിച്ച, 19-ാം തവണയാണ് പരിഗണിക്കപ്പെട്ടത്. ഓരോതവണയും പുതുക്കിക്കൊണ്ടേയിരുന്നു' -ഇംഗ്ലീഷെഴുത്തിലേയ്ക്ക് കടന്നുവന്ന വഴികൾ ആനന്ദ് നീലകണ്ഠൻ വിശദീകരിച്ചു. കിഷോർ റാം ചർച്ച നയിച്ചു.
Content Highlights: ‘We Will Keep Writing, That’s The Only Way’: Paul Zacharia And Anand Neelakantan On The Power Of Words