ആശയപ്പോരാട്ടം: കമ്യൂണിസ്റ്റ് സർക്കാർ തൊഴിൽ സൃഷ്ടിക്കുന്നില്ലെന്ന് തേജസ്വി, മറുപടിയുമായി ബ്രിട്ടാസ്

#സ്വന്തം ലേഖകൻ
എം.പി. തേജസ്വി സൂര്യയും സി.പി.എം. എം.പി. ജോൺ ബ്രിട്ടാസും 'ലെഫ്റ്റ് റൈറ്റ് ആൻഡ് സെന്റർ: ദി പാരഡോക്‌സ് ഓഫ് പൊസിഷൻസ്' എന്ന സംവാദത്തിൽ
എം.പി. തേജസ്വി സൂര്യയും സി.പി.എം. എം.പി. ജോൺ ബ്രിട്ടാസും 'ലെഫ്റ്റ് റൈറ്റ് ആൻഡ് സെന്റർ: ദി പാരഡോക്‌സ് ഓഫ് പൊസിഷൻസ്' എന്ന സംവാദത്തിൽ

ആശയങ്ങളിൽ പോരാടുമ്പോൾത്തന്നെ സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവെച്ച് ബി.ജെ.പി. എം.പി. തേജസ്വി സൂര്യയും സി.പി.എം. എം.പി. ജോൺ ബ്രിട്ടാസും. ‘ലെഫ്റ്റ് റൈറ്റ് ആൻഡ് സെന്റർ: ദി പാരഡോക്‌സ് ഓഫ് പൊസിഷൻസ്’ എന്ന സംവാദത്തിലായായിരുന്നുയിത്.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞപ്പോൾ ഇടതുപക്ഷം എതിർക്കുകയാണ് ചെയ്തതെന്ന് തേജസ്വി പറഞ്ഞു. അവരുടെ നിലപാടുകളിൽ എപ്പോഴും വൈരുദ്ധ്യം കാണാം. കേരളത്തിലെ ചെറുപ്പക്കാർ ജോലി തേടി ബെംഗളൂരുവിലേക്കാണ് വരുന്നത്. ഇവിടെ കമ്യൂണിസ്റ്റ് സർക്കാരുകൾ അവർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കാത്തതുകൊണ്ടാണത്. ഇടതുപക്ഷം വംശനാശം വരുന്ന സമൂഹമാണ്-തേജസ്വി പറഞ്ഞു.

നിങ്ങൾ മോദിയുടെ ഒപ്പമാണെങ്കിൽ നിങ്ങൾ ദേശീയതയ്‌ക്കൊപ്പമാണെന്നും അല്ലെങ്കിൽ ദേശീയതയ്‌ക്കെതിരാണെന്നും തേജസ്വി ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. മലയാളികൾ ബെംഗളൂരുവിലേക്ക് മാത്രമല്ല, എല്ലായിടത്തേക്കും പോകുന്നുണ്ട്. ബെംഗളൂരു നഗരത്തിന്റെ വളർച്ചയിൽ മാത്രമല്ല എത്രയോ ഗൾഫ് രാജ്യങ്ങളുടെ വളർച്ചയിലും മലയാളികൾ പങ്കുവഹിച്ചിട്ടുണ്ട്. 35 ലക്ഷത്തോളം മറുനാടൻ തൊഴിലാളികൾ കേരളത്തിലേക്കു വന്നിട്ടുണ്ട്. അവരെ ഞങ്ങൾ അതിഥികൾ എന്നാണു വിളിക്കുന്നത്-ബ്രിട്ടാസ് പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് വരുന്നത് അംഗീകരിക്കാത്തത് ഇടതുപക്ഷത്തിന്റെ വൈരുദ്ധ്യങ്ങളിൽ ഒന്നാണെന്ന് തേജ്വസി പറഞ്ഞപ്പോൾ ആരുടെ സിവിൽകോഡാണ് അംഗീകരിക്കേണ്ടതെന്ന് ബ്രിട്ടാസ് ചോദിച്ചു.

ഏറ്റവും കൂടുതൽ രാഷ്ട്രീയകൊലകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്ന് തേജസ്വി ആരോപിച്ചു. ഗുജറാത്തിൽ മൂവായിരത്തോളം പേർ മരിച്ചത്‌ ന്യൂമോണിയ ബാധിച്ചല്ലെന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി. മാതൃഭൂമി എഡിറ്റർ മനോജ് കെ. ദാസ് മോഡറേറ്ററായി.

Content Highlights: BJP MP Tejasvi Surya and CPM MP John Brittas engaged in a sharp yet cordial debate on ideology, nationalism, and Kerala’s political contradictions.