സിനിമ മനസ്സിൽ ഇല്ലായിരുന്നു, ഇത് മോനിഷ എഴുതേണ്ടിയിരുന്ന ആത്മകഥ- ശ്രീദേവി ഉണ്ണി

ശ്രീദേവി ഉണ്ണി, മോനിഷ
ശ്രീദേവി ഉണ്ണി, മോനിഷ

കാലം കുറഞ്ഞ ദിനമെങ്കിലും അർത്ഥപൂർണം.'' കുമാരനാശാന്റെ ഈ വരികളോടെയാണ് എൻ.വി. വിജയകുമാർ നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണിയുടെ 'എന്റെ മകൾ മോനിഷ' എന്ന സെഷൻ മാതൃഭൂമി അക്ഷരോത്സവ വേദിയിൽ ആരംഭിച്ചത്. ആകാംക്ഷയോടെയാണ് അവിടെ കൂടിയിരുന്ന ഓരോരുത്തരും ആ അമ്മയുടെ വാക്കുകൾക്കായി കാതോർത്തത്.

സിനിമ എന്റെ സ്വപ്നമായിരുന്നു... പക്ഷേ, അതിലേക്ക് എത്താൻ എനിക്ക് സാധിച്ചില്ല... മോനിഷ ജനിച്ചപ്പോൾ പാട്ടും നൃത്തവും പഠിപ്പിച്ചു. പക്ഷേ, അപ്പോഴും സിനിമ മനസ്സിൽ ഇല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു നൃത്തപരിപാടിയിൽ വെച്ച് മോനിഷയെ കണ്ട സരസ്വതി ടീച്ചർ അവളെ എം.ടി.ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊന്നും അവളോട് പറഞ്ഞുകൊടുക്കേണ്ടി വന്നിട്ടേയില്ല. ഇന്ന് മോനിഷ ഉണ്ടായിരുന്നുവെങ്കിൽ അവൾ തന്നെ എഴുതേണ്ടിയിരുന്ന ആത്മകഥയാണ് ഞാൻ എഴുതിയത്.

'എന്റെ മകൾ മോനിഷ'യുടെ പ്രകാശനം എം. മുകുന്ദൻ നിർവ്വഹിക്കുന്നു

മകളുടെ ഓർമകളും വിശേഷങ്ങളും പങ്കുവെക്കുന്നതിനിടയ്ക്ക് ആ അമ്മ ദീർഘനിശ്വാസങ്ങളും എടുക്കുന്നുണ്ടായിരുന്നു. അത് വേദനയുടേതല്ല മൺമറഞ്ഞുപോയിട്ടും ഇന്നും തന്റെ മകളോടുള്ള മലയാളികളുടെ സ്‌നേഹം ഓർത്തായിരിക്കാം. ശ്രീദേവി ഉണ്ണി എഴുതിയ 'എന്റെ മകൾ മോനിഷ'യുടെ പ്രകാശനം എം. മുകുന്ദൻ നിർവ്വഹിച്ചു.

Content Highlights: Sreedevi Unni shares poignant memories of her daughter Monisha at Mathrubhumi Aksharaotsavam MBIFL