നാം കടന്നുപോകുന്നത് ഒരുതരം ഭയമുള്ള അവസ്ഥയിലൂടെ- സച്ചിദാനന്ദൻ

കലയും സാഹിത്യവും രാഷ്ട്രീയവും സ്വന്തം നിരീക്ഷണങ്ങളിലൂടെ പങ്കുവെച്ച് കവി സച്ചിദാനന്ദൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ തുടക്കങ്ങൾ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ അക്കാദമി പ്രസിഡണ്ടാവണം എന്നു പറഞ്ഞവരോട് ആദ്യംവെച്ച വ്യവസ്ഥ താനൊരു പാർട്ടിക്കാരനല്ലെന്നായിരുന്നു. വരിയിൽ മാർച്ച് ചെയ്ത് പോകാൻ എഴുത്തുകാർക്ക് കഴിയില്ല. തനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുമെന്നും ശരി ശരിയെന്നും തെറ്റ് തെറ്റെന്നും ഉറക്കെ പറയുമെന്ന് തീർത്തുപറഞ്ഞിരുന്നു. എം.എ. ബേബിയോടായിരുന്നു ഈ കാര്യങ്ങൾ പറഞ്ഞത്. ഇത്രയും സ്വാതന്ത്ര്യം വേണ്ടിയിരുന്നോ എന്ന് ബേബിപോലും ആലോചിച്ച സമയങ്ങൾ നിർഭാഗ്യവശാൽ തനിക്ക് ഉണ്ടാക്കേണ്ടി വന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ആശാസമരത്തെ പിന്തുണയ്ക്കുമ്പോഴൊക്കെ പാർട്ടിയുടെ വ്യവസ്ഥാപിത നിലപാടിന് എതിരായിരുന്നു ഞാൻ. പക്ഷേ ഞാൻ എന്റെതായ പക്ഷത്തായിരുന്നു. മനുഷ്യർക്കുവേണ്ടിയാണ് ശബ്ദമുയർത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുക തന്നെ ചെയ്യുന്നു. ഇടതുപക്ഷ ആശയങ്ങൾക്ക് അകത്താണ് ഞാൻ. പക്ഷേ വിമർശിക്കേണ്ടിടത്ത് വിമർശിക്കുകയും ചെയ്യും. ക്രിട്ടിക്കൽ ഇൻസൈഡർ എന്നത് അനന്തമൂർത്തി വിശേഷിപ്പിച്ചിരുന്ന ഒരു വാക്കാണ്. ഹിന്ദുമതത്തിനകത്തിരുന്ന് ആ മതത്തെ വിമർശിക്കുന്നതിനെയായിരുന്നു അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചിരുന്നത്.
രാഷ്ട്രീയപ്പാർട്ടികളുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ സമ്മേളനങ്ങളും സാഹിത്യോത്സവങ്ങളും നടത്തപ്പെടുന്നത് ഉദ്ദേശ്യശുദ്ധിയുടെ അടിസ്ഥാനത്തിലാണ് നാം നോക്കിക്കാണേണ്ടത്. അത്തരം ഉത്സവങ്ങൾക്ക് സദുദ്ദേശമാണെങ്കിൽ തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മനസ്സിൽ അധികവും വരുന്നത് ഫാസിസ്റ്റ് ഇറ്റലിയും നാസി ജർമ്മനിയുമായി ബന്ധപ്പെട്ട കഥകളും വാർത്തകളും തന്നെയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഹിറ്റ്‌ലറുടെ കാലത്തെ ജർമ്മനിയിൽ നിന്നും തിരിച്ചുവന്ന ഒരു ടൂറിസ്റ്റിനോട് ഇപ്പോൾ ആരാണ് ജർമനി ഭരിക്കുന്നത് എന്നു ചോദിച്ചപ്പോൾ അയാൾ ഉത്തരം പറഞ്ഞത് ഇപ്പോൾ ജർമനി ഭരിക്കുന്നത് ഭയമാണ് എന്നായിരുന്നു. നാം കടന്നുപോകുന്നത് ആ തരത്തിലുള്ള ഒരവസ്ഥയിലാണ്.
എഴുതാൻ ഭയം, പറയാൻ ഭയം, ഒരു ഫേസ്ബുക് പോസ്റ്റ് ഇടാൻ പോലും ഭയം. മൂന്നുതവണ സോഷ്യൽ മീഡിയ നിരോധിക്കപ്പെട്ടയാളാണ് ഞാൻ. പക്ഷേ ഭയന്നുപിന്മാറില്ല. സിപിഎം, സിപിഐ, കോൺഗ്രസ്, ബിജെപി ഇങ്ങനെയുള്ള പദങ്ങൾക്കപ്പുറം രാഷ്ട്രീയം എന്നുപറഞ്ഞാൽ അധികാരവുമായി ബന്ധപ്പെട്ട ഒരു പദമാണ്. ഇന്ത്യൻ സമൂഹത്തെ, കേരളീയ സമൂഹത്തെപ്പോലും ഭരിക്കുന്നത് പലപ്പോഴും ഏതെങ്കിലും ഒരു തരത്തിലുള്ള ആധിപത്യം ആണ്. അതിൽ വർണാധിപത്യവും ജാതി ആധിപത്യവും ഒരു ഭൂരിപക്ഷ മതത്തിന്റെ ആധിപത്യവും പുരുഷാധിപത്യവമുണ്ട്. ടെക്‌നോക്രസി എന്നു പറയുന്ന സാങ്കേതിക ആധിപത്യവും ഇവിടെയുണ്ട്- സച്ചിദാനന്ദൻ പറഞ്ഞു.
നമ്മൾ എപ്പോഴും മനുഷ്യരെക്കുറിച്ചുമാത്രം ആവലാതിപ്പെടുന്നുവെന്നും നമുക്കുചുറ്റുമുള്ള മറ്റ് ജീവജാലങ്ങളെപ്പറ്റി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെയും തന്റെതായ രീതിയിൽ നോക്കിക്കാണാനുള്ള ശ്രമങ്ങൾ തന്റെ കൃതികളിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സച്ചിദാനന്ദന്റെ സമ്പൂർണ കൃതികളുടെ സമാഹാരങ്ങൾ വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്. ആദ്യ വാല്യമായ തുടക്കങ്ങളെ മുൻനിർത്തിയായിരുന്നു മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ അദ്ദേഹം സംസാരിച്ചത്. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഷബിത ചർച്ചയുടെ മോഡറേറ്ററായിരുന്നു.
Content Highlights: Renowned poet Satchidanandan speaks about the prevailing fear in India, artistic freedom, and political dominance at the Mathrubhumi International Literature Festival.