'കുതിരപ്പാൽകൊണ്ട് കള്ളുണ്ടാക്കുന്ന ദേശം; സ്വാദുംനോക്കി തിരിഞ്ഞപ്പോൾ മുന്നിലൊരു തൃശ്ശൂർക്കാരൻ'

#സ്വന്തം ലേഖകൻ
സന്തോഷ് ജോർജ് കുളങ്ങര
സന്തോഷ് ജോർജ് കുളങ്ങര

കുതിരപ്പാൽ പുളിപ്പിച്ചുണ്ടാക്കുന്ന ലഹരിപാനീയമാണ് മംഗോളിയയിലെ ഒരു പ്രദേശത്തെ വിശിഷ്ട വിഭവം. നമ്മുടെ തെങ്ങിൻകള്ളിന്റെ അതേ രുചി. യുട്ട് എന്നറിയപ്പെടുന്ന കൂടാരങ്ങളിലാണ് അതു വിളമ്പുക. കുതിരക്കള്ളിന്റെ സ്വാദുംനോക്കി പുറത്തിറങ്ങുമ്പോൾ കൂടാരത്തിനകത്തുനിന്ന് മലയാളത്തിലൊരു ചോദ്യം മുഴങ്ങി: ‘സാറെന്താ ഇവിടെ?’ തിരിഞ്ഞുനോക്കുമ്പോൾ മുന്നിലതാ ഒരു തൃശ്ശൂർക്കാരൻ!!

അക്ഷരോത്സവനഗരിയിൽ ‘അകലങ്ങളിലെ മനുഷ്യർ’ എന്ന സെഷനിൽ സംസാരിക്കവേ ആഗോളസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയാണ് ഈ അനുഭവം ഓർത്തെടുത്തത്.

ജനവാസം തീരേ കുറവായ ഒട്ടനവധി പ്രദേശങ്ങളിൽ യാത്രചെയ്ത അനുഭവങ്ങൾ സന്തോഷ് പങ്കുവെച്ചു. അതിൽ പ്രധാനമായിരുന്നു മംഗോളിയയിലെ വിദൂരഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം.

കുതിരയിറച്ചിയും ഉരുളക്കിഴങ്ങും കൊണ്ടുണ്ടാക്കിയ കറി, കുതിരയുടെ കുടലിൽ മാംസം നിറച്ചുകൊണ്ടുള്ള സോസേജ്, പുളിപ്പിച്ച കുതിരപ്പാൽകൊണ്ടു തയ്യാറാക്കുന്ന ലഹരിപാനീയം എന്നിവയാണ് അവിടുത്തുകാരുടെ പതിവു ഭക്ഷണം. അതു കഴിച്ചിറങ്ങുമ്പോഴാണ് തൃശ്ശൂർക്കാരനെ കണ്ടുമുട്ടിയത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് മംഗോളിയയിലെത്തിയ അദ്ദേഹവും തന്നെപ്പോലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ ഇറങ്ങിയതായിരുന്നൂവെന്ന് സന്തോഷ് പറഞ്ഞു.

നിശ്ചിത സമയത്തിനു മുൻപുതന്നെ പ്രഭാഷണം അവസാനിപ്പിച്ച അദ്ദേഹം ബാക്കി സമയം മുഴുവൻ കാണികളുടെ ചോദ്യങ്ങൾക്കായി മാറ്റിവെക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ തിങ്ങിനിറഞ്ഞ സദസ്സിൽനിന്ന് വമ്പൻ കരഘോഷം. ഇത്രയധികം രാജ്യങ്ങൾ സന്ദർശിച്ച സന്തോഷ് ജോർജ് കുളങ്ങരയല്ലേ സംസ്ഥാന ടൂറിസം മന്ത്രിയാകേണ്ടത് എന്ന ചോദ്യമുയർന്നപ്പോൾ ‘നല്ല പാചകക്കാരൻ നല്ല ഭക്ഷ്യമന്ത്രിയാകുമെന്ന് പറയുന്നതുപോലെയാണിതെന്നും മുഴുവൻ ഉദ്യോഗസ്ഥരടങ്ങുന്ന ഭരണയന്ത്രത്തെ ചലിപ്പിക്കുക എന്നത് എളുപ്പമല്ലെന്നും’ കൈയടികൾക്കിടെ സന്തോഷ് മറുപടി നൽകി.

Content Highlights: Renowned traveler Santhosh George Kulangara shared a fascinating Mongolia experience