'വിമർശനങ്ങൾക്ക് പഞ്ഞമേയില്ല, പുസ്തകങ്ങൾ കൂടുതൽ വിറ്റുപോകുന്നത് ചിലർ തെറ്റുപോലെ കരുതുന്നു'

#അജ്മല്‍ എന്‍.എസ്.

തിരുവനന്തപുരം: അലക്ഷ്യമായി സമീപിച്ചാൽ ശരിയാകില്ല എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് ചെറുകഥാ രചനയിൽ നിന്നും കുറച്ച് കാലം മാറി നിന്നതെന്ന് എഴുത്തുകാരി ആർ. രാജശ്രീ. എഴുത്ത് ജീവിതത്തിൽ വിമർശനങ്ങൾക്ക് യാതൊരു പഞ്ഞവും ഉണ്ടായിട്ടില്ലെന്നും അക്കാര്യത്തിൽ താൻ സമ്പന്നയാണെന്നും രാജശ്രീ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ചെറുകഥ വകഞ്ഞ് നോവലിന്റെ ഇടയിലേയ്ക്ക്' എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാജശ്രീ.

ചെറുകഥകൾ എഴുതാൻ ഇഷ്ടമാണെന്നും എന്നാൽ വാക്കുകൾ കൃത്യമായിരിക്കണം എന്നും എഴുത്തുകാരി സന്ധ്യ മേരി ചർച്ചയിൽ അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തക അനന്യ ജി. ആയായിരുന്നു മോഡറേറ്റർ.

ചെറുകഥ രചനകളിലെ വെല്ലുവിളികളെക്കുറിച്ചും എഴുത്ത് ജീവിതത്തിൽ നേരിട്ട വിമർശനങ്ങളെക്കുറിച്ചും എഴുത്തുകാർ വാചാലരായി. പുസ്തകം ജനപ്രിയമാകുന്നതും കൂടുതൽ വിറ്റുപോകുന്നതും ചിലർ എന്തോ തെറ്റുപോലെ കരുതുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

'ചെറുകഥ തിരഞ്ഞെടുക്കുന്നത് ഒരു സഹസമാണ്. അലക്ഷ്യമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ചെറുകഥ. നോവലിലേയ്ക്ക് വരുന്നതിനേക്കാൾ പ്രയാസമാണ് ചെറുകഥയിലേയ്ക്ക് വരാൻ. ചെറുകഥ എഴുതി ഫലിപ്പിക്കാൻ എളുപ്പമല്ല. ചെറുകഥ എഴുതുന്നതിൽ വെല്ലുവിളികൾ ഏറെയാണ്. അലക്ഷ്യമായി സമീപിച്ചാൽ ശരിയാവില്ല എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് ചെറുകഥ രചനയിൽ നിന്ന് മാറി നിന്നത്. സ്വയം നവീകരിച്ചാൽ മാത്രമേ ചെറുകഥയിലേയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുകയുള്ളു. നോവൽ ഒരുപാട് സൗകര്യങ്ങൾ നൽകുന്നുണ്ട്. നോവലിൽ ഒരു അധ്യായം കൈയിൽ നിന്നും പോയാലും അടുത്തതിൽ തിരിച്ച് പിടിക്കാം. ചെറുകഥയിൽ ഇത് സാധ്യമല്ല. എഴുത്ത് ജീവിതത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വിമർശന ദാരിദ്ര്യം ഇതുവരെ നേരിട്ടിട്ടില്ല. അതിൽ ഞാൻ സമ്പന്നയാണ്.

എം. കൃഷ്ണൻ നായരാണ് ആദ്യമായി എന്റെ എഴുത്തിനെ വിമർശിക്കുന്നത്. വിമർശനങ്ങൾ ഞാൻ സ്വീകരിക്കും. പ്രാദേശിക ഭാഷയിൽ എഴുതിയപ്പോൾ ഞാൻ ഒരുപാട് തെറി കേട്ടു. ഭാഷ മാറി 'ആത്രേയകം' എഴുതിയപ്പോൾ കൊട്ടാര ഭാഷയെന്നും വിമർശം കേട്ടു. ലളിതമായി പറയുക എന്നത് ഒരു സൂത്രമാണ്. എഴുതിയ കഥാപാത്രങ്ങൾക്ക് തങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് സുരക്ഷിതരാവുന്നവരുണ്ട്. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത'യിലെ കഥാപാത്രങ്ങൾ എല്ലാം ഞാൻ തന്നെയാണ്. നോവലിലെ പശുവിനു പോലും സൂക്ഷിച്ച് നോക്കിയാൽ എന്റെ ഛായയുണ്ടാകും. കാലം മാറുമ്പോൾ നമ്മുടെ ഇഷ്ടങ്ങൾ മാറും. കൗമാര കാലത്തിൽ ഇഷ്ടപ്പെട്ട എഴുത്തുകാരും രചനകളും അല്ല പിൽക്കാലത്ത് ഇഷ്ടപ്പെടുന്നത്', രാജശ്രീ പറഞ്ഞു.

'എല്ലാസമയത്തും ഞാൻ ചെറുകഥ എഴുതുന്നുണ്ട്. ചെറുകഥയിൽ നിന്ന് ഇടവേള എടുത്തതായി തോന്നുന്നില്ല. ഒരുപാട് വെല്ലുവിളിയുണ്ട് ചെറുകഥ എഴുതാൻ. വളരെ വൈകി എഴുതി തുടങ്ങിയ ആളാണ് ഞാൻ. 'മരിയ വെറും മരിയ' നോവൽ ആയല്ല എഴുതി തുടങ്ങിയത്. ചെറിയ കുറിപ്പ് ആയിട്ട് എഴുതി തുടങ്ങിയതാണ്. എഴുതി വന്നപ്പോൾ അതൊരു നോവൽ ആയി മാറി. നമ്മുടെ ഉള്ളിൽ സാഹിത്യം ഉണ്ടെങ്കിൽ എഴുത്ത് പുരോഗമിക്കുമ്പോൾ അതിനൊരു രൂപം കിട്ടും.

ചെറുകഥ എഴുതാൻ രസമാണ്. എഡിറ്റിങ് വളരെ പ്രധാനമാണ്. വാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. സംസാരഭാഷയിൽ എഴുതാനാണ് ഇഷ്ടം. എന്റെ രചനകളിൽ ഞാൻ അതാണ് ശ്രമിക്കുന്നത്. എന്റെ ഉള്ളിലെ വായനക്കാരിക്കും അതാണ് ഇഷ്ടം. ചിലർ ഒരു ലോജിക്കും ഇല്ലാതെയാണ് വിമർശിക്കുന്നത്. ചിലർക്ക് കണ്ടന്റ് അല്ല പ്രശ്‌നം, വില്പനയാണ് പ്രശ്‌നം.

നാല് വർഷം 'മരിയ വെറും മരിയ' അധികം വിൽക്കാതെ ഇരുന്നപ്പോൾ പ്രശ്നം ഇല്ല. കൂടുതൽ കോപ്പി വിറ്റ് തുടങ്ങിയപ്പോൾ ചിലർക്ക് പ്രശ്‌നം തുടങ്ങി. ഇന്ന് നോവലിനാണ് കൂടുതൽ സ്വീകാര്യത എന്ന് എനിക്ക് തോന്നുന്നു. ഇത് നോവലിന്റെ കാലം ആണെന്ന് കരുതുന്നു. കൂടുതൽ ആളുകൾ തിരഞ്ഞ് പോകുന്നതും നോവലാണ്', സന്ധ്യ മേരി പറഞ്ഞു.

Content Highlights: Author R. Rajasree discusses the challenges of short story writing, her experiences with criticism, and the evolving popularity of novels.