പാകിസ്താനോട് ഫൈറ്റ് ചെയ്തോ? കുഞ്ഞുവായിലെ വലിയ ചോദ്യങ്ങൾ, മറുപടിയുമായി പ്രശാന്ത് ബാലകൃഷ്ണൻ നായർ

#News Desk
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ആകാശയാത്രയുടെ അദ്‌ഭുതങ്ങൾ' എന്ന സെഷനു ശേഷം, ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശദൗത്യത്തിൽ യാത്രികനാകാൻ ഒരുങ്ങുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻനായർ വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുക്കുന്നു
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ആകാശയാത്രയുടെ അദ്‌ഭുതങ്ങൾ' എന്ന സെഷനു ശേഷം, ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശദൗത്യത്തിൽ യാത്രികനാകാൻ ഒരുങ്ങുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻനായർ വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുക്കുന്നു

ഹിരാകാശയാത്രയ്ക്കു പോകുമ്പോൾ എന്തായിരിക്കും പേര്. റോക്കറ്റിൽ എങ്ങനെ ശ്വസിക്കും. എന്തു കഴിക്കും. ഫൈറ്റർ ജെറ്റിൽ എത്ര വേഗത്തിൽ പറന്നു. പാകിസ്താനോട് ഫൈറ്റ് ചെയ്തിട്ടുണ്ടോ...വെടിയുണ്ടപോലെയായിരുന്നു കുഞ്ഞുവായിലെ വലിയ വലിയ ചോദ്യങ്ങൾ. ഒട്ടും മുഷിയാതെ, പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഒന്നൊഴികേ മറ്റെല്ലാറ്റിനും ഉരുളയ്ക്ക്‌ ഉപ്പേരിപോലെ ഉത്തരം കൊടുക്കുമ്പോൾ ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശദൗത്യത്തിൽ യാത്രികനാകാൻ ഒരുങ്ങുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻനായർ മറ്റൊരു കുട്ടിയായി.

പാകിസ്താനോടുള്ള യുദ്ധത്തിന്റെ കാര്യത്തിൽമാത്രം അതൊരു രഹസ്യമാണെന്ന് പറഞ്ഞൊഴിഞ്ഞു മിഗും സുഖോയും പറത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ആകാശയാത്രയുടെ അദ്‌ഭുതങ്ങൾ’ എന്ന സെഷനിൽ എം. സന്ധ്യയ്ക്കൊപ്പം അറിവും അനുഭവങ്ങളും കുട്ടികളുമായി പങ്കിടുകയായിരുന്നു അദ്ദേഹം.

റഷ്യയ്ക്ക് കോസ്മനോട്ടും അമേരിക്കയ്ക്ക് ആസ്ട്രനോട്ടും പോലെ ഇന്ത്യൻ ബഹിരാകാശ യാത്രികർക്കും ഉണ്ടാവും പേര്. അത് സസ്പെൻസാണ്. യാത്രയുടെ തൊട്ടുമുൻപ് പ്രധാനമന്ത്രിയാവും പേരു പ്രഖ്യാപിക്കുക. മലയാളിയായതുകൊണ്ട് കോക്കൊനട്ടുമാവാം...മുടിയില്ലാത്ത തലതൊട്ട് പൊട്ടിച്ചിരിക്ക് തിരികൊളുത്തി പ്രശാന്ത് നായർ പറഞ്ഞു.

ബഹിരാകാശ യാത്രികനാവാനുള്ള ഏറ്റവും വലിയ പ്രചോദനം ഏതാണ് എന്നായിരുന്നു ചോദ്യങ്ങളിൽ ഒന്ന്. ഭാരതം...അടുത്ത ക്ഷണത്തിൽ വന്നു മറുപടി. നമ്മുടെ രാജ്യവും ഒന്നാം നമ്പറാവണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ നമ്മുടെ ഒരാളും ബഹിരാകാശത്തു പോകാൻ ഒരുങ്ങുകയല്ലേ. അങ്ങനെയുള്ള നാലാമത്തെ രാജ്യമാവുകയാണ് ഇന്ത്യ. നാളെ നിങ്ങൾക്കും പോകാം.

രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ നമ്മൾ റോബോട്ട് വ്യോമമിത്രയെ അയക്കുന്നുണ്ട്. അങ്കിളിന്റെ ഫ്രണ്ട്‌സ് ഒക്കെ പോകുമ്പോൾ ടെസ്റ്റ് ചെയ്യണ്ടേ? അപ്പോൾ വൺ വേ ടിക്കറ്റ് ആവാതിരിക്കാൻ. നിങ്ങൾക്ക് അങ്കിൾ തിരിച്ച് ഭൂമിയിൽ വരണം എന്നില്ലേ? അപ്പോൾ ആദ്യം നമുക്ക് വ്യോമമിത്ര അയക്കണം -ചിരി പടർത്തിക്കൊണ്ടായിരുന്നു മറുപടി.

Content Highlights: From Fighter Jets to Space: Group Captain Prashanth Balakrishnan Nair's Journey and Ambitions.