'മലയാളികൾ കപടസദാചാരവാദികൾ, സദാചാരത്തിന്റെ അളവുകോൽ മാറണം'

പൊതുയിടത്തിലെ സദാചാരത്തിന്റെയും ധാർമികതയുടെയും അളവുകോലുകൾ കാലാനുസൃതമായി പരിഷ്‌കരിക്കണം എന്ന പൊതു അഭിപ്രായം ഉയർന്ന് 'സദാചാര' ചർച്ച. കെ.കെ. ശൈലജ എംഎൽഎ, ബിജെപി നേതാവ് എം.ടി. രമേശ്, കെപിസിസി ജനറൽസെക്രട്ടറി കെ.പി. നൗഷാദ് അലി തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. അനുപമ വെങ്കിടേശ്വരൻ മോഡറേറ്ററായി.
സദാചാരവും ധാർമികതയും ഓരോ സമൂഹത്തിലും മനുഷ്യൻ ആർജിച്ച സമ്പത്താണെന്ന് കെ.കെ. ശൈലജ പറഞ്ഞു. അതേസമയം മോശമായരീതിയിൽ പൊതുസമൂഹത്തിൽ പെരുമാറുന്നത് ആശാസ്യവുമല്ല. ഇഷ്ടവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ പെൺകുട്ടികളെ ആക്രമിക്കുന്നതിനുപിന്നിൽ സദാചാരബോധമല്ല-അവർ പറഞ്ഞു.
മലയാളികൾ കപടസദാചാര വാദികളാണെന്ന് എം.ടി. രമേശ് പറഞ്ഞു. അവർ പൊതുസദസ്സിൽ ഒന്നു പറയുകയും അവസരം കിട്ടിയാൽ മറ്റുള്ളവരിലേക്ക് ഒളിഞ്ഞുനോക്കുകയും ചെയ്യും. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം സാമൂഹികജീവി എന്നനിലയിൽ ഉത്തരവാദിത്വം കൂടിയുണ്ടാകണം. -അദ്ദേഹം പറഞ്ഞു. സൈബർ ഇടങ്ങളിൽ സ്ത്രീകളുൾപ്പെടെ നേരിടുന്ന സാദാചാര ആക്രമണങ്ങൾക്കെതിരേ എല്ലാ പാർട്ടിക്കാരും ഒരുമിച്ചുനിൽക്കണമെന്ന് കെ.പി. നൗഷാദലി പറഞ്ഞു.
Content Highlights: mbifl discussion about morality