'കട്ടച്ചോരകൊണ്ടുള്ള ജ്യൂസ്' കുട്ടികൾ പാടി നടക്കുന്നതെന്തേ? ലൈക്കുകളല്ല, കാലംപറയും പാട്ടിലെ കവിത

തിരുവനന്തപുരം: കാവ്യഗുണമുള്ള ഗാനവീചികൾക്കു പകരം കട്ടച്ചോര കൊണ്ട് ജ്യൂസ് അടിക്കുന്ന ഈരടികൾ കുട്ടികൾ പാടി നടക്കുന്നെതെന്തേ? മാതൃഭൂമി അക്ഷരോത്സവത്തിലെ ഒന്നാം ദിനത്തിൽ കനകക്കുന്നിലെ അണ്ടർ ദി ട്രീ വേദിയിൽ പാട്ടിന്‍റെ പൊരുളും പതിരും തേടുകയായിരുന്നു സദസ്സ്. ഗാനരചനയിൽ മുഖവര വേണ്ടാത്ത രണ്ടുപേരായിരുന്നു വേദിയിൽ. ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറും ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും.
മധുരമുള്ള പഴയ കാലത്തിന്‍റെ ഈരടികളെ ചേർത്തുപിടിച്ച് കെ. ജയകുമാറും പുതിയ കാലത്തിൻ്റെ കാഴ്ചകൾ ഓർമിപ്പിച്ച് ഹരിനാരായണനും സംസാരിച്ചപ്പോൾ വിയോജിപ്പുകളുടെ സ്വരം വ്യക്തം. അപ്പോഴും കാലത്തിനൊപ്പം പ്രണയവും കവിതയും പാട്ടും ഒഴുകും എന്ന് ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
'വിവരമില്ലാത്ത സംവിധായകരുടെ വിവരക്കേടിലേക്ക് താണു പോയതാണ് പുതിയ ഗാനരചയിതാക്കളുടെ ദുരന്തം. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചുവന്ന് മലയാളം എഴുതുന്ന ഗാനരചയിതാക്കളുണ്ട്. ആദ്യം വൃത്തം പോയി പിന്നെ പലതും പോയി. കവിതയും ഗാനവും ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരുപാട് വാക്കുകൾ ഞാൻ പഠിച്ചത് പാട്ടിലൂടെയാണ്. പ്രളയ പയോധിയിൽ ഉറങ്ങി ഉണർന്നൊരു എന്നത് ഉജ്ജ്വലമായ രചനയാണ്. പക്ഷേ ഇനിയൊരു ജന്മം കൂടി എന്ന് വയലാർ എഴുതിയപ്പോൾ അന്നേ അദ്ദേഹത്തിന്റെ തോന്നിക്കാണണം ഈ പോക്ക് ശരിയല്ലെന്ന്. ഇന്ദുഗോപം എന്ന വാക്ക് ആദ്യം കേട്ടത് പാട്ടിലാണ്. അർഥം മിന്നാമിനുങ്ങ് എന്നാണ്', ജയകുമാർ പറഞ്ഞു.
ഇന്ദുഗോപവും മിന്നാമിനുങ്ങും ഇനി അതിനും അപ്പുറത്തുള്ളതും പാട്ടിൽ എഴുതാൻ കഴിയുന്ന കിണാശ്ശേരിയാണ് തന്റെ സ്വപ്നമെന്ന് ഹരിനാരായണൻ പറഞ്ഞു. 'വയലാറിനെയും ഭാസ്കരനെയും കോടമ്പാക്കം കവികൾ എന്ന് കളിയാക്കിയ കാലമുണ്ടായിരുന്നു. അക്കാലത്തും പ്രതിരോധം തീർത്താണ് എഴുത്ത് തുടർന്നത്. വിയർപ്പ് തുന്നിയിട്ട് കുപ്പായം എന്നതിൽ കവിതയുണ്ട്. ഞാൻ ഈണത്തിനാണ് 99 ശതമാനം പാട്ടുകളും എഴുതിയത്. വിഷ്വൽ തന്നെ ട്യൂൺ ചെയ്ത് എഴുതിയ അനുഭവവവുമുണ്ട്. എന്നാൽ, ഈയിടെ ഒരു പെൺകുട്ടിയുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു. കൊറിയൻ ഭാഷയിൽ പാട്ട് എഴുതുമോ എന്നായിരുന്നു ചോദ്യം. മലയാളം തന്നെ കഷ്ടപ്പെട്ടാണ് എഴുതുന്നത് എന്നായി ഞാൻ'ഹരിനാരായണൻ പറഞ്ഞു.
'ഓടിനടന്ന് പ്രണയിച്ച കാലങ്ങൾ മാറിയതുകൊണ്ട് പുതിയ രീതികൾ വരാം. പക്ഷേ റിയാലിറ്റി ഷോകളിൽ കുട്ടികൾ പാടുന്നത് പഴയ പാട്ടുകൾ തന്നെ. ഇന്ന് പ്രണയിക്കുന്നവർക്ക് പ്രണയഗാനങ്ങൾ വേണ്ടേ? പഴയവർ എഴുതിയത് മതിയോ?'ജയകുമാർ ചോദിച്ചു. കട്ടച്ചോര കൊണ്ട് ജ്യൂസ് അടിക്കും ഞാൻ എന്ന് മൂന്നു വയസ്സുള്ള ഒരു കുട്ടി പാടുന്നത് കേട്ടത് സദസ്സിലുള്ള ഒരാൾ ആശങ്കയോടെ പങ്കുവെച്ചു.
'ഇത്തരം ആശയം വേണമെന്ന് ചിന്തിക്കുന്നത് സംവിധായകനാണ്. വില്ലനെ പറ്റിയാണെങ്കിൽ അങ്ങനെയും എഴുതേണ്ടിവരും. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഒറ്റക്കുത്തിന് ഒരാളുടെ ജീവൻ എടുക്കാൻ പരിശീലനം കിട്ടിയ കാലത്താണ് നാം ജീവിക്കുന്നത്' തന്‍റെ നാട്ടിലെ ഒരു ദുരന്തത്തിന്റെ കഥ ഓർത്തെടുത്ത് ഹരിനാരായണൻ പറഞ്ഞു.
ലിജീഷ് കുമാറായിരുന്നു മോഡറേറ്റർ. കല്യാൺ ജുവലേഴ്സ് ചീഫ് മാനേജർ വിനിൽ പ്രശാന്ത് അതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു.
Content Highlights: From Poetic Verses to Contemporary Tunes: A Discussion on Malayalam Songwriting