കേരളം പിടിച്ചുനിൽക്കുന്നത് മണി മാനേജ്മെന്റ് കൊണ്ട്- എം.വി.ഗോവിന്ദൻ, വാചകക്കസർത്ത്-സണ്ണി ജോസഫ്

#ബിജു. സി.പി
എം.വി.ഗോവിന്ദൻ, കെ.സുരേന്ദ്രൻ, സണ്ണി ജോസഫ് എന്നിവർ സെഷന് ശേഷം. ഫോട്ടോ: ബി.മുരളീകൃഷ്ണൻ
എം.വി.ഗോവിന്ദൻ, കെ.സുരേന്ദ്രൻ, സണ്ണി ജോസഫ് എന്നിവർ സെഷന് ശേഷം. ഫോട്ടോ: ബി.മുരളീകൃഷ്ണൻ

തിരുവനന്തപുരം: 2026-ൽ ആരു വാഴും ആരു വീഴും എന്ന രാഷ്ട്രീയ ചർച്ച വാദപ്രതിവാദങ്ങളുടെ അലമാലകൾ തീർത്തു. മാതൃഭൂമി അക്ഷരോത്സവത്തിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കേരളത്തിലെ മൂന്നു മുന്നണികളുടെയും മുതിർന്ന നേതാക്കൾ ശക്തമായ രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെട്ടപ്പോൾ നിറഞ്ഞ കൈയടികളും ആർപ്പുവിളിയുമായി സദസ്സും ഒപ്പം ചേർന്നു. മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.ജെ.ജേക്കബ് ആയിരുന്നു മോഡറേറ്റർ.

ബജറ്റ് ചർച്ചകളിലാണ് സംവാദം തുടങ്ങിയത്. ശക്തമായ മണി മാനേജ്മെന്റ് ഉള്ളതു കൊണ്ടു മാത്രമാണ് കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും കേരളത്തിന് പിടിച്ചുനിൽക്കാനാവുന്നത് എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വിവിധ ഇനങ്ങളിലായി കേന്ദ്രം രണ്ടു ലക്ഷംകോടി രൂപയാണ് കേരളത്തിനു തരാതെ പിടിച്ചു വെച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ അവതരിപ്പിച്ചത് പകൽക്കിനാവിന്റെ ബജറ്റാണെന്ന് ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്രം കൊടുത്തതൊന്നും നടപ്പാക്കാത്ത സർക്കാരാണ് ഇവിടെയുള്ളതെന്നും പല മേഖലയിലും സാധ്യമായ പരമാവധി തുക കേന്ദ്രം കേരളത്തിനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും ഒന്നിനും എവിടെയും പണമില്ലാത്ത വെറും വാചകക്കസർത്തിന്റെ ബജറ്റാണിതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. അന്തിമവിധിയെഴുത്തിൽ ഈ സർക്കാരിനെ ജനം തൂത്തെറിയുമെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് മൂന്നു നേതാക്കളും ഇഴകീറി വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമിയും യു.ഡി.എഫുമായുള്ള ബന്ധത്തെക്കുറിച്ച് എം.വി.ഗോവിന്ദനും സി.പി.എമ്മിന്റെ പഴയകാല സഖ്യങ്ങളെക്കുറിച്ച് സണ്ണി ജോസഫും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. ഒരു കൂട്ടർ ജമാ അത്തിനെയും ഒരു കൂട്ടർ പി.ഡി.പി.യെയും ഒപ്പം നിർത്തിയാണ് മതേതരത്വത്തെക്കുറിച്ചു പറയുന്നത് എന്ന് കെ.സുരേന്ദ്രൻ പരിഹസിച്ചു.

വയനാട് ദുരന്തത്തിൽപെട്ടവർക്കു വീടു വെച്ചു കൊടുക്കുന്നതിനെക്കുറിച്ചും പാർട്ടികളുടെ ഫണ്ട് പിരിവിനെക്കുറിച്ചുമുള്ള ചർച്ചകൾ രൂക്ഷമായ വാഗ്വാദമായി. ശബരിമലയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് എത്തിയപ്പോൾ സംവാദം പിന്നെയും ചൂടുപിടിച്ചു. ശബരിമല സ്വർണക്കേസിൽ ജയിലിലായ നേതാക്കൾക്കെതിരേ ഒരു നടപടിയുമെടുക്കാത്ത പാർട്ടിയാണ് സി.പി.എം. എന്ന് കെ.പി.സി.സി. പ്രസിഡന്റ് കുറ്റപ്പെടുത്തി. അന്വേഷണസമിതി കുറ്റപത്രം സമർപ്പിക്കുമ്പോൾ പത്മകുമാർ ഉൾപ്പെടെ പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും കുറ്റക്കാരാണെന്ന കണ്ടെത്തൽ ഉണ്ടായാൽ തൊട്ടടുത്ത നിമിഷം പാർട്ടി ശക്തമായ നടപടിയെടുക്കുമെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി. തങ്ങൾക്ക് ഒരു തന്ത്രിയുമായും ബന്ധമില്ലെന്നും സ്വർണം കട്ടവരും സ്വർണം വിറ്റവരുമായ എൽ.ഡി.എഫുകാരും യു.ഡി.എഫുകാരും ഒരുമിച്ചാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ചർച്ച എന്നതിനപ്പുറം രൂക്ഷമായ വാഗ്വാദങ്ങളായപ്പോൾ സദസ്സും അതിൽ ലയിച്ചു. സമയം തീർന്നതോടെ പറയാൻ ഇനിയും ബാക്കിയുള്ള കാര്യങ്ങൾ ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കാനുള്ള കാലമാണ് വരുന്നത് എന്ന സമന്വയത്തിൽ നേതാക്കൾ സൗഹൃദം പങ്കിട്ട് പിരിയുകയായിരുന്നു.

Content Highlights: Top leaders from Kerala`s three fronts debate 2026 election prospects, budget, and political strategies at Mathrubhumi Aksharolsavam. Insights and predictions.