‘സ്വന്തം രാജ്യത്ത് അഭിയാർഥികളായിമാറിയവർ’, സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച് കശ്മീരി പണ്ഡിറ്റുകൾ

തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയായ ദി സ്‌പേസില്‍ ഹോണ്ടഡ് ബൈ ദ പാസ്റ്റ് ,എക്‌സില്‍ഡ് ഫ്രം ദ പ്രസന്റ് എന്ന വിഷയത്തില്‍ രാഹുല്‍ പണ്ഡിത സംസാരിക്കുന്നു, കെ.എം.സീതി സമീപം.
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയായ ദി സ്‌പേസില്‍ ഹോണ്ടഡ് ബൈ ദ പാസ്റ്റ് ,എക്‌സില്‍ഡ് ഫ്രം ദ പ്രസന്റ് എന്ന വിഷയത്തില്‍ രാഹുല്‍ പണ്ഡിത സംസാരിക്കുന്നു, കെ.എം.സീതി സമീപം.

തിരുവനന്തപുരം: 1990-കളിൽ ഇസ്ലാമിസ്റ്റ് തീവ്രവാദത്തെത്തുടർന്ന് കാശ്മീരി പണ്ഡിറ്റുകൾക്ക് കാശ്മീർതാഴ്‌വരയിൽനിന്ന് നിർബന്ധിതമായി പലായനം ചെയ്യേണ്ടിവന്നതിനെക്കുറിച്ചാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായി രാഹുൽ പണ്ഡിത മാതൃഭൂമി അക്ഷരോത്സവത്തിൽ വിവരിച്ചത്. ഹോണ്ടഡ് ബൈ ദ പാസ്റ്റ്, എക്സൈൽഡ് ഫ്രം ദ പ്രെസന്റ് എന്ന വിഷയത്തിൽ ഡോ. കെ.എം.സീതിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യംവെച്ച് കൊലപാതകങ്ങളുണ്ടായി. ബലാത്സംഗങ്ങൾനടന്നു. അയൽക്കാരിൽനിന്ന് വഞ്ചനയേൽക്കേണ്ടിവന്നു. ഇന്ത്യൻ ഭരണകൂടത്തിന്റെയും ബുദ്ധിജീവികളുടെയും അവഗണന അവർക്ക് അനുഭവിച്ചറിയേണ്ടിവന്നു. സ്വരാജ്യത്ത് അവർ അഭയാർഥികളായി. ഈ അവസ്ഥയാണ് രാഹുൽ പണ്ഡിത ചിത്രീകരിക്കുന്നത്. 'അവർ ഫ്രണ്ട്സ് ഇൻ ഗുഡ് ഹൗസസ്' എന്ന ആദ്യ നോവലിലും ഇതേ വ്യഥകളാണ് അദ്ദേഹം പങ്കുവെക്കുന്നത്.

അവരുടെ ദുരിതങ്ങൾ അംഗീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അക്ഷരോത്സവത്തിലെ സംഭാഷണത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പ്രതീകാത്മകമായി പ്രാധാന്യമുള്ളതാണെങ്കിലും, കാശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനുള്ള സാഹചര്യങ്ങളിൽ അത് കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് രാഹുൽ പണ്ഡിതയുടെ അഭിപ്രായം.

സുരക്ഷാഭീഷണികൾ നിലനിൽക്കുന്നുണ്ട്. ട്രാൻസിറ്റ് ക്യാമ്പുകൾക്കും ജോലി വാഗ്ദാനങ്ങൾക്കുമപ്പുറം കാര്യമായ പുനരധിവാസശ്രമങ്ങളില്ല. അതുകൊണ്ടൊക്കെയാകാം വർഷങ്ങൾ കഴിഞ്ഞിട്ടും വലിയ തോതിലുള്ള തിരിച്ചുവരവില്ല. യഥാർഥമാറ്റത്തിന് നിയമപരമായ മാറ്റങ്ങൾ മാത്രം പോരാ എന്നാണ് ആദ്ദേഹത്തിന്റെ അഭിപ്രായം. പ്രാദേശിക ജനതയുടെ ഭാഗത്തുനിന്നുള്ള സഹാനുഭൂതിവേണം. അതിനൊപ്പം ഭീകരതയ്ക്കെതിരേ സർക്കാർ ശക്തമായ നടപടികളും സ്വീകരിക്കണമെന്ന് രാഹുൽ പണ്ഡിത പറഞ്ഞു.

1990-കളിൽ നടന്ന ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾക്കും വംശീയഉന്മൂലനത്തിനും പിന്നാലെ കാശ്മീരി പണ്ഡിറ്റുകൾക്ക് നേരിടേണ്ടി വന്ന ക്രൂരമായ പലായനവും അവരുടെ ദുരവസ്ഥയും മുഖ്യധാര മാധ്യമങ്ങളും അക്കാദമിക് വിദഗ്ധരും വലിയതോതിൽ അവഗണിച്ചിട്ടുണ്ടെന്ന് പണ്ഡിതയുമായി സംസാരിച്ച ഡോ. കെ.എം. സീതി അഭിപ്രായപ്പെട്ടു. സുരക്ഷിതമായ പുനരധിവാസം, വസ്തുവകകൾ തിരിച്ചുനൽകൽ, സാംസ്‌കാരിക പുനരുജ്ജീവനം എന്നിവയോടെ തങ്ങളുടെ പൈതൃകഭൂമിയിലേക്ക് മടങ്ങാൻ അവർക്ക് അലംഘനീയമായ അവകാശമുണ്ട്. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളിൽ ഈ അവകാശങ്ങൾ ഉൾച്ചേർന്നിട്ടുണ്ടെങ്കിലും അവ ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Journalist Rahul Pandita discusses the forced exodus of Kashmiri Pandits in the 90s and the ongoing struggle for their return and rehabilitation.