ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചിട്ടില്ല-കെ.ആർ. മീര

തിരുവനന്തപുരം: സ്ത്രീകളുടെയും ക്വിയർ വ്യക്തികളുടെയും പൗരാവകാശങ്ങൾ സ്ഥാപിച്ചുകിട്ടാതെ ജനാധിപത്യം പൂർണമാകുകയില്ലെന്ന് എഴുത്തുകാരി കെ.ആർ.മീര. ഏഴാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ അഭിപ്രായസ്വാതന്ത്ര്യമില്ലാതെ കലയും സാഹിത്യവും സിനിമയും സംഗീതവും നിലനിൽക്കുകയില്ല. കലാപ്രവർത്തകരും എഴുത്തുകാരും അടിസ്ഥാനപരമായി പൗരജനങ്ങളാണ്. രാഷ്ട്രീയത്തിൽ അവർ ഇടപെട്ടേ തീരൂ. അല്ലെങ്കിൽ രാഷ്ട്രീയം കലയിൽ ഇടപെടും. അതായത്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചിട്ടില്ല. അതു തുടരുക തന്നെയാണ്-മീര പറഞ്ഞു.

കെ.ആർ.മീരയുടെ പ്രഭാഷണത്തിന്റെ പൂർണരൂപം:

ആദ്യ ക അക്ഷരോൽസവത്തിനു ശേഷം ആദ്യമായാണു ഞാൻ ക അക്ഷരോൽസവ വേദിയിൽ എത്തുന്നത്. പത്തു വർഷം മുമ്പു പങ്കെടുത്ത ആദ്യ ക അക്ഷരോൽസവത്തിന്റേതായി മായാത്ത ഒരു ഓർമയുണ്ട്. അന്ന് തിങ്ങി നിറഞ്ഞ സദസ്യർക്കിടയിൽ കസേര കിട്ടാതെ പന്തലിനു പുറത്ത് നിന്നവർക്കിടയിൽ മാതൃഭൂമിയുടെ അന്നത്തെ എംഡി ശ്രീ എം.പി. വീരേന്ദ്രകുമാർ നിൽക്കുന്ന ചിത്രം. അദ്ദേഹത്തിന് ആരോ ഒരു കസേര കൊണ്ടുവന്നു കൊടുത്തു. അവിടെ ഇരുന്ന് അദ്ദേഹം ആ സെഷൻ കേട്ടു. ഇന്നത്തെ എം.ഡി. ശ്രേയാംസ് കുമാർ പിതാവിനു കാവലാളായി നിൽപ്പുണ്ടായിരുന്നു എന്നാണ് ഓർമ. അദ്ദേഹത്തിന്റെ ആ ഇരിപ്പ് എനിക്കിപ്പോഴും കൺമുമ്പിൽകാണാം. വലിയ പുരസ്‌കാരങ്ങൾ നമ്മൾ വിസ്മരിച്ചേക്കാം. പക്ഷേ, കനിവിന്റെ സൂക്ഷ്മാനുഭവങ്ങൾ പോലും മനസ്സിൽ കൊത്തിവയ്ക്കപ്പെടും.

കനിവ്‌നെക്കുറിച്ചു പറയുമ്പോൾ ഓർമവരുന്നതു രണ്ടു പേരെയാണ്. ഒന്നാമതു ശ്രീനാരായണ ഗുരുവിനെത്തന്നെ. ഗുരു കനിവിന് പകരം ഉപയോഗിച്ചത് അനുകമ്പ എന്ന പദമാണ്. അംബദ്കർ കരുണ എന്നും.

[object Object]

അരുളൻപ് അനുകമ്പ മൂന്നിനും പൊരുളൊന്നാണ് എന്നാണു ഗുരുവിന്റെ പക്ഷം. അരുളിന് വാക്കെന്നും സ്‌നേഹമെന്നും കരുണയെന്നും ഈശ്വരനെന്നും അർത്ഥം പറയാം. അൻപിന് സന്തോഷം സ്‌നേഹം ദയ ഭക്തി വാത്സല്യം എന്നും അനുകമ്പയ്ക്ക് കരുണാരസം, കൃപ,ദയ എന്നും പരദുഖത്താൽ മനസ്സിന്റെ ഇളക്കമെന്നും അർത്ഥം പറയാം. ഈശ്വരൻ സ്‌നേഹവും കരുണയുമാണ്, സന്തോഷവും കൃപയുമാണ്, വാക്കും വാൽസല്യവുമാണ് എന്നു വ്യാഖ്യാനിക്കാം.

രണ്ടാമത് ഓർമ വരുന്നതു തീർച്ചയായും ഗാന്ധിജിയെത്തന്നെ. ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ കനിവ് അഥവാ അനുകമ്പ നമ്മുടെ ശരീരത്തിലെ പേശി പോലെയാണ്. അതു പ്രവർത്തിപ്പിക്കുന്തോറുമാണ് ദൃഢമാകുക. കാരുണ്യം വിവേകത്തിന്റെ മറ്റൊരു രൂപമാണ് എന്നർത്ഥം. അതു താനേ വരില്ല, പ്രയത്‌നിക്കണം. അതു പരിശീലിക്കേണ്ടതു വിദ്യാലയത്തിലോ പൊതുനിരത്തിലോ അല്ല. അവരവരിലാണ്. അതു പ്രയോഗിച്ചു തുടങ്ങേണ്ടതു സ്വന്തം ജീവിതത്തിലാണ്.

ഗാന്ധിജിയെ കുറിച്ചു പറയുമ്പോൾ മാതൃഭൂമിയെ കുറിച്ചു പറയാതിരിക്കാൻ കഴിയില്ല. മാതൃഭൂമിയെ കുറിച്ചു പറയുമ്പോൾ ഗാന്ധിജിയെക്കുറിച്ചും പറയാതിരിക്കാനാവില്ല.

മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചത് 1923 മാർച്ച് പതിനെട്ടിനു ഗാന്ധിജിയുടെ ജയിൽവാസത്തിന്റെ ഒന്നാം വാർഷികദിനത്തിലാണ്. എന്തിനാണ് അന്ന് അദ്ദേഹത്തെ ബ്രിട്ടീഷുകാർ ജയിലിൽ അടച്ചത് എന്നതും ഓർമിക്കാതിരിക്കാനാവില്ല. രാജ്യദ്രോഹകരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിനാണ് അദ്ദേഹത്തെ അന്നു ജയിലിൽ അടച്ചത്. ആ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണു മാതൃഭൂമി പത്രം പിറന്നത്.അന്നത്തെ പത്രത്തിന്റെ ഏഴാം പേജ് ഗാന്ധിജി സ്‌പെഷൽ ആയിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്. ത്യാഗമെന്നതേ നേട്ടം താഴ്മ താൻ അഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ എന്ന വരികളുള്ള എന്റെ ഗുരുനാഥൻ എന്ന മഹാകവി വള്ളത്തോളിന്റെ പ്രസിദ്ധമായ കവിത പ്രസിദ്ധീകരിച്ചതും ആ പേജിലാണ്. ഗാന്ധിജിയോടു വ്യക്തിപരമായ അടുപ്പമുള്ളവരായിരുന്നു മാതൃഭൂമി പത്രത്തിന്റെ സ്ഥാപകർ. 1934 ജനുവരി 13-ന് ഗാന്ധിജി മാതൃഭൂമി പത്രം ഓഫിസിൽ എത്തി. അത് അദ്ദേഹത്തിന്റെ നാലാം കേരള സന്ദർശനമായിരുന്നു. കേരളത്തിൽ ഗാന്ധിജിയുടെ പാദമുദ്രകൾ പതിഞ്ഞ ഏക പത്രസ്ഥാപനം മാതൃഭൂമിയാണ്. മാതൃഭൂമിയുടെ ലെഗസി സമ്പത്തോ അധികാരമോ അല്ല, മറിച്ച് ഇന്ത്യയെന്ന വികാരമാണ്. അതിൽ ആളിക്കത്തുന്ന സമരവീര്യമാണ്.

1927 ഒക്ടോബറിൽ ഗാന്ധിജി മൂന്നാമതും കേരളം സന്ദർശിച്ചു. മൂന്നാം സന്ദർശനവേളയിലാണ് ഇന്നത്തെ അയ്യങ്കാളി ഹാൾ ആയ അന്നത്തെ വിജെടി ഹാളിൽ വലിയൊരു മഹിളാസമ്മേളനം നടത്തിയത്. ''എന്റെ സഹോദരിമാർക്ക് രാത്രി സമയങ്ങളിലും ആരെയും ഭയക്കാതെസ്വതന്ത്രമായി നടക്കാൻ കഴിയില്ലെങ്കിൽ സ്വാതന്ത്ര്യത്തിന് ഒരു കാലത്തും വിലയുണ്ടാകില്ല' എന്ന് അദ്ദേഹം അന്നു പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളിൽ കാണുന്നു.

1937ലായിരുന്നു അദ്ദേഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും സന്ദർശനം. അന്ന് അദ്ദേഹം അയ്യങ്കാളിയെ സന്ദർശിച്ചു. വെങ്ങാനൂരിലുള്ള വീട്ടിൽ വച്ച്. താൻ എന്തെങ്കിലും ചെയ്തു തരേണ്ടതുണ്ടോ എന്നു ഗാന്ധിജി ചോദിച്ചതും എന്റെ സമുദായത്തിന് ഒരു നൂറു ബിഎക്കാരെ തരണമെന്ന് അയ്യങ്കാളി ആവശ്യപ്പെട്ടതും ഓർമിക്കാതെ വയ്യ. സമുദായത്തിനു നൂറു ബിഎക്കാരെ കിട്ടി. പക്ഷേ, എത്ര വിദ്യാലയങ്ങൾ, കലാലയങ്ങൾ ഇന്നും സമുദായത്തിനുണ്ടായി?

1937-നു ശേഷം ഗാന്ധിജി കേരളം സന്ദർശിച്ചിട്ടില്ല. 1947 ഓഗസ്റ്റിൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽനിന്നു മോചിതമായി. 1948 ജനുവരി മുപ്പതിന് ഗാന്ധിജി, നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുത്വവർഗീയവാദിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 78 ാം വാർഷികമാണു നാളെ. ഓരോ രക്തസാക്ഷിദിനവും ജനാധിപത്യത്തെക്കുറിച്ചു ചർച്ച ചെയ്യാനുള്ള വേളയാണ്. ഹിംസ അഥവാ വയലൻസും ജനാധിപത്യവും ഒന്നിച്ചു വാഴുകയില്ലെന്നു ഗാന്ധിജി പഠിപ്പിക്കാൻ ശ്രമിച്ചു. ഹിംസാരഹിതമായ ജനാധിപത്യമാണു യഥാർത്ഥ ജനാധിപത്യം. അതിന്റെ മാർഗവും ലക്ഷ്യവും അരുളും അൻപും അനുകമ്പയുമാണ്. അരുൾ എന്നാൽ ഫ്രീഡം ഓഫ് സ്പീച്ച് അഥവാ സ്വതന്ത്രമായ ആശയപ്രകടനം എന്നും അൻപ് എന്നാൽ ഇക്വാലിറ്റി അഥവാ സമത്വഭാവനയെന്നും അനുകമ്പ എന്നാൽ ജസ്റ്റിസ് അഥവാ നീതിബോധമെന്നും നാം തിരിച്ചറിയണം. അദ്ഭുതകരമായ സംഗതി, ഈ മൂന്നു ഘടകങ്ങളാണ് ഉദാത്ത കലയുടെയും സാരം, സാക്ഷാത്ക്കാരം.

പറഞ്ഞു തുടങ്ങിയത് എം.പി. വീരേന്ദ്രകുമാർ എന്നെപ്പോലെ വളരെ ഇളയ തലമുറക്കാരിയോടു കാട്ടിയ കനിവിനെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ ഡാന്യൂബ് സാക്ഷി എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോൾ പുസ്തകത്തെക്കുറിച്ചു സംസാരിക്കാൻ എന്നെയാണു ക്ഷണിച്ചത്. ഇന്നലെ ഞാൻ ആ പുസ്തകം വീണ്ടും മറിച്ചു നോക്കി. ആദ്യം വായിച്ചപ്പോൾ പ്രായക്കുറവും ജ്ഞാനക്കുറവും മൂലം ശ്രദ്ധയിൽപ്പെടാതെ പോയ ചില വരികളുടെ ആഴം അപ്പോഴാണു ഞാൻ തിരിച്ചറിഞ്ഞത്.

'രക്തപങ്കിലമായ ഭൂതകാല ചരിത്രം തണുത്തുറഞ്ഞ് ഘനീഭൂതമായി വർത്തിക്കുകയില്ല. വിവിധ രാജ്യങ്ങളിൽ അവ പുനരവതരിച്ചുകൊണ്ടിരിക്കുയാണ്. ഈ സാഹചര്യത്തിൽ മുൻപുനടന്ന അതിഭീകരമായ അക്രമങ്ങളെയും പീഡനങ്ങളെയും നരഹത്യകളെയും കുറിച്ചൊക്കെ മനുഷ്യരെ ഓർമിപ്പിക്കാനുള്ള ചുമതല ചിന്തിക്കുന്ന ചിലരിൽ വന്നുചേരുന്നു. അത്തരത്തിലുള്ള നിരവധി ശ്രദ്ധേയമായ കൃതികൾ പല ലോകഭാഷകളിലും രചിക്കപ്പെട്ടിട്ടുണ്ട്. ഇനിയും അത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഈ നിലയ്ക്കുള്ള ഓർമപ്പെടുത്തലുകൾ ഗുണാത്മകമായ പങ്കുവഹിച്ചേക്കാം. അതൊരു പ്രതീക്ഷയാണ്. അത്തരം പ്രതീക്ഷകളിലാണല്ലോ മാനവരാശിയുടെ അതിജീവനം.''

അദ്ദേഹം ഭയന്നതുപോലെ ദുരന്തങ്ങൾ ആവർത്തിക്കുന്നു. ഹിംസ മാർഗവും ലക്ഷ്യവുമായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ലോകക്രമം മേൽക്കൈ നേടുന്നു. ഹിംസ കലയിലും സമൂഹത്തിലും വീട്ടിലും സാധൂകരിക്കപ്പെടുന്നു. അഹിംസ എന്ന ആശയം റദ്ദാക്കപ്പെടുന്നു. ഹിംസയുടെ ആദ്യ ഇരകൾ സ്ത്രീകളും കുട്ടികളും ക്വിയർ വ്യക്തികൾ ഉൾപ്പെടെ എല്ലാവിധ ന്യൂനപക്ഷങ്ങളും ആണ്. പിന്നീടു ദളിതരും ന്യൂനപക്ഷങ്ങളും. ഞാൻ സ്ത്രീവിരുദ്ധതയെക്കുറിച്ച് ആശങ്കപ്പെടുന്നു. വെട്ടുക്കിളിക്കൂട്ടം ക്ഷാമത്തിന്റെ ലക്ഷണമാണ് എന്നു പറയാറുണ്ട്. സ്ത്രീവിരുദ്ധരായ വെട്ടുക്കിളിക്കൂട്ടവും ലക്ഷണമാണ്. അതൊരു ദുർനിമിത്തമാണ്. ജനാധിപത്യത്തിന്റെ നാശത്തെയാണ് അതു പ്രവചിക്കുന്നത്.

ആൺമേൽക്കോയ്മയുടെ പ്രകടനമാണു സ്ത്രീവിരുദ്ധത. അതിന്റെ തുടർച്ചയാണ് ക്വിയർ വ്യക്തികളോടുള്ള അസഹിഷ്ണുത. അതിന്റെ വികാസമാണ് ജാതീയത. അതിന്റെ കൊടിയരൂപമാണ് വർഗീയത. അതിന്റെ പാരമ്യമാണു സ്വേച്ഛാധിപത്യം.

അതിനാൽത്തന്നെ സ്ത്രീകളുടെയും ക്വിയർ വ്യക്തികളുടെയും പൗരാവകാശങ്ങൾ സ്ഥാപിച്ചുകിട്ടാതെ ജനാധിപത്യം പൂർണമാകുകയില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ അഭിപ്രായസ്വാതന്ത്ര്യമില്ലാതെ കലയും സാഹിത്യവും സിനിമയും സംഗീതവും നിലനിൽക്കുകയില്ല. കലാപ്രവർത്തകരും എഴുത്തുകാരും അടിസ്ഥാനപരമായി പൗരജനങ്ങളാണ്. രാഷ്ട്രീയത്തിൽ അവർ ഇടപെട്ടേ തീരൂ. അല്ലെങ്കിൽ രാഷ്ട്രീയം കലയിൽ ഇടപെടും. അതായത്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചിട്ടില്ല. അതു തുടരുക തന്നെയാണ്. മാതൃഭൂമിക്ക് അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ അവകാശമില്ല. മാനവരാശിയുടെ അതിജീവനത്തിന്, 'ക' അക്ഷരോത്സവത്തിലൂടെ അരുളിന്റെയും അൻപിന്റെയും അനുകമ്പയുടെയും പുതിയൊരു സമരമുഖം തുറക്കേണ്ടതുണ്ട്.-അക്ഷരോൽസവത്തിന്റെ ചരിത്രപരമായ ദൌത്യം അതാണെന്നു ഞാൻ വിശ്വസിക്കുന്നു.

Content Highlights: Author K.R. Meera speaks at the Mathrubhumi International Festival of Letters, asserting that India`s freedom struggle is ongoing and crucial for democracy.